Kerala

സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാത്ത ഏതു കാര്യമാണ് സിഎജി റിപോര്‍ട്ടിലുള്ളതെന്ന് ധനമന്ത്രി വ്യക്തമാക്കണം: വി ഡി സതീശന്‍ എംഎല്‍എ

സര്‍ക്കാര്‍ അറിയാത്ത ഏതെങ്കിലും ഒരുവരി റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ അത് വെളിപ്പെടുത്തണം ഇക്കാര്യത്തില്‍ പരസ്യസംവാദത്തിന് തയാറാണെന്നും വി ഡി സതീശന്‍ എംഎല്‍എ പറഞ്ഞു.കിഫ്ബിയുടെ ക്രമക്കേട് തുറന്നുകാട്ടുന്ന സിഎജി റിപ്പോര്‍ട്ട് ധനകാര്യ സെക്രട്ടറിയുടെ കയ്യില്‍ നിന്നുംചോര്‍ത്തിയെടുത്തത് ഗുരുതരമായ കുറ്റമാണ്

സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാത്ത ഏതു കാര്യമാണ് സിഎജി റിപോര്‍ട്ടിലുള്ളതെന്ന് ധനമന്ത്രി വ്യക്തമാക്കണം: വി ഡി സതീശന്‍ എംഎല്‍എ
X

കൊച്ചി: സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാത്ത, ആലോചിക്കാത്ത ഏതു കാര്യമാണ് സിഎജി റിപ്പോര്‍ട്ടിലുള്ളതെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നും ഭരണഘടന സ്ഥാപനത്തെ ദുര്‍ബലപ്പെടുത്തുകയും നിയമപരമായ നടപടിക്രമങ്ങളെ കാറ്റില്‍ പറത്തുകയും ചെയ്ത ധനകാര്യമന്ത്രി തോമസ് ഐസക് രാജിവയ്ക്കണമെന്നും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാന്‍ വി ഡി സതീശന്‍ എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അറിയാത്ത ഏതെങ്കിലും ഒരുവരി റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ അത് വെളിപ്പെടുത്തണം ഇക്കാര്യത്തില്‍ പരസ്യസംവാദത്തിന് തയാറാണെന്നും വി ഡി സതീശന്‍ എംഎല്‍എ പറഞ്ഞു.

കിഫ്ബിയുടെ ക്രമക്കേട് തുറന്നുകാട്ടുന്ന സിഎജി റിപ്പോര്‍ട്ട് ധനകാര്യ സെക്രട്ടറിയുടെ കയ്യില്‍ നിന്നും ചോര്‍ത്തിയെടുത്തത് ഗുരുതരമായ കുറ്റമാണ്. താന്‍ ചോര്‍ത്തിയത് കരട് റിപ്പോര്‍ട്ടാണെന്നും അന്തിമ റിപ്പോര്‍ട്ട് അല്ലെന്നും മന്ത്രി വാദിച്ചത് തെറ്റാണെന്ന് തെളിഞ്ഞെന്നും പ്രതിപക്ഷം മന്ത്രിക്കെതിരെ നല്‍കിയ അവകാശലംഘന നോട്ടീസിലും പുറത്തുവന്നത് അന്തിമ റിപ്പോര്‍ട്ട് തന്നെയാണെന്ന് പരാമര്‍ശിച്ചിരുന്നുവെന്നും വി.ഡി സതീശന്‍ പറഞ്ഞു.

കിഫ്ബിയിലെ ദുരൂഹ ഇടപാടുകളെ കുറിച്ചും ക്രമക്കേടുകളെ കുറിച്ചും നേരത്തെ പ്രതിപക്ഷം സഭയിലും പുറത്തും പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുന്നത്. ചെയ്ത തെറ്റിന്റെ ആഘാതം കുറയ്ക്കാനും മുന്‍കൂര്‍ ജാമ്യം നേടാനുമാണ് തോമസ് ഐസക് ഇപ്പോള്‍ ശ്രമിക്കുന്നത്. ചീഫ് സെക്രട്ടറിയുടെയും ധനകാര്യസെക്രട്ടറിയുടെയും എതിര്‍പ്പുകള്‍ മറികടന്നാണ് മസാല ബോണ്ട് ഉയര്‍ന്ന പലിശയില്‍ വാങ്ങിയത്. ഇക്കാര്യം വ്യക്തമായതോടെയാണ് മന്ത്രി സഭയില്‍ വെയ്ക്കും മുമ്പേ അന്തിമ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഉയര്‍ന്ന പലിശയില്‍ വാങ്ങിയ പണമാണ് കുറഞ്ഞ പലിശ നിരക്കില്‍ ബാങ്കില്‍ ഇട്ടിരിക്കുന്നത്. ഓഡിറ്റ് റിപ്പോര്‍ട്ട് വരുമ്പോള്‍ താന്‍ കെട്ടിപ്പൊക്കിയ വ്യാജ ഇമേജ് തകരുമെന്നും പ്രതിരോധത്തില്‍ നില്‍ക്കുമെന്നും മനസിലാക്കിയാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തി റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവരുന്നതിന് മുമ്പ് മന്ത്രി മുന്‍കൂര്‍ ജാമ്യമെടുക്കുന്നത്.

സ്വര്‍ണക്കടത്ത്, ലൈഫ് ക്രമക്കേട് ഉള്‍പ്പെടെയുള്ളവ അന്വേഷിക്കുന്ന ഏജന്‍സികള്‍ക്കെതിരായി കേരളത്തില്‍ സിപിഎം നടത്തുന്ന സമരപരിപാടികളുടെ കൂടെ ഒരു ഭരണഘടന സ്ഥാപനത്തെ ഉള്‍പ്പെടുത്താനുള്ള നീക്കമാണ് മന്ത്രി നടത്തിയത്. കേരളത്തിലും കേന്ദ്രത്തിലും കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ നിരവധി ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ആ സര്‍ക്കാരുകള്‍ക്കെതിരായി വന്നിട്ടുണ്ട്. അന്നൊന്നും സിഎജിയെ ആക്ഷേപിക്കുന്ന നിലപാടല്ല സ്വീകരിച്ചത്. സര്‍ക്കാരിന്റെ വാദങ്ങള്‍ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ മുമ്പാകെ ഉയര്‍ത്തുന്നതടക്കം ഡസന്‍കണക്കിന് അവസരങ്ങള്‍ ഉണ്ടായിരിക്കെ അതൊന്നും ചെയ്യാതെ, സര്‍ക്കാരിന്റെ നിലപാട് ബോധ്യപ്പെടുത്താനുള്ള അവസരങ്ങള്‍ ഉപയോഗിക്കാതെ സിഎജിക്കെതിരെ പൊട്ടിത്തെറിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it