Kerala

സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണം: മുഖ്യമന്ത്രി

സര്‍ക്കാര്‍ ജീവനക്കാര്‍ ഡ്യൂട്ടിക്ക് ഹാജരാകാന്‍ അഭ്യര്‍ത്ഥന.രക്ഷാപ്രവര്‍ത്തകരും വോളണ്ടിയര്‍മാരും നടത്തുന്ന അഭ്യത്ഥന എല്ലാവരും മാനിക്കണം.

സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണം: മുഖ്യമന്ത്രി
X

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ കഴിയുന്നവര്‍ തത്കാലം അവിടെ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തകരും വോളണ്ടിയര്‍മാരും നടത്തുന്ന അഭ്യത്ഥന എല്ലാവരും മാനിക്കണം. നിര്‍ഭാഗ്യകരമായ ഒട്ടേറെ അനുഭവങ്ങള്‍ നമുക്ക് മുന്നിലുണ്ട്. അപകടമേഖലകളില്‍ നിന്ന് മാറാന്‍ ആവശ്യപ്പെടുമ്പോള്‍ കുറച്ചു പേര്‍ മാറുകയും മറ്റു ചിലര്‍ അവിടെ തുടരുകയും ചെയ്യും. അങ്ങനെ കഴിഞ്ഞവരുടെ ജീവന്‍ നഷ്ടമായ ആശങ്കാജനകമായ അവസ്ഥ നമുക്ക് മുന്നിലുണ്ട്. ഈ അവസരത്തില്‍ വിവേകപൂര്‍വം മാറിത്താമസിക്കണം. കവളപ്പാറയില്‍ 17 കുടുംബങ്ങള്‍ ക്യാമ്പിലേക്ക് മാറിയിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം വീടുകളില്‍ നിന്ന് മാറാന്‍ ബുദ്ധിമുട്ടുണ്ടാവും. എന്നാല്‍ ജീവനാണ് പ്രധാനമെന്ന് മനസിലാക്കണം. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്.

ഈ സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ മാറിത്താമസിക്കുന്നതിന് സുരക്ഷിതമായ ക്യാമ്പുകള്‍ ശനിയാഴ്ച രാവിലെ മുതല്‍ ഒരുക്കും. ഇവിടെ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഉണ്ടാവും. പ്രായമായവര്‍, രോഗികള്‍, ഭിന്നശേഷിക്കാര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ തുടങ്ങി പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് ആവശ്യമായതെല്ലാം ഉറപ്പുവരുത്തും. പോലീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഒരുമിച്ച് നീങ്ങും. ജനപ്രതിനിധികള്‍, തദ്ദേശസ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ സംഘടനകള്‍, ബഹുജനങ്ങള്‍ തുടങ്ങി എല്ലാവരുടേയും സഹകരണത്തോടെയാവും മാറ്റിപ്പാര്‍പ്പിക്കല്‍ വിജയകരമായി നടപ്പാക്കുക. വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, എ. കെ. ശശീന്ദ്രന്‍, ടി. പി. രാമകൃഷ്ണന്‍ തുടങ്ങിയവര്‍ ഈ പ്രശ്നം ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്ണ ഇത്തരം ക്രമീകരണത്തോട് എല്ലാവര്‍ക്കും യോജിപ്പാണ്. ഒറീസയില്‍ പ്രളയം ഉണ്ടായപ്പോള്‍ ആളപായം കുറയ്ക്കാനായത് നല്ല രീതിയില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനായതിനാലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുരക്ഷയാണ് പ്രധാനമെന്ന അവബോധം സൃഷ്ടിക്കാനാവണം. ഇതിന് സമൂഹവും മാധ്യമങ്ങളും പ്രധാന പങ്ക് വഹിക്കണം. വയനാട്ടില്‍ ബാണാസുരസാഗര്‍ ഡാം തുറക്കേണ്ട സാഹചര്യമാണ്. ഇവിടെ വളരെ വേഗം വെള്ളം ഉയരുന്നുണ്ട്. കര്‍ണാടകത്തില്‍ നിന്ന് വലിയതോതില്‍ വെള്ളം ഇവിടേക്ക് ഒഴുകിയെത്തുകയാണ്. ഉരുള്‍പൊട്ടല്‍ സാഹചര്യം വൈകിട്ട് നടന്ന യോഗത്തില്‍ വിലയിരുത്തിയിട്ടുണ്ട്.

അടുത്ത ദിവസങ്ങള്‍ അവധി ദിനങ്ങളാണ്. ചില ജീവനക്കാര്‍ അവധിയെടുത്തിട്ടുമുണ്ടാവും. ഇവര്‍ സാഹചര്യത്തിന്റെ പ്രത്യേകത മനസിലാക്കി ഡ്യൂട്ടിക്കെത്തണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്.

വയനാട്ടില്‍ അതിശക്തമായ മഴയാണുള്ളത്. കഴിഞ്ഞ പ്രളയത്തില്‍ വലിയ വെള്ളപ്പൊക്കമുണ്ടായിരുന്നു. പലയിടത്തും അതിനേക്കാള്‍ വെള്ളം ഈ മഴയില്‍ പൊങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് പെയ്ത മഴയ്ക്ക് പുറമെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വലിയ തോതില്‍ വെള്ളം എത്തിയിട്ടുണ്ട്. ആളിയാര്‍ കോണ്ടൂര്‍ കനാല്‍ അടിയന്തരമായി പ്രവര്‍ത്തനക്ഷമമാക്കാന്‍ തമിഴ്നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പടിഞ്ഞാറന്‍ ദിശയില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ തീരദേശ ജാഗ്രത ശക്തിപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ താലൂക്ക് തലം വരെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് കെ. എസ്. ഇ. ബിയുടെ ഏഴും ജലവിഭവ വകുപ്പിന്റെ ആറും ഡാമുകള്‍ തുറന്നിട്ടുണ്ട്-മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it