Kerala

അഴിച്ചുപണിക്കൊരുങ്ങി കോണ്‍ഗ്രസ്; ഇനി ഒരാള്‍ക്ക് ഒരുപദവി നയം

തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സംഘടനാ സംവിധാനം ഊര്‍ജ്ജിതമാക്കണമെങ്കില്‍ ബൂത്ത്, മണ്ഡലം, ബ്ലോക്ക് കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കണം. ജൂലൈ മാസത്തിനകം പുനഃസംഘടന വേണമെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്.

അഴിച്ചുപണിക്കൊരുങ്ങി കോണ്‍ഗ്രസ്; ഇനി ഒരാള്‍ക്ക് ഒരുപദവി നയം
X

തിരുവനന്തപുരം: സംസ്ഥാനത്തെ ചരിത്രവിജയത്തിന് ശേഷം അടിമുടി അഴിച്ചുപണിക്കൊരുങ്ങി കോണ്‍ഗ്രസ്. ഇക്കാര്യത്തിന് അനുവാദം തേടി സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിനെ സമീപിക്കും. പ്രധാനമായും ഒരാള്‍ക്ക് ഒരു പദവി എന്ന നയം കര്‍ശനമാക്കാനാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ലക്ഷ്യമിടുന്നത്.

അധ്യക്ഷസ്ഥാനത്തെത്തി ആറുമാസം തികയുന്നതിന് മുമ്പുതന്നെ സംസ്ഥാനത്ത് തിളക്കമാര്‍ന്ന വിജയം നേടാന്‍ സാധിച്ച മുല്ലപ്പള്ളി രാമചന്ദ്രന് ഇനി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ശക്തിയേറും. അതുകൊണ്ടുതന്നെ വിഷയത്തില്‍ അദ്ദേഹത്തിന്റെ നിലപാട് നിര്‍ണായകമാവും.

പുനഃസംഘടന നടത്താതെ പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോവാനാകില്ലെന്ന് ശക്തമായ നിലപാടാണ് മുല്ലപ്പള്ളിക്കുള്ളത്. തിരഞ്ഞെടുപ്പ് ഫലം വന്നാലുടന്‍ പുനസംഘടനയെന്ന് മുല്ലപ്പള്ളി ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ഗ്രൂപ്പല്ല കഴിവായിരിക്കും പ്രധാന മാനദണ്ഡമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഉപതിരഞ്ഞെടുപ്പുകളും തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകളും പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന വേളയില്‍ നടത്തുന്ന പുനസംഘടന മുല്ലപ്പള്ളിക്ക് വെല്ലുവിളി തന്നെയാണ്.

തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സംഘടനാ സംവിധാനം ഊര്‍ജ്ജിതമാക്കണമെങ്കില്‍ ബൂത്ത്, മണ്ഡലം, ബ്ലോക്ക് കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കണം. ജൂലൈ മാസത്തിനകം പുനഃസംഘടന വേണമെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചവരെ ഇപ്പോള്‍ വഹിക്കുന്ന പദവികളില്‍ നിന്ന് ഒഴിവാക്കും. എംപിയായി തിരഞ്ഞെടുക്കപ്പെട്ട ഡീന്‍ കുര്യാക്കോസ് നേരത്തേ തന്നെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചതാണ്.

ചാലക്കുടിയില്‍ നിന്ന് വിജയിച്ച ബെന്നി ബെഹനാനെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കും. കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷും കെ സുധാകരനും പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് പകരക്കാരെ കണ്ടെത്തേണ്ടി വരും. മറ്റൊരു വര്‍ക്കിങ് പ്രസിഡന്റിന്റെ സ്ഥാനം എം ഐ ഷാനവാസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിഞ്ഞുകിടക്കുകയാണ്. നേരത്തേ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ട ഷാനിമോള്‍ ഉസ്മാന്റെ പേര് ഈ സ്ഥാനത്തേക്ക് പരിഗണിച്ചേക്കാം. ആലപ്പുഴയില്‍ പൊരുതി തോറ്റതും സാമുദായിക ഘടകങ്ങളും ഷാനിമോള്‍ക്ക് അനുകൂലമാണ്.

വി കെ ശ്രീകണ്ഠന്‍ എംപിയായതിനെത്തുടര്‍ന്ന് പാലക്കാട് ഡിസിസിക്ക് പുതിയ അധ്യക്ഷനെ കണ്ടെത്തണം. തൃശ്ശൂരില്‍ നിന്ന് വിജയിച്ച ടി എന്‍ പ്രതാപനും ഡിസിസി അധ്യക്ഷ സ്ഥാനം ഒഴിയേണ്ടിവരും. ബെന്നി ബഹനാന് പകരക്കാരനായി കെ വി തോമസ്, എം എം ഹസന്‍ എന്നിവരിലൊരാളെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിച്ചേക്കാം. കാസര്‍കോട് എംപിയായ രാജ്മോഹന്‍ ഉണ്ണിത്താന്‍ ഡല്‍ഹിയിലേക്ക് പ്രവര്‍ത്തനം മാറ്റുന്നതിനാല്‍ സംസ്ഥാന കോണ്‍ഗ്രസിന് പുതിയ വക്താവിനേയും കണ്ടെത്തേണ്ടി വരും. ജോസഫ് വാഴയ്ക്കനും അജയ് തറയിലിനുമാവും പ്രഥമ പരിഗണന. കോണ്‍ഗ്രസിനൊപ്പം യൂത്ത് കോണ്‍ഗ്രസിലും പുനസംഘടനയുണ്ടാകും.

Next Story

RELATED STORIES

Share it