Kerala

മുത്തൂറ്റ് സമരത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേ സിഐടിയു പ്രവര്‍ത്തകരുടെ കൈയേറ്റം

ജോലിയില്‍ പ്രവേശിക്കാനെത്തിയ ജീവനക്കാരെ സിഐടിയുവിന്റെ നേതൃത്വത്തില്‍ കോട്ടയത്ത് തടഞ്ഞതോടെയാണു സംഘര്‍ഷം തുടങ്ങിയത്. ഇത് റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരുമായി സിഐടിയു പ്രവര്‍ത്തകര്‍ വാക്കേറ്റമുണ്ടായി. ഇതിനിടെയാണ് കാമറ തകര്‍ക്കാന്‍ ശ്രമം നടന്നത്.

മുത്തൂറ്റ് സമരത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേ സിഐടിയു പ്രവര്‍ത്തകരുടെ കൈയേറ്റം
X

കോട്ടയം: മുത്തൂറ്റ് ബ്രാഞ്ചിന് മുന്നില്‍ നടക്കുന്ന സമരത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേ സിഐടിയു പ്രവര്‍ത്തകരുടെ കൈയേറ്റം. രാവിലെ കോട്ടയം ബേക്കര്‍ ജങ്ഷനു മുന്നില്‍ സിഐടിയു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന്റെ ഭാഗമായി ജീവനക്കാരെ തടഞ്ഞിരുന്നു. ഇത് ചിത്രീകരിച്ച ചാനല്‍ പ്രവര്‍ത്തകരെ സിഐടിയു പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. സമരാനുകൂലികളുടെ കൈയേറ്റത്തില്‍ മനോരമ ന്യൂസ് കാമറമാന്‍ സി അഭിലാഷിന് പരിക്കേറ്റു. കാമറയ്ക്കും കേടുപാട് സംഭവിച്ചു. കുറ്റക്കാര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് അഭിലാഷ് പോലിസില്‍ പരാതി നല്‍കി. പരിക്കേറ്റ അഭിലാഷിനെ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


ജോലിയില്‍ പ്രവേശിക്കാനെത്തിയ ജീവനക്കാരെ സിഐടിയുവിന്റെ നേതൃത്വത്തില്‍ കോട്ടയത്ത് തടഞ്ഞതോടെയാണു സംഘര്‍ഷം തുടങ്ങിയത്. ഇത് റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരുമായി സിഐടിയു പ്രവര്‍ത്തകര്‍ വാക്കേറ്റമുണ്ടായി. ഇതിനിടെയാണ് കാമറ തകര്‍ക്കാന്‍ ശ്രമം നടന്നത്. മുത്തൂറ്റ് ബാങ്കില്‍ ജോലിചെയ്ത ജീവനക്കാരെ പറഞ്ഞുവിട്ടതിലും ശമ്പളം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും മാസങ്ങളായി തുടരുന്ന സമരത്തിന്റെ ഭാഗമായാണ് കോട്ടയത്തെ സമരവും.

മുത്തൂറ്റില്‍ ജോലികഴിഞ്ഞിറങ്ങിയ ജീവനക്കാരെ ബുധനാഴ്ച വൈകീട്ട് സമരക്കാര്‍ തടഞ്ഞിരുന്നു. ടിബി റോഡിലുള്ള മുത്തൂറ്റ് പ്ലാസയില്‍നിന്നും പുറത്തിറങ്ങിയ സ്ത്രീകളടക്കമുള്ള ജീവനക്കാരെയാണ് ആക്രമിച്ചത്. ജീവനക്കാരുമായി വഴിയിലേക്കിറങ്ങിയ വാഹനം സിഐടിയു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തടയുകയും ഡ്രൈവറെ വലിച്ചിറക്കുകയുമായിരുന്നു. വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തി. സുരക്ഷാ ചുമതലയുള്ള പോലിസുകാരെ തള്ളിമാറ്റിയായിരുന്നു ആക്രമണം. പ്രവര്‍ത്തകരും പോലിസും തമ്മില്‍ വാക്കേറ്റമുണ്ടായി.

പോലിസ് ബലം പ്രയോഗിച്ച് ജീവനക്കാരുടെ വാഹനം കടത്തിവിടുകയായിരുന്നു. പോലിസിനെ ആക്രമിച്ചതിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും നിരവധി പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. മനോരമ ന്യൂസ് കാമറാമാന്‍ അഭിലാഷിനെതിരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍ മുത്തൂറ്റ് ബ്രാഞ്ചിന് മുന്നില്‍ ധര്‍ണ നടത്തി. വൈകീട്ട് പ്രസ്‌ക്ലബ് ഹാളില്‍ പ്രതിഷേധയോഗവും ചേരും. സംഭവത്തില്‍ ഡിജിപിക്ക് അടക്കം പരാതി നല്‍കാനാണ് തീരുമാനം.

Next Story

RELATED STORIES

Share it