Kerala

ബധിരര്‍ക്കും മൂകര്‍ക്കും പരാതി നല്‍കാന്‍ കേരളാ പോലിസിന്റെ പുതിയ സോഫ്റ്റ്‌വെയര്‍

'ഡെഫ്മിത്ര' എന്നാണ് സോഫ്റ്റ്‌വെയറിന് പേര് നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ബധിരര്‍ക്കായി ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നത്. പരാതിക്കാരനെയും പോലിസ് ഉദ്യോഗസ്ഥനെയും പോലിസ് സ്‌റ്റേഷനിലെ കംപ്യൂട്ടറില്‍ ബന്ധിപ്പിക്കുന്ന വെബ് കാം മുഖേന തിരുവനന്തപുരത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററില്‍ കാണാന്‍ കഴിയും.

ബധിരര്‍ക്കും മൂകര്‍ക്കും പരാതി നല്‍കാന്‍ കേരളാ പോലിസിന്റെ പുതിയ സോഫ്റ്റ്‌വെയര്‍
X

തിരുവനന്തപുരം: ബധിരര്‍ക്കും മൂകര്‍ക്കും പോലിസ് സ്റ്റേഷനുകളില്‍ പരാതി നല്‍കുന്നത് എളുപ്പമാക്കുന്നതിന് പുതിയ സോഫ്റ്റ്‌വെയര്‍ ഏര്‍പ്പെടുത്തുന്നു. ഇത്തരക്കാര്‍ പരാതി നല്‍കുന്നതിന് പോലിസ് സ്റ്റേഷനുകളിലെത്തുമ്പോള്‍ ആശയവിനിമയം നടത്തുന്നതിനുള്ള ബുദ്ധിമുട്ടും അനുബന്ധപ്രശ്‌നങ്ങളും ഇതോടെ പൂര്‍ണമായും ഒഴിവാകും. 'ഡെഫ്മിത്ര' എന്നാണ് സോഫ്റ്റ്‌വെയറിന് പേര് നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ബധിരര്‍ക്കായി ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നത്.

പരാതിക്കാരനെയും പോലിസ് ഉദ്യോഗസ്ഥനെയും പോലിസ് സ്‌റ്റേഷനിലെ കംപ്യൂട്ടറില്‍ ബന്ധിപ്പിക്കുന്ന വെബ് കാം മുഖേന തിരുവനന്തപുരത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററില്‍ കാണാന്‍ കഴിയും. കോള്‍ സെന്ററില്‍ ആംഗ്യഭാഷ മനസ്സിലാക്കി പ്രതികരിക്കാനും പ്രവര്‍ത്തിക്കാനും കഴിവുള്ള സാങ്കേതികവിദഗ്ധരുണ്ടായിരിക്കും. പരാതിക്കാരന്റെ ആംഗ്യഭാഷയിലൂടെ പരാതിയുടെ ഉള്ളടക്കം മനസ്സിലാക്കുന്ന ഇവര്‍ പരാതി മലയാളത്തില്‍ എഴുതി തയ്യാറാക്കി പോലിസ് ഉദ്യോഗസ്ഥന് ഇ-മെയിലായി അയച്ചുകൊടുക്കും. കൂടാതെ, പരാതിക്കാരന്‍ ആംഗ്യഭാഷയില്‍ പരാതി നല്‍കുന്നതിന്റെ വീഡിയോ ദൃശ്യവും പോലിസ് സ്‌റ്റേഷനിലേയ്ക്ക് അയച്ചുനല്‍കും.

പോലിസ് ആസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന കണ്‍ട്രോള്‍ റൂമിലും ഈ സംവിധാനം ഏര്‍പ്പെടുത്തും. ഇന്ത്യയിലെ ആദ്യ ബധിരസംരംഭകയായ തീര്‍ഥ നിര്‍മല്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായ സ്റ്റാര്‍ട്ട് അപ്പ് സംരംഭമായ സൈന്‍ നെക്സ്റ്റ് എന്ന സ്ഥാപനമാണ് സോഫ്റ്റ്‌വെയര്‍ തയ്യാറാക്കുന്നത്. കമ്പനിയുടെ സഹസ്ഥാപകരായ കിങ്‌സ് ലി ഡേവിഡ്, പ്രവിജ് കുമാര്‍ എന്നിവരും ഒപ്പമുണ്ട്. ഇവര്‍ കഴിഞ്ഞദിവസം സാമൂഹ്യനീതിവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജുപ്രഭാകറുമൊത്ത് പോലിസ് ആസ്ഥാനത്ത് സംസ്ഥാന പോലിസ് മേധാവി ലോകനാഥ് ബെഹ്‌റയുമായി ആശയവിനിമയം നടത്തി.

Next Story

RELATED STORIES

Share it