Kerala

കൊവിഡ്: അബ്ദുൽ അസീസിന്റെ മൃതദേഹം ഖബറടക്കി

ആരോഗ്യ പ്രവർത്തകരുടേയും സന്നദ്ധ പ്രവർത്തകരുടേയും നേതൃത്വത്തിലാണ് മൃതദേഹം എത്തിച്ചത്. പോത്തൻകോട് കല്ലൂർ ജുമാ മസ്ജിദിന് സമീപമെത്തിച്ച മൃതദേഹം മതിലിന് മുകളിലൂടെ ഖബർസ്ഥാനിലേക്ക് എത്തിക്കുകയായിരുന്നു.

കൊവിഡ്: അബ്ദുൽ അസീസിന്റെ മൃതദേഹം ഖബറടക്കി
X

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ച പോത്തൻകോട് സ്വദേശി അബ്ദുൽ അസീസിന്റെ മൃതദേഹം ഖബറടക്കി. ആരോഗ്യവകുപ്പിന്റെ നിശ്ചയിച്ച പ്രോട്ടോക്കോൾ പൂർണമായും പാലിച്ചാണ് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ കല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തിയത്‌.

ഉച്ചയോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ നിന്നും മൃതദേഹം പോത്തൻകോട് കൊണ്ടുവന്നത്. ആരോഗ്യ പ്രവർത്തകരുടേയും സന്നദ്ധ പ്രവർത്തകരുടേയും നേതൃത്വത്തിലാണ് മൃതദേഹം എത്തിച്ചത്. പോത്തൻകോട് കല്ലൂർ ജുമാ മസ്ജിദിന് സമീപമെത്തിച്ച മൃതദേഹം മതിലിന് മുകളിലൂടെ ഖബർസ്ഥാനിലേക്ക് എത്തിക്കുകയായിരുന്നു. കല്ലൂർ ജുമാ മസ്ജിദ് ഇമാം സമീർ മൗലവിയുടെ നേതൃത്വത്തിൽ ഖബർസ്ഥാനോട് ചേർന്ന് ആരോഗ്യ പ്രവർത്തകരുടേയും സന്നദ്ധ പ്രവർത്തകരുടേയും സാന്നിധ്യത്തിൽ മയ്യത്ത് നമസ്ക്കാരം നടത്തി. തുടർന്ന് 10 അടി താഴ്ചയിലുള്ള ഖബറിനുള്ളിൽ മൃതദേഹം മറവ് ചെയ്തു.

കടുത്ത നിയന്ത്രണത്തിലാണ് സംസ്കാര ചടങ്ങ് നടത്തിയത്. പ്രദേശത്തു നിന്നുള്ള എസ്ഡിപിഐ, പോപുലർ ഫ്രണ്ട്, ഐആർഡബ്ല്യു വാളണ്ടിയേഴ്സാണ് സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. അസീസിന്റെ സഹോദരി പുത്രനും പങ്കെടുത്തു. മറ്റ് ബന്ധുക്കളെല്ലാം ഐസലേഷനിലാണ്. ഇവരെ കൂടാതെ തഹസിൽദാർ ഉൾപ്പടെയുള്ള റവന്യു ഉദ്യോഗസ്ഥരും പള്ളി കമ്മിറ്റി ഭാരവാഹികളും മാത്രമാണ് സംബന്ധിച്ചത്.

അതേസമയം, മരണമടഞ്ഞ അസീസിന്റെ ഭാര്യ, ഒരു മകൾ, മകളുടെ രണ്ട് മക്കൾ എന്നിവരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് കണ്ടെത്തി.

Next Story

RELATED STORIES

Share it