Kerala

പൗരത്വ ബില്ലിനെതിരായ പ്രതിഷേധം: ചിതറയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലിസും ഏറ്റുമുട്ടി

എല്‍ഡിഎഫ് പൗരത്വ ബില്ലിന് അനുകൂല നിലപാടെടുത്തു എന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ്സ് പ്രതിഷേധം സംഘടിപ്പിച്ചത്. ഉപരോധ സമരം അക്രമാസക്തമായതോടെ ചിതറയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലിസും തമ്മില്‍ ഏറ്റുമുട്ടി.

പൗരത്വ ബില്ലിനെതിരായ പ്രതിഷേധം:  ചിതറയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലിസും ഏറ്റുമുട്ടി
X

കൊല്ലം: പൗരത്വ ബില്ലിന് അനുകൂലിച്ച് ബിജെപി നടത്തിയ പ്രചാരണത്തില്‍ ചിതറ പഞ്ചായത്ത് പ്രസിഡന്റ് പങ്കാളിയായതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നടത്തിയ പഞ്ചായത്ത് ഉപരോധ സമരം അക്രമാസക്തമായി. എല്‍ഡിഎഫ് പൗരത്വ ബില്ലിന് അനുകൂല നിലപാടെടുത്തു എന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ്സ് പ്രതിഷേധം. ഉപരോധ സമരം അക്രമാസക്തമായതോടെ ചിതറയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലിസും തമ്മില്‍ ഏറ്റുമുട്ടി. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തനും നാല് പോലിസുകാര്‍ക്കും പരിക്കേറ്റു. ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമൈബ സലാം പൗരത്വ ബില്ലിന് അനുകൂലമായി ബിജെപിയുടെ ലഘുലേഖയുടെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു എന്ന് ആരോപിച്ചാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിന് മുന്നില്‍ ഉപരോധം സംഘടിപ്പിച്ചത്.

ലാത്തി ചാര്‍ജില്‍ യൂത്ത് കോണ്‍ഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി റിയാസിന് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ നാല് പോലിസുകാരായ ക്രൈം എസ്‌ഐ സജീര്‍, സിവില്‍ പോലിസ് ഓഫിസറായ ബൈജു, രജീഷ് കെഎപിയിലെ അന്‍സാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

പോലിസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും പോലിസിനെ ആക്രമിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കോണ്‍ഗ്രസുകാര്‍ക്ക് എതിരെ പോലിസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകനായ മനോജ്, അനില്‍ തുടങ്ങിയവര്‍ ചിതറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ആയ ഉമൈബ സലാമിന്റെ വീട്ടിലെത്തുകയും ഒരു നിവേദനം കൈമാറുകയും ചെയ്തു. ഇത് പൗരത്വ ബില്ലിനെ അനുകൂലമായ ലഘുലേഖ എന്ന രീതിയില്‍ ബിജെപി പ്രവര്‍ത്തകരും കോണ്‍ഗ്രസുകാരും വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും പ്രചരിപ്പിച്ചു. എല്‍ഡിഎഫ് പൗരത്വ ബില്ലിന് അനുകൂലമായ നിലപാട് എടുത്തു എന്ന് ആരോപിച്ചാണ് പഞ്ചായത്ത് ഓഫിസിലേക്ക് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമരം സംഘടിപ്പിച്ചത്. ഈ സമരമാണ് അക്രമത്തില്‍ കലാശിച്ചത്.

Next Story

RELATED STORIES

Share it