Kerala

കൊവിഡ് 19: ആളുകളെ പരിഭ്രാന്തരാക്കരുത്; തിരുവനന്തപുരം കലക്ടറെ ശാസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങളില്ല. വീട്ടില്‍നിന്ന് ആരും പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല.

കൊവിഡ് 19: ആളുകളെ പരിഭ്രാന്തരാക്കരുത്; തിരുവനന്തപുരം കലക്ടറെ ശാസിച്ച് മുഖ്യമന്ത്രി
X

തിരുവനന്തപുരം: മൂന്നുപേര്‍ക്ക് കൊവിഡ് 19 ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ആളുകള്‍ പുറത്തിറങ്ങരുതെന്ന തരത്തില്‍ പ്രസ്താവന നടത്തിയ ജില്ലാ കലക്ടറെ ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആളുകളില്‍ ഭീതിയുണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവന പാടില്ലെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന അവലോകനയോഗത്തില്‍ കലക്ടറോട് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങളില്ല. അത് കലക്ടര്‍ തെറ്റിദ്ധരിച്ച് പറഞ്ഞതാണ്.

വീട്ടില്‍നിന്ന് ആരും പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. അത് കൂടുതല്‍ ആശങ്കയുണ്ടാക്കുക മാത്രമേ ചെയ്യൂ. ഇത്തരം പരിഭ്രാന്തിയുണ്ടാക്കുന്ന പ്രസ്താവനകള്‍ പാടില്ല. സര്‍വകലാശാലാ പരീക്ഷകള്‍ തല്‍ക്കാലം മാറ്റിവയ്ക്കുന്നില്ല. തിരുവനന്തപുരത്ത് മാളുകളോ ബീച്ചുകളോ നിര്‍ബന്ധപൂര്‍വം അടപ്പിക്കില്ല. മാളുകള്‍ അടയ്ക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. ബീച്ചുകളില്‍ ആളുകളെ കൂട്ടത്തോടെ ഒഴിപ്പിക്കുന്ന സാഹചര്യം നിലവിലില്ല. ഇതൊക്കെ കൂടുതല്‍ ആളുകളെ പരിഭ്രാന്തിയിലാക്കുകയേ ഉള്ളൂ.

പക്ഷേ, ആളുകള്‍ കൂട്ടത്തോടെയുഉള്ള സന്ദര്‍ശനം ഒഴിവാക്കുന്നതുതന്നെയാണ് നല്ലതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യമന്ത്രിയും ഇക്കാര്യത്തില്‍ കളക്ടര്‍ക്കെതിരെ മുഖ്യമന്ത്രിയോട് പരാതി പറഞ്ഞിരുന്നതായും റിപോര്‍ട്ടുണ്ട്. കടുത്ത നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് തലസ്ഥാനനഗരത്തില്‍ പരിഭ്രാന്തി പ്രകടമായിരുന്നു. കിഴക്കേകോട്ട, സെക്രട്ടേറിയറ്റ്, സ്റ്റാച്യൂ, തമ്പാനൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് എന്നിവിടങ്ങളിലൊക്കെ ഇന്ന് ആളൊഴിഞ്ഞുകിടന്നു. ഈ സാഹചര്യത്തിലാണ് കലക്ടറുടെ പ്രസ്താവന പരിഭ്രാന്തിയുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞത്.

Next Story

RELATED STORIES

Share it