Kerala

ലോക്ക് ഡൗൺ പ്രഖ്യാപിച്ച മുതൽ അന്നമെത്തിക്കാന്‍ വിശ്രമമില്ലാതെ ഒരുകൂട്ടർ

8800ലധികം ജീവനക്കാരാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച അന്ന് മുതല്‍ വിശ്രമമില്ലാതെ പണിയെടുക്കുന്നത്.

ലോക്ക് ഡൗൺ പ്രഖ്യാപിച്ച മുതൽ അന്നമെത്തിക്കാന്‍ വിശ്രമമില്ലാതെ ഒരുകൂട്ടർ
X

തിരുവനന്തപുരം: കൊവിഡ് കാലത്ത് ജനങ്ങള്‍ക്ക് അന്നമെത്തിക്കാന്‍ വിശ്രമമില്ലാതെ അധ്വാനിച്ച് സംസ്ഥാനത്തെ പൊതുവിതരണ, ഭക്ഷ്യ, സിവില്‍ സപ്ലൈസ് ജീവനക്കാര്‍. 8800ലധികം ജീവനക്കാരാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച അന്ന് മുതല്‍ വിശ്രമമില്ലാതെ പണിയെടുക്കുന്നത്. സംസ്ഥാനത്തു സിവില്‍ സപ്ലൈസില്‍ 3800 സ്ഥിര ജീവനക്കാരും 5000 താല്‍ക്കാലിക ജീവനക്കാരുമാണുള്ളത്. ഇതില്‍ എംഡി മുതല്‍ പ്യൂണ്‍ വരെയുള്ളവര്‍ ഉള്‍പ്പെടും. ഇവരെ കൂടാതെ ഭക്ഷ്യ-പൊതുവിതരണ വകുപ്പിലെ ജീവനക്കാര്‍ക്കും റേഷന്‍കട ഉടമകളും അധ്വാനത്തിലാണ്.

സംസ്ഥാനത്ത് സിവില്‍ സപ്ലൈസിന് 1500 വില്‍പ്പനശാലകളും 56 ഡിപ്പോകളുമാണുള്ളത്. ഇവയോടു ചേര്‍ന്ന് ആയിരത്തോളം പാക്കിങ് യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നു. പെസഹാവ്യാഴം, ദുഃഖവെള്ളി, ഈസ്റ്റര്‍, വിഷു തുടങ്ങിയ പൊതു അവധി ദിവസങ്ങളിലും എല്ലാ ഞായറാഴ്ചകളിലും മുഴുവന്‍ ജീവനക്കാരും രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ ജോലിയിലായിരുന്നു. സംസ്ഥാനത്തെ 67 ലക്ഷം കാര്‍ഡ് ഉടമകള്‍ക്കും കാര്‍ഡ് ഇല്ലാത്തവര്‍ക്കും അരി ഉള്‍പ്പെടെ എത്തിക്കാനായത് ഇവരുടെ പ്രവര്‍ത്തനംകൊണ്ടാണ്. ഇതിനു പുറമേയാണ് 87 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് കോവിഡ് അതിജീവന കിറ്റുകള്‍ വിതരണം ചെയ്തുവരുന്നത്. 37 ലക്ഷം കിറ്റുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. ബാക്കി 50 ലക്ഷം കിറ്റുകള്‍ പാക്കിങ് സെന്ററുകളില്‍ തയാറായി വരുന്നു. 11 മുതല്‍ എല്ലാവര്‍ക്കും കിറ്റുകള്‍ വിതരണം ചെയ്യാനാണു പദ്ധതി.

ഓരോ കിറ്റിലും 17 നിത്യോപയോഗ സാധനങ്ങളാണുള്ളത്. സംസ്ഥാനത്തെ വില്‍പ്പനശാലകളോടു ചേര്‍ന്ന് അധികമായി ഓരോ പാക്കിങ് സെന്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ 87 ലക്ഷം കാര്‍ഡുകള്‍ക്കായി 870 ലക്ഷം പായ്ക്കറ്റുകളാണു തയാറാകേണ്ടത്. ഏപ്രില്‍ ഒന്നിന് ആരംഭിച്ച് ഈ പ്രക്രിയ വഴി എ.എ.വൈ, പി.എച്ച്.എച്ച് വിഭാഗങ്ങള്‍ക്കായി 370 ലക്ഷം പാക്കറ്റുകള്‍ ഏപ്രിലില്‍ മാത്രം തയാറായി.ഏപ്രിലില്‍ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും റേഷന്‍കടകള്‍ വഴി സൗജന്യ അരിവിതരണം നടത്തി. ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലേക്കുള്ള സംസ്ഥാന വിഹിതവും കേന്ദ്ര വിഹിതവും ഈ കാലയളവില്‍ എഫ്.സി.ഐയില്‍നിന്നു വിവിധ എന്‍.എഫ്.എസ്.എ ഡിപ്പോകളിലും അവിടെനിന്ന് കടകളിലേക്കുമെത്തിച്ചു. കേന്ദ്ര വിഹിതമായ ഒരു കിലോ കടല-പയര്‍ വിതരണവും ആരംഭിച്ചു കഴിഞ്ഞു. അതേസമയം, പോലിസിൻ്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും അധ്വാനം കാണുന്ന സര്‍ക്കാര്‍ ഇവരുടെ പ്രവര്‍ത്തനം കണ്ടില്ലെന്ന് നടിക്കുകയാണെന്ന ആരോപണമുണ്ട്.

Next Story

RELATED STORIES

Share it