Sub Lead

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം: ഡോക്ടറോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം:  ഡോക്ടറോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം
X

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവത്തില്‍ ആരോപണ വിധേയയായ ഡോക്ടര്‍ ബിന്ദു സുന്ദറിന് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കി. ഡോക്ടര്‍ക്കെതിരേ ശക്തമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. എസ്ഡിപിഐയുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡോക്ടറെ തടഞ്ഞു വച്ച് പ്രതിഷേധിച്ചു. പ്രതിഷേധങ്ങള്‍ ശക്തമായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ മുഖം രക്ഷിക്കാനുള്ള നടപടി സ്വീകരിച്ചത്.

പാലോട് സ്വദേശി നിരഞ്ജനയുടെ കുഞ്ഞ് മരിച്ചത് ചികിത്സാ പിഴവെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഡോക്ടര്‍ക്കെതിരെ മുന്‍പും പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. റീന പറഞ്ഞു. ജില്ലാ ആശുപത്രിയില്‍ തിരികെ പ്രവേശിപ്പിക്കില്ലെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ പ്രതികരിച്ചു. സംഭവം അന്വേഷിക്കാന്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള സംഘം ഇന്ന് ജില്ലാ ആശുപത്രിയിലെത്തും.

കഴിഞ്ഞ ദിവസമാണ് പൂര്‍ണ ഗര്‍ഭിണിയായ നിരഞ്ജനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്കായി എത്തിയ നിരഞ്ജനയെ അഡ്മിറ്റാവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പുലര്‍ച്ചെ നാല് മണിയോടെ നിരഞ്ജനയെ ലേബര്‍ റൂമിലേക്ക് കൊണ്ടുപോയി. ഉച്ചക്ക് രണ്ടു മണിയോടെ സിസേറിയന്‍ നടത്തി കുഞ്ഞിനെ പുറത്തെടുത്തു. പിന്നാലെ കുഞ്ഞു മരിക്കുകയായിരുന്നു. ശ്വാസ തടസമാണ് മരണകാരണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്.

അതേസമയം, ബന്ധുക്കളുടെ പ്രതിഷേധത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ഭാഗമായി. തുടര്‍ന്ന് സ്ഥലത്തെത്തിയ ആര്‍ഡിഒ ജയകുമാര്‍, ആരോപണം വിശദമായി അന്വേഷിക്കുമെന്ന് ഉറപ്പുനല്‍കി.



Next Story

RELATED STORIES

Share it