Kerala

വിദ്യാർഥികൾക്കെതിരെ യുഎപിഎ: നിയമസഭയിൽ പോലിസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

മാവോവാദികളെ ആരും ആട്ടിൻ കുട്ടികളായി ചിത്രീകരിക്കേണ്ട. താഹ ഫസൽ എന്നയാൾ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചു. താഹയുടെയും അലന്റെയും പക്കൽനിന്ന് മാവോവാദി അനുകൂല പുസ്തകങ്ങളും ലഘുലേഖകളും പിടികൂടി. ഇതിനെതുടർന്നാണ് ഇവരെ യുഎപിഎ ചുമത്തി കസ്റ്റഡിയിൽ എടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാർഥികൾക്കെതിരെ യുഎപിഎ: നിയമസഭയിൽ പോലിസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
X

തിരുവനന്തപുരം: യുഎപിഎ ചുമത്തി വിദ്യാർഥികളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പോലിസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാവോവാദികളെ ആരും ആട്ടിൻകുട്ടികളായി ചിത്രീകരിക്കേണ്ട. അറസ്റ്റിലായ താഹ ഫസൽ എന്ന വിദ്യാർഥി മാവോവാദി അനുകൂല മുദ്രാവാക്യം വിളിച്ചതായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

എന്നാൽ, യുഎപിഎ നിയമം ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ ആവർത്തിച്ചു. യുഎപിഎ ചുമത്തുന്ന കാര്യത്തിൽ വ്യക്തമായ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷത്ത് നിന്നും തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. ലഘുലേഖകളും പുസ്തകങ്ങളും കണ്ടെടുത്താൽ മാവോവാദിയായി മുദ്രകുത്താൻ സാധിക്കുമോയെന്ന് അദ്ദേഹം ചോദിച്ചു. മാവോവാദികൾക്ക് പൊതുജനങ്ങളുടെ അനുഭാവം ലഭിക്കാൻ മാത്രമേ സർക്കാരിന്റെ ഇത്തരം ചെയ്തികൾ സഹായിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, അറസ്റ്റിനെക്കുറിച്ച് പോലിസിന്റെ ഭാഷ്യം സഭയിൽ മുഖ്യമന്ത്രി ആവർത്തിച്ചു. ഒന്നാം തീയതി വൈകുന്നേരം 6.45ന് മൂന്നു യുവാക്കളെ പന്തീരാങ്കാവ് പോലിസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതിൽ ഒരാൾ ഓടിപ്പോയി. യുവാക്കൾ ഇരുട്ടിൽ മറഞ്ഞു നിൽക്കുകയായിരുന്നു. എന്തിന് ഇരുട്ടത്ത് നിൽക്കുന്നു എന്ന പോലിസിന്റെ ചോദ്യത്തിന് ഇവർക്ക് മറുപടി പറയാൻ കഴിഞ്ഞില്ല. ഇതിൽ താഹ ഫസൽ എന്നയാൾ മാവോവാദി അനുകൂല മുദ്രാവാക്യം വിളിച്ചു. താഹയുടെയും അലന്റെയും പക്കൽനിന്ന് മാവോവാദി അനുകൂല പുസ്തകങ്ങളും ലഘുലേഖകളും പിടികൂടി. ഇതിനെതുടർന്നാണ് ഇവരെ യുഎപിഎ ചുമത്തി കസ്റ്റഡിയിൽ എടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹിറ്റ്ലറേക്കാളും മോശമായ നിലയിലാണ് മുഖ്യമന്ത്രി ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മുദ്രാവാക്യം വിളിച്ചാലോ ലഘുലേഖ നൽകിയാലോ യുഎപിഎ ചുമത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാജ ഏറ്റുമുട്ടലിലൂടെ മാവോവാദികളെ കൊലപ്പെടുത്തിയ മുഖ്യമന്ത്രിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

എന്നാൽ മാവോവാദികളെ പരിശുദ്ധരാക്കാൻ ആരും ശ്രമിക്കണ്ടെന്ന് പിണറായി പറഞ്ഞു. മാവോവാദികൾ കീഴടങ്ങാൻ വന്നവരാണെന്ന സിപിഐ വാദവും മുഖ്യമന്ത്രി തള്ളി. മാവോവാദികളെ ന്യായീകരിക്കുന്ന കോൺഗ്രസ് നടപടി ഞെട്ടിക്കുന്നതാണ്. പോലിസിനെതിരെ വെടിയുതിർത്തപ്പോഴാണ് തിരികെ വെടിവച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ആവർത്തിച്ച പ്രതിപക്ഷം കീഴടങ്ങാൻ വന്നവരെ പോലിസ് പോയിന്റ് ബ്ലാങ്കിൽ വെടിവെക്കുകയായിരുന്നെന്നും ചൂണ്ടിക്കാട്ടി. തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.

Next Story

RELATED STORIES

Share it