Kerala

സ്പീക്കറുടെ മുതലകണ്ണീര്‍ കേരളത്തിന് വേണ്ട; 2015 മാര്‍ച്ച് 13 ഓര്‍മിപ്പിച്ച് ജ്യോതികുമാര്‍

ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയ്ക്കുള്ളില്‍ താങ്കളും സഹസഖാക്കളും ചേര്‍ന്ന് നടത്തിയ അക്രമങ്ങള്‍ മറന്നോ ?

സ്പീക്കറുടെ മുതലകണ്ണീര്‍ കേരളത്തിന് വേണ്ട; 2015 മാര്‍ച്ച് 13 ഓര്‍മിപ്പിച്ച് ജ്യോതികുമാര്‍
X

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എസ്എഫ്‌ഐയെ തള്ളി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഇട്ട പോസ്റ്റിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല.

എന്റെ ഹൃദയം നുറുങ്ങുന്നു, കരള്‍പിടയുന്ന വേദനകൊണ്ട് തേങ്ങുന്നു...എന്നു തുടങ്ങിശിരസ്സു കുനിച്ചു മാപ്പപേക്ഷിക്കുക.നാറ്റം പേറി സ്വയം നാറാതെ സ്വബുദ്ധി കാണിക്കുക.കാലം കാത്തു വച്ച രക്തനക്ഷത്രങ്ങളുടെ ഓര്‍മ്മകള്‍ മറക്കാതിരിക്കുക എന്ന് എസ്എഫ്‌ഐയെ ഓര്‍മിപ്പിക്കുന്ന കുറിപ്പിന് അവര്‍ ഇത് പഠിച്ചത് മുതിര്‍ന്ന നേതാക്കളെ കണ്ടിട്ട് തന്നെയാണെന്ന് അടിവരയിട്ട് പറയുന്നു ജ്യോതികുമാര്‍.2015 മാര്‍ച്ച് 13 എന്ന ദിനം ഓര്‍ത്തെടുത്താല്‍ മതി....

ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയ്ക്കുള്ളില്‍ താങ്കളും സഹസഖാക്കളും ചേര്‍ന്ന് നടത്തിയ അക്രമങ്ങള്‍ മറന്നോ ? കെ.എം മാണി ബജറ്റ് അവതരിപ്പിച്ച ദിവസം നിങ്ങള്‍ അഴിച്ചുവിട്ട അക്രമത്തില്‍ കേരള നിയമസഭയ്ക്ക് ഉണ്ടായത് 2,20,093 രൂപയുടെ നഷ്ടമാണെന്ന് സ്പീക്കര്‍ക്ക് അറിയാമല്ലോ ? എന്നാണ് ജ്യോതികുമാര്‍ ചോദിച്ചത്.


അരുത് സ്പീക്കര്‍ .... കരയിക്കരുത്

.............................

യൂണിവേഴ്‌സിറ്റി കോളജിലെ അക്രമവുമായി ബന്ധപ്പെട്ട് ബഹു. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെഴുതിയ കുറിപ്പ് വായിച്ച് കണ്ണു നിറഞ്ഞു പോയി.

ഏത് പ്രത്യയശാസ്ത്രമാണ് നിങ്ങള്‍ക്ക് തണല്‍ എന്ന് കുട്ടിസഖാക്കളോട് സ്പീക്കര്‍ ചോദിക്കുന്നു.

ഇതിന്റെയുത്തരം താങ്കള്‍ക്കു തന്നെ കണ്ടെത്താനാവും ശ്രീരാമകൃഷ്ണന്‍.

ഏറെ പുറകോട്ടൊന്നും പോവേണ്ട, 2015 മാര്‍ച്ച് 13 എന്ന ദിനം ഓര്‍ത്തെടുത്താല്‍ മതി....

ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയ്ക്കുള്ളില്‍ താങ്കളും സഹസഖാക്കളും ചേര്‍ന്ന് നടത്തിയ അക്രമങ്ങള്‍ മറന്നോ ?

കെ.എം മാണി ബജറ്റ് അവതരിപ്പിച്ച ദിവസം നിങ്ങള്‍ അഴിച്ചുവിട്ട അക്രമത്തില്‍ കേരള നിയമസഭയ്ക്ക് ഉണ്ടായത് 2,20,093 രൂപയുടെ നഷ്ടമാണെന്ന് സ്പീക്കര്‍ക്ക് അറിയാമല്ലോ ?

അന്നും പിറ്റേന്നുമായി താങ്കളുടെ പാര്‍ട്ടിക്കാര്‍ തിരുവനന്തപുരം നഗരം യുദ്ധക്കളമാക്കിയത് നിങ്ങള്‍ മറന്നാലും കേരളം മറക്കില്ല.

അതേ, നിങ്ങളുടെ അതേ 'ചിന്തയും വിയര്‍പ്പും' ആണ് യൂണിവേഴ്‌സിറ്റി കോളജിലെ കുട്ടിസഖാക്കളെ നയിക്കുന്നത്.

ആ ചിന്തയാണ് സ്വന്തം പാര്‍ട്ടിക്കാരന്റെ നെഞ്ചില്‍പ്പോലും കഠാര കയറ്റാന്‍ അവരെ പ്രേരിപ്പിക്കുന്നത്.

ചോര കണ്ട് അറപ്പു തീര്‍ന്ന ക്രിമിനലുകളെ വാര്‍ത്തെടുക്കുന്നത് നിങ്ങളാണ് ശ്രീരാമകൃഷ്ണന്‍.

അവരെ ചെല്ലും ചെലവും കൊടുത്ത് സംരക്ഷിക്കുന്നതും നിങ്ങളാണ്.

ഈ കാപട്യമോര്‍ത്ത് സ്വയം ശിരസു കുനിച്ച് മാപ്പപേക്ഷിക്കൂ ബഹു.സ്പീക്കര്‍...

ഈ മുതലക്കണ്ണീര്‍ കേരളത്തിന് വേണ്ട.



സ്പീക്കറുടെ കുറിപ്പ്

അഖില്‍

---------------

എന്റെ ഹൃദയം നുറുങ്ങുന്നു,

കരള്‍പിടയുന്ന വേദനകൊണ്ട് തേങ്ങുന്നു.

ലജ്ജാഭാരം കൊണ്ട് ശിരസ്സ് പാതാളത്തോളം താഴുന്നു.

ഓര്‍മ്മകളില്‍ മാവുകള്‍ മരത്തകപ്പച്ച വിരിച്ച മനോഹരമായ എന്റെ കലാലയം.

സ്‌നേഹസുരഭിലമായ ഓര്‍മ്മകളുടെ

ആ പൂക്കാലം.

'എന്റെ, എന്റെ 'എന്ന് ഓരോരുത്തരും വിങ്ങുന്ന തേങ്ങലോടെ ഓര്‍ത്തെടുക്കുന്ന വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ സ്‌നേഹനിലാവ്.

യുവലക്ഷങ്ങളുടെ ആ സ്‌നേഹനിലാവിലേക്കാണ് നിങ്ങള്‍ കഠാരയുടെ കൂരിരുട്ട് ചീറ്റിത്തെറിപ്പിച്ചത്.

ഈ നാടിന്റെ സര്‍ഗ്ഗാത്മക യൗവ്വനത്തെയാണ് നിങ്ങള്‍

ചവുട്ടി താഴ്ത്തിയത്.

നിങ്ങള്‍ ഏതു തരക്കാരാണ്?

എന്താണ് നിങ്ങളെ നയിക്കുന്ന തീജ്വാല?

ഏതു പ്രത്യശാസ്ത്രമാണ് നിങ്ങള്‍ക്ക് തണല്‍?

നിങ്ങളുടെ ഈ ദുര്‍ഗന്ധം

ചരിത്രത്തിലെ അക്ഷരത്തെറ്റ് തന്നെയാണ്.

മനം മടുപ്പിക്കുന്ന നാറ്റത്തിന്റെ ഈ സ്വര്‍ഗം

നമുക്ക് വേണ്ട.

ഇതിനേക്കാള്‍ നല്ലത് സമ്പൂര്‍ണ്ണ പരാജയത്തിന്റെ നരകമാണ്.

തെറ്റുകള്‍ക്കുമുമ്പില്‍ രണ്ടു വഴികളില്ല,

ശിരസ്സു കുനിച്ചു മാപ്പപേക്ഷിക്കുക.

നാറ്റം പേറി സ്വയം നാറാതെ സ്വബുദ്ധി കാണിക്കുക.

കാലം കാത്തു വച്ച രക്തനക്ഷത്രങ്ങളുടെ ഓര്‍മ്മകള്‍ മറക്കാതിരിക്കുക.

ഓര്‍മ്മകളുണ്ടായിരിക്കണം,

അവിടെ ഞങ്ങളുടെ ജീവന്റെ ചൈതന്യമുണ്ട്.

ചിന്തയും വിയര്‍പ്പും,

ചോരയും കണ്ണുനീരുമുണ്ട്.

Next Story

RELATED STORIES

Share it