Kerala

തിരുവനന്തപുരം കോർപറേഷകൻ്റെ അവകാശവാദം പൊളിയുന്നു; നിരീക്ഷണത്തിലുള്ളവർക്ക് ഭക്ഷണവും കുടിവെള്ളവും ലഭിക്കുന്നില്ലെന്ന് പരാതി

പൂന്തുറ, പുത്തൻപള്ളി, മാണിക്യ വിളാകം, ബീമാപ്പള്ളി ഈസ്റ്റ് പ്രദേശങ്ങളിൽ കൊവിഡ് പടർന്നു പിടിച്ചതോടെ മുന്നൊരുക്കങ്ങളില്ലാതെ നടപ്പാക്കിയ ലോക്ക് ഡൗണിൽ എല്ലാം തകിടം മറിഞ്ഞു. നഗരത്തിൽ ഒറ്റപ്പെട്ടവർ മിക്ക ദിവസവും പട്ടിണിയാണ്.

X

തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് തിരുവനന്തപുരം നഗരത്തിൽ കുടുങ്ങിയവർക്കും ക്വാറൻ്റൈനിൽ കഴിയുന്നവർക്കും ഭക്ഷണമെത്തിക്കുന്നുവെന്ന നഗരസഭയുടെ അവകാശവാദം പൊളിയുന്നു. ഭക്ഷണവും കുടിവെള്ളവും ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പലരും രംഗത്തെത്തി. സൂപ്പർ സ്പ്രെഡ് ഉണ്ടായ പൂന്തുറ മേഖലയിൽ നിന്നും വട്ടപ്പാറയിലെ ക്വാറൻ്റൈൻ കേന്ദ്രത്തിൽ കഴിയുന്നവരും കടുത്ത ദുരിതത്തിലാണ്. ഇവിടെ സ്ത്രീകൾക്കും കുട്ടികൾക്കും മതിയായ സൗകര്യങ്ങളില്ലെന്നും കുടിവെള്ളം പോലും ലഭിക്കുന്നില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.

അതേസമയം ഭക്ഷണവിതരണം കൃത്യമായി നടക്കുന്നുവെന്നാണ് മേയറുടെ വിശദീകരണം. ആദ്യഘട്ട ലോക്ക് ഡൗണിൽ ജനകീയ ഹോട്ടലുകൾ വഴിയും സാമൂഹിക അടുക്കളകൾ വഴിയും ഭക്ഷണ വിതരണം കാര്യക്ഷമമായി നടന്നിരുന്നു. അതേസമയം പൂന്തുറ, മാണിക്യവിളാകം, ബീമാപ്പള്ളി ഈസ്റ്റ്, പുത്തൻപള്ളി പ്രദേശങ്ങളിൽ കൊവിഡ് പടർന്നു പിടിച്ചതോടെ മുന്നൊരുക്കങ്ങളില്ലാതെ നടപ്പാക്കിയ ലോക്ക് ഡൗണിൽ എല്ലാം തകിടം മറിഞ്ഞു. നഗരത്തിൽ ഒറ്റപ്പെട്ടവർ മിക്ക ദിവസവും പട്ടിണിയാണ്. കോർപ്പറേഷന്‍റെ ശ്രീകണ്ഠേശ്വരം ഹെൽത്ത് സർക്കിൾ പരിധിയിൽ തയ്യാറാക്കി തെരുവിൽ കഴിയുന്നവർക്ക് വിതരണം ചെയ്യുന്നത് ഒരു ദിവസം 100 ഭക്ഷണപ്പൊതികൾ മാത്രം. ആവശ്യക്കാർ എറെയായതിനാൽ ഇത് തികയാറില്ല.

ജനകീയ ഹോട്ടലുകളിൽ എസ്എംവി സ്കൂളിന് സമീപത്തേതു മാത്രമാണ് ഇപ്പോൾ സജീവമായുള്ളത്. തയ്യാറാക്കുന്നത് 1200 ൽ താഴെ ഭക്ഷണപ്പൊതികൾ മാത്രം. കൂടുതൽ പേരും ഇവിടെയെത്തി വാങ്ങും. അടുത്തുള്ള അത്യാവശ്യക്കാർക്കു മാത്രം എത്തിച്ചു കൊടുക്കും. കുടുംബശ്രീ പ്രവർത്തകർ ചില വാർഡുകളിൽ തയ്യാറാക്കുന്ന ഭക്ഷണവും പരിമിതം. നിലവിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തേക്കാൾ വളരെ കൂടുതലാണ് ആവശ്യക്കാർ.

Next Story

RELATED STORIES

Share it