പട്ടിണിക്കൊപ്പം കുട്ടികള്‍ ക്രൂരമര്‍ദനത്തിനിരയായി; പിതാവിനെതിരേ കേസെടുക്കും

പിതാവ് നിരന്തരമായി മര്‍ദിച്ചിരുന്നതായി കുട്ടികള്‍ ശിശുക്ഷേമ സമിതിക്ക് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പട്ടിണിക്കൊപ്പം കുട്ടികള്‍ ക്രൂരമര്‍ദനത്തിനിരയായി; പിതാവിനെതിരേ കേസെടുക്കും

തിരുവനന്തപുരം: വഞ്ചിയൂരില്‍ പട്ടിണി കാരണം ശിശുക്ഷേമസമിതി സംരക്ഷണം ഏറ്റെടുത്ത നാല് കുട്ടികളുടെ പിതാവിനെതിരേ കേസെടുക്കും. കുട്ടികളെ മര്‍ദിച്ചതിനാണ് പിതാവിനെതിരേ കേസെടുക്കുന്നത്. പിതാവ് നിരന്തരമായി മര്‍ദിച്ചിരുന്നതായി കുട്ടികള്‍ ശിശുക്ഷേമ സമിതിക്ക് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്നലെയാണ് കൈതമുക്കിലെ റെയില്‍വേ പുറമ്പോക്കിലെ ഷെഡില്‍ കഴിയുന്ന കുടുംബത്തിലെ നാല് മക്കളെ ശിശുക്ഷേമസമിതി ഏറ്റെടുത്തത്. കടുത്ത പട്ടിണി കാരണം കുട്ടികളെ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ശിശുക്ഷേമസമിതി ഓഫിസില്‍ അമ്മ അപേക്ഷ നല്‍കിയതോടെയാണ് സംഭവം പുറത്താവുന്നത്.

തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെത്തി ഇവരെ ഏറ്റെടുക്കുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ കാണുന്നുണ്ട്. കുട്ടികളെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. നാളെ മുതല്‍ കുട്ടികളെ സ്‌കൂളിലേക്ക് അയക്കുമെന്നും ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ദീപക് പറഞ്ഞു. ആറുകുട്ടികളാണ് ഇവര്‍ക്കുള്ളത്. മൂത്ത കുട്ടിക്ക് 7 വയസ്സും ഏറ്റവും ഇളയ കുട്ടിക്ക് മൂന്നുമാസവുമാണ് പ്രായം. കൂലിപ്പണിക്കാരനായ ഭര്‍ത്താവ് മദ്യപാനിയാണ്. ഭക്ഷണത്തിനുള്ള വക ഭര്‍ത്താവ് തരാറില്ല. വിശപ്പടക്കാന്‍ മൂത്ത കുട്ടി മണ്ണ് വാരി തിന്നുന്ന അവസ്ഥ പോലുമുണ്ടായെന്ന് ശിശുക്ഷേമസമിതിക്ക് നല്‍കിയ കത്തില്‍ യുവതി വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരത്തെ മഹിളാമന്ദിരത്തില്‍ കഴിയുന്ന അമ്മയെയും രണ്ട് കുട്ടികളെയും വെള്ളനാട് പുനലാലുള്ള ഡയില്‍ വ്യൂ എന്ന മന്ദിരത്തിലേക്ക് മാറ്റും. റേഷന്‍ കാര്‍ഡോ മറ്റ് സര്‍ക്കാര്‍ രേഖകളോ ഇല്ലാത്ത കുടുംബത്തിന് കൊടിയ ദാരിദ്ര്യം കണക്കിലെടുത്ത് ഫഌറ്റ് നല്‍കുമെന്നും തിരുവനന്തപുരം നഗരസഭയില്‍ ഇന്നുതന്നെ താല്‍ക്കാലിക ജോലി നല്‍കുമെന്നുമാണ് മേയറുടെ വാഗ്ദാനം. കുട്ടികള്‍ക്ക് കുടുംബവുമൊത്ത് താമസിക്കാന്‍ സാഹചര്യമൊരുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയും വ്യക്തമാക്കിയിട്ടുണ്ട്. കുടുംബത്തിന്റെ സംരക്ഷണം സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കും. കുടുംബത്തിന് ആവശ്യമുള്ള സാധനങ്ങള്‍ എത്തിച്ചിട്ടുണ്ട്. തുടര്‍ന്നും സഹായം ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top