Latest News

ട്രാഫിക് പിഴയില്‍ 50% ഇളവ്; പഴയ ഇ-ചലാന്‍ കേസുകള്‍ തീര്‍പ്പാക്കാന്‍ സര്‍ക്കാരിന്റെ ആംനസ്റ്റി സ്‌കീം

ട്രാഫിക് പിഴയില്‍ 50% ഇളവ്; പഴയ ഇ-ചലാന്‍ കേസുകള്‍ തീര്‍പ്പാക്കാന്‍ സര്‍ക്കാരിന്റെ ആംനസ്റ്റി സ്‌കീം
X

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴത്തുകയില്‍ 50 ശതമാനം ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 2024 ഡിസംബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ ട്രാഫിക് ഇ-ചലാന്‍ കേസുകള്‍ക്കും ഈ ആനുകൂല്യം ബാധകമാകും.

പല വാഹനങ്ങള്‍ക്കും ഒന്നിലധികം പിഴകള്‍ ഒരേസമയം നിലനില്‍ക്കുകയും അതുവഴി ഉയര്‍ന്ന തുക അടയ്‌ക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യം കാരണം വാഹന ഉടമകള്‍ പിഴ അടയ്ക്കാന്‍ മടിക്കുന്നതായി സര്‍ക്കാര്‍ വിലയിരുത്തി. ഇതോടെ കേസുകള്‍ വര്‍ഷങ്ങളായി തീര്‍പ്പാകാതെ തുടരുന്ന സാഹചര്യവും ഉണ്ടായി. ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി ഗതാഗത കമ്മീഷണര്‍ നല്‍കിയ ശുപാര്‍ശ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. പിഴത്തുകയുടെ പകുതി അടച്ച് കേസുകള്‍ തീര്‍പ്പാക്കാനുള്ള അവസരം നല്‍കുന്നതിലൂടെ കോടതികളില്‍ കെട്ടിക്കിടക്കുന്ന ട്രാഫിക് കേസുകളുടെ എണ്ണം കുറയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

ആംനസ്റ്റി ആനുകൂല്യം ലഭിക്കാന്‍ 2026 ഏപ്രില്‍ 30നകം പിഴത്തുകയുടെ 50 ശതമാനം അടയ്ക്കണം. നിശ്ചിത സമയപരിധിക്കുള്ളില്‍ തുക അടയ്ക്കുന്നവര്‍ക്ക് മാത്രമേ ഇളവ് ലഭിക്കൂ. ഇത് വഴി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ട്രാഫിക് ഇ-ചലാന്‍ കേസുകള്‍ക്ക് വലിയ തോതില്‍ തീര്‍പ്പാകാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

Next Story

RELATED STORIES

Share it