Kerala

ചെല്ലാനം സമഗ്രവികസനം: കരട് റിപ്പോര്‍ട്ട് ഒരു മാസത്തിനകം സര്‍ക്കാരിന് സമര്‍പ്പിക്കും

വിദഗ്ദര്‍ അവതരിപ്പിച്ച നിര്‍ദ്ദേശങ്ങളോടൊപ്പം ചെല്ലാനത്തെ ജനങ്ങളുടെ തദ്ദേശീയ വിജ്ഞാനവും സമന്വയിപ്പിച്ചുകൊണ്ടായിക്കും പദ്ധതി രേഖ തയ്യാറാക്കുകയെന്ന് കുഫോസ് വൈസ് ചാന്‍സലര്‍ ഡോ.കെ റിജി ജോണ്‍ പറഞ്ഞു. പൂര്‍ണ്ണമായ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കും. കുഫോസിനൊപ്പം വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും പങ്കാളിത്വത്തോടെയായിരിക്കും ചെല്ലാനം സമഗ്രവികസന പദ്ധതി നടപ്പിലാക്കുക

ചെല്ലാനം സമഗ്രവികസനം: കരട് റിപ്പോര്‍ട്ട് ഒരു മാസത്തിനകം സര്‍ക്കാരിന് സമര്‍പ്പിക്കും
X

കൊച്ചി:കടലാക്രമണം മൂലം ജനജീവിതം ദുസ്സഹമായ ചെല്ലാനം ഗ്രാമപഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മാതൃക മല്‍സ്യഗ്രാമ പദ്ധതിയില്‍ നടപ്പിലാക്കേണ്ട ശാസ്ത്രീയ സമഗ്രവികസന പരിപാടികളുടെ കരട് റിപ്പോര്‍ട്ട് ഒരു മാസത്തിനകം സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ കേരള ഫിഷറസ് സമുദ്രപഠന സര്‍വ്വകലാശാലയില്‍ (കുഫോസില്‍) ചേര്‍ന്ന വിദഗ്ദരുടെ കൂടിയാലോചന യോഗം തീരുമാനിച്ചു. കുഫോസില്‍ ചേര്‍ന്ന യോഗത്തില്‍ വിദഗ്ദര്‍ അവതരിപ്പിച്ച നിര്‍ദ്ദേശങ്ങളോടൊപ്പം ചെല്ലാനത്തെ ജനങ്ങളുടെ തദ്ദേശീയ വിജ്ഞാനവും സമന്വയിപ്പിച്ചുകൊണ്ടായിക്കും പദ്ധതി രേഖ തയ്യാറാക്കുകയെന്ന് കുഫോസ് വൈസ് ചാന്‍സലര്‍ ഡോ.കെ റിജി ജോണ്‍ പറഞ്ഞു.

പൂര്‍ണ്ണമായ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കും. കുഫോസിനൊപ്പം വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും പങ്കാളിത്വത്തോടെയായിരിക്കും ചെല്ലാനം സമഗ്രവികസന പദ്ധതി നടപ്പിലാക്കുക. ഒരോ ഡിപ്പാര്‍ട്ട്‌മെന്റും ഏജന്‍സിയും നിര്‍വഹിക്കേണ്ട പങ്ക് പദ്ധതി രേഖയില്‍ വ്യക്തമായി ഉള്‍പ്പെടുത്തും.സമാധാനത്തോടെയുള്ള ഉറക്കം നഷ്ടപ്പെട്ട ജനയതാണ് ചെല്ലാനത്ത് ഉള്ളത്. അവരുടെ സമാധാനപൂര്‍ണ്ണമായ ജീവിതത്തിന് ഉതകുന്ന സാമൂഹ്യ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ദീര്‍ഘകാല പദ്ധതിയായിരുക്കും ചെല്ലാനത്ത് നടപ്പിലാക്കുകയെന്നും ഡോ.കെ.റിജി.ജോണ്‍ പറഞ്ഞു.

ഫിഷറിസ്-സാംസ്‌കാരിക വകുപ്പ് മന്ത്രിയും കുഫോസ് പ്രോ ചാന്‍സലറുമായ സജി ചെറിയാന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ കൂടിയാലോചന യോഗം ഉദ്ഘാടനം ചെയ്തു. 17 കിലോമീറ്റര്‍ കടല്‍ത്തീരമുള്ള ചെല്ലാനം ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്നത് കടല്‍ക്ഷോഭ ദുരിതങ്ങള്‍ക്കുള്ള പരിഹാരം മാത്രമല്ല. ചെല്ലാനത്തിന്റെ സമഗ്രമായ വികസനവും അവിടുത്തെ ജനങ്ങളുടെ സാമൂഹിക സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന മാതൃക പദ്ധതിയാണെന്ന് മന്ത്രി പറഞ്ഞു.

എല്ലാ അടിസ്ഥാന സൗകര്യങ്ങളുടെയും വികസനം ഈ പദ്ധതിയിലുണ്ടാകും. ആവശ്യമാണെങ്കില്‍ പാലങ്ങള്‍ പണിയും. ഭവന പുനര്‍നിര്‍മ്മാണവും പുനരധിവാസവും ആവശ്യമാണെങ്കില്‍ നടപ്പിലാക്കുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. വ്യവസായ മന്ത്രി പി രാജീവ് ഓണ്‍ലൈനായി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ സംസ്ഥാനത്തെ സര്‍വ്വകലാശാലകള്‍ക്ക് പലതും ചെയ്യാന്‍ കഴിയും. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് വലിയ പ്രതീക്ഷയുണ്ട്. ഇത് പ്രായോഗികമായി നടപ്പിലാക്കുന്നതിനുള്ള ആദ്യ പടിയായിട്ടാണ് ചെല്ലാനം മാതൃകാ മത്സ്യഗ്രാമ പദ്ധതിയുടെ നടത്തിപ്പ് കുഫോസിനെ ഏല്‍പ്പിച്ചെതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.എംഎല്‍എ മാരായ കെ ബാബു,കെ ജെ മാക്‌സി, ചെല്ലാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് കെ ഡി പ്രസാദ്, കുഫോസ് രജിസ്ട്രാര്‍ ഡോ.ബി മനോജ് കുമാര്‍, ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഡോ.കെ ദിനേഷ് സംസാരിച്ചു

പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ.കെ വി തോമസ് കൂടിയാലോചന യോഗത്തില്‍ ആമുഖ അവതരണം നടത്തി. എന്‍സിസിആര്‍ ഡയറക്ടര്‍ ഡോ. രമണമൂര്‍ത്തി ചെല്ലാനം നേരിടുന്ന പരിസ്ഥിതി ആഘാതങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഷേക്ക് പരീത്(കോസ്റ്റല്‍ ഏരിയ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍) ഇഗ്‌നേഷ്യസ് മണ്‍റോ( ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ്), ഡോ.എസ് അഭിലാഷ് (കുസാറ്റ്), സമ്പത്ത് കുമാര്‍ (കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്), കെ രഘുരാജ് (കുഫോസ്), പരിതോഷ് ബാല (കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്), ഡോ.ചന്ദ്രമോഹന്‍ കുമാര്‍ (ശാസ്ത്രസാഹിത്യ പരിഷത്ത്), ഫാ.ആന്റണിയോ പോള്‍ (കടല്‍), വി ടി സെബാസ്റ്റ്യന്‍ (ചെല്ലാനം ജനകീയ വേദി) ചാള്‍സ് ജോര്‍ജ് (ടിയുസിഐ), ആന്റണി ഷീലന്‍ ( സിഐടിയു),എം ആര്‍ അശോകന്‍ (ഐഎന്‍ടിയുസി), ജോസി ആന്റണി (ബിജെപി), ക്‌ളീറ്റസ് പുന്നയ്ക്ക്കല്‍ (എഐടിയുസി) എന്നിവര്‍ ചെല്ലാനം നേരിടുന്ന പാരിസ്ഥിതകവും സാങ്കേതികവും സാമൂഹികവുമായ വെല്ലുവിളികളെ കുറിച്ച് സംസാരിച്ചു.

Next Story

RELATED STORIES

Share it