Kerala

കൊറോണ: പുതിയ പോസിറ്റീവ് കേസുകളില്ല; മൂന്നുരോഗികളുടെയും ആരോഗ്യനില മെച്ചപ്പെടുന്നു

ആശുപത്രികളില്‍ ആകെ 100 പേരും 2,421 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. ചൈനയില്‍നിന്ന് വന്നവര്‍ വീടുകളില്‍തന്നെ തങ്ങണമെന്ന് ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൊറോണ: പുതിയ പോസിറ്റീവ് കേസുകളില്ല; മൂന്നുരോഗികളുടെയും ആരോഗ്യനില മെച്ചപ്പെടുന്നു
X

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന മൂന്ന് രോഗികളുടെയും ആരോഗ്യനില മെച്ചപ്പെടുന്നു. പുതിയ പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എങ്കിലും കൊറോണയ്‌ക്കെതിരേ സംസ്ഥാനത്ത് ജാഗ്രത തുടരുകയാണ്. കൊറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതനുസരിച്ചുള്ള മുന്‍കരുതല്‍ നടപടികളാണ് സ്വീകരിച്ചുവരുന്നത്. ആശുപത്രികളില്‍ ആകെ 100 പേരും 2,421 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. ചൈനയില്‍നിന്ന് വന്നവര്‍ വീടുകളില്‍തന്നെ തങ്ങണമെന്ന് ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആലപ്പുഴയില്‍ മൂന്നുപേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 182 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 15 പേര്‍ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലാണ്.

25 സാമ്പിളുകളാണ് ജില്ലയില്‍നിന്ന് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 11 എണ്ണത്തിന്റെ ഫലം ലഭിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥിയുടെ സാമ്പിള്‍ ഒഴികെ മറ്റെല്ലാം നെഗറ്റീവാണ്. കൂടുതല്‍ പേര്‍ രോഗലക്ഷണങ്ങളുമായെത്തിയാല്‍ ചികില്‍സ നല്‍കുന്നതിന് സ്വകാര്യാശുപത്രികളിലടക്കം ഐസൊലേഷന്‍ വാര്‍ഡുകളും സജ്ജമാണ്. കാസര്‍ഗോഡ് നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ടുപേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ സമാനമായ രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്നാണ് നടപടി. ഇവരുടെ പരിശോധനാഫലം പുറത്തുവന്നിട്ടില്ല.

ചൈനയില്‍നിന്നെത്തിയ 91 പേരും മറ്റു രാജ്യങ്ങളില്‍ നിന്നെത്തിയ മൂന്നുപേരും ഉള്‍പ്പടെ 94 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 17 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. അഞ്ചുപേരുടെ പരിശോധനാ ഫലം ലഭിച്ചതില്‍ ഒരാളുടെ ഫലം മാത്രമാണ് പോസിറ്റീവായിട്ടുള്ളത്. 12 പേരുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയിലെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നുള്ള വിദഗ്ധസംഘം ഇന്ന് കാസര്‍ഗോഡ് എത്തും. തൃശൂരില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നിരീക്ഷണത്തില്‍ കഴിയവെ, അനുമതിയില്ലാതെ കോഴിക്കോടുനിന്ന് വിദേശത്തേക്ക് പോയ രണ്ടുപേരെയും തിരിച്ചെത്തിക്കാന്‍ ശ്രമം നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.

Next Story

RELATED STORIES

Share it