Kerala

കൊറോണ സ്ഥിരീകരിച്ച് മന്ത്രി; രോഗം കണ്ടെത്തിയ വിദ്യാർഥി തൃശൂർ ജനറൽ ആശുപത്രിയിൽ

രോഗിയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റും. ഭാവി നടപടികൾ ചർച്ച ചെയ്യാൻ തൃശൂരിൽ യോഗം ചേരും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് സുസജ്ജമാണെന്നും മന്ത്രി പറഞ്ഞു.

കൊറോണ സ്ഥിരീകരിച്ച് മന്ത്രി; രോഗം കണ്ടെത്തിയ വിദ്യാർഥി തൃശൂർ ജനറൽ ആശുപത്രിയിൽ
X

തിരുവനന്തപുരം: കേരളത്തിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി കെ കെ ശൈലജ. രോഗം സ്ഥിരീകരിച്ച വിദ്യാർഥി തൃശൂർ ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിൽസയിലാണ്. രോഗിയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റും. ഭാവി നടപടികൾ ചർച്ച ചെയ്യാൻ തൃശൂരിൽ യോഗം ചേരും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് സുസജ്ജമാണെന്നും മന്ത്രി പറഞ്ഞു.


സംസ്ഥാനത്ത് സംശയകരമായ നിലയിലുള്ള 20 പേരുടെ സാമ്പിളാണ് കേന്ദ്രത്തിലേക്ക് അയച്ചത്. ഇതിൽ 10 റിസൽറ്റുകൾ നെഗറ്റീവ് ആയിരുന്നു. അവശേഷിക്കുന്ന 10 സാമ്പിളുകളുടെ റിസൽറ്റ് വന്നിട്ടില്ല. ഇതിൽ ഏറെ സംശയമുണ്ടായിരുന്ന നാലു പേരിൽ ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യഘട്ട സാമ്പിൾ പരിശോധനയാണ് പൂർത്തിയായത്. ഇനിയും പരിശോധനകൾ നടക്കാനുണ്ട്. വുഹാൻ യൂനിവേഴ്സിറ്റിയിൽ നിന്നുള്ള വിദ്യാർഥിയാണിത്. മറ്റ് മൂന്നു പേർ വിദ്യാർഥിയുമായി സമ്പർക്കം പുലർത്തിയവരാണ്.

ഇവരെ നാലു പേരെയും നേരത്തെ തന്നെ തൃശൂർ ആശുപത്രിയിൽ ഐസൊലേറ്റ് ചെയ്തിരുന്നു. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥിയുടെ നില ഗുരുതരമല്ല. ഭയപ്പെടേണ്ട തരത്തിലുള്ള ഗുരുതരമായ ലക്ഷണമില്ല. ആരോഗ്യ വകുപ്പ് സുസജ്ജമാണ്. കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ആരോഗ്യമന്ത്രിയും പ്രിൻസിപ്പൽ സെക്രട്ടറിയും ഇന്നുതന്നെ തൃശൂരിലേക്ക് പോവും. ഉന്നതതല യോഗം വിളിച്ചശേഷം തൃശൂർ മെഡിക്കൽ കോളജിൽ ഐസൊലേഷൻ സംവിധാനം ശക്തിപ്പെടുത്തും. മറ്റ് ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകും. ചൈനയിൽ നിന്നും രോഗം കണ്ടെത്തിയ മറ്റ് രാജ്യങ്ങളിൽ നിന്നും വന്നവർ നിർബന്ധമായും റിപോർട്ട് ചെയ്യണം. നന്നായി ശ്രദ്ധിക്കേണ്ട വയറസാണിത്. ഭീതി പടർത്തുന്ന പ്രചരണം നടത്തരുതെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it