Kerala

ചാനല്‍ കാമറാമാന്‍ ബൈക്കപകടത്തില്‍ മരിച്ചു

മൃതദേഹം കണ്ണൂര്‍ എകെജി സഹകരണാശുപത്രി മോര്‍ച്ചറിയില്‍

ചാനല്‍ കാമറാമാന്‍ ബൈക്കപകടത്തില്‍ മരിച്ചു
X

കണ്ണൂര്‍: മാതൃഭൂമി ന്യൂസ് കണ്ണൂര്‍ ബ്യൂറോയിലെ സീനിയര്‍ കാമറമാന്‍ പ്രതീഷ് എം വെള്ളിക്കീല്‍ (35) ബൈക്കപകടത്തില്‍ മരിച്ചു. പാപ്പിനിശേരി ദേശീയപാതയില്‍ ബുള്ളറ്റ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. ഇന്നു പുലര്‍ച്ചെ ഒന്നോടെ പാപ്പിനിശേരി ചുങ്കത്താണ് അപകടം. ഇന്നലെ രാത്രി മാതൃഭൂമി ചാനല്‍ തിരഞ്ഞെടുപ്പ് പരിപാടിയായ പടയോട്ടത്തിന്റെ കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറിലെ ഷൂട്ട് കഴിഞ്ഞ് സ്വന്തം ബുള്ളറ്റ് ബൈക്കില്‍ വീട്ടിലേക്ക് പോവുമ്പോഴാണ് അപകടം. എതിര്‍ദിശയില്‍ നിന്നു മറികടന്ന് വന്ന വാഹനം കണ്ട് ബൈക്ക് വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിക്കുകയായിരുന്നു. ചോരവാര്‍ന്ന് കിടന്ന പ്രതീഷിനെ കര്‍ണാടകയില്‍ നിന്നുള്ള യാത്രക്കാരും വളപട്ടണം പാലത്തില്‍ മീന്‍പിടിക്കുകയായിരുന്ന മല്‍സ്യത്തൊഴിലാളികളും ചേര്‍ന്ന് കണ്ണൂര്‍ എകെജി ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചുവെന്ന് വളപട്ടണം പോലിസ് പറഞ്ഞു. മൃതദേഹം കണ്ണൂര്‍ എകെജി സഹകരണാശുപത്രി മോര്‍ച്ചറിയില്‍. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കണ്ണൂര്‍ പ്രസ് ക്ലബില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ഇതിനു ശേഷം വെള്ളിക്കീല്‍ കൈരളി വായനശാലയിലും പൊതുദര്‍ശനത്തിനു വച്ച ശേഷം വീട്ടിലേക്കു കൊണ്ടുപോവും. ഉച്ചയ്ക്കു രണ്ടിന് വെള്ളിക്കീല്‍ ശ്മശാനത്തില്‍ സംസ്‌കരിക്കും. വെള്ളിക്കീലിലെ പരേതനായ മണിയമ്പാറ നാരായണന്‍ നാരായണി-ദമ്പതികളുടെ മകനാണ്. ഭാര്യ: ഹേഷ്മ(പാപ്പിനിശേരി കോഓപ് റേറ്റീവ് റൂറല്‍ ബാങ്ക്, കണ്ണപുരം ശാഖ). സഹോദരങ്ങള്‍. അഭിലാഷ്, നിധീഷ്. നേരത്തെ സീല്‍ ടിവി, ഇന്ത്യാവിഷന്‍, റിപ്പോര്‍ട്ടര്‍ ചാനലുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏഴു വര്‍ഷമായി മാതൃഭൂമി ന്യൂസില്‍ ജോലി ചെയ്യുകയായിരുന്നു.

പ്രതീഷ് വെള്ളിക്കീലിന്റെ മരണത്തെ തുടര്‍ന്ന് ഇന്ന് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടന്‍ മന്ദിരത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാര്‍ത്താസമ്മേളനം മാറ്റിവച്ചതായി അറിയിച്ചു.






Next Story

RELATED STORIES

Share it