Kerala

മോട്ടോര്‍ വാഹന നിയമഭേദഗതി: ഗതാഗതമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന് തിരുവനന്തപുരത്ത്

ഉയര്‍ന്ന പിഴ ഈടാക്കുന്നതിനെതിരേ ഭരണകക്ഷിയില്‍നിന്നടക്കം സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് പുനരാലോചനയ്ക്ക് സര്‍ക്കാര്‍ തയ്യാറായത്. പിഴത്തുക കുറയ്ക്കുന്നതിന്റെ സാധ്യത യോഗം ചര്‍ച്ച ചെയ്യും. അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ അന്തിമനിലപാട് വന്നതിനുശേഷമായിരിക്കും സംസ്ഥാനം പുതിയ വിജഞാപനം ഇറക്കുക.

മോട്ടോര്‍ വാഹന നിയമഭേദഗതി: ഗതാഗതമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന് തിരുവനന്തപുരത്ത്
X

തിരുവനന്തപുരം: കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിലെ വര്‍ധിപ്പിച്ച പിഴത്തുക ഈടാക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ചര്‍ച്ച ചെയ്യാന്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ പത്തിരട്ടിവരെ വര്‍ധിപ്പിച്ചാണ് കേന്ദ്രം നിയമം ഭേദഗതി ചെയ്ത് വിജ്ഞാപനം പുറത്തിറക്കിയത്. കേന്ദ്രനിയമം വന്നയുടന്‍ സംസ്ഥാനവും മോട്ടോര്‍ വാഹനനിയമം ഭേദഗതി ചെയ്തുകൊണ്ട് വിജ്ഞാപനമിറക്കി.

ഉയര്‍ന്ന പിഴ ഈടാക്കുന്നതിനെതിരേ ഭരണകക്ഷിയില്‍നിന്നടക്കം സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് പുനരാലോചനയ്ക്ക് സര്‍ക്കാര്‍ തയ്യാറായത്. പിഴത്തുക കുറയ്ക്കുന്നതിന്റെ സാധ്യത യോഗം ചര്‍ച്ച ചെയ്യും. അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ അന്തിമനിലപാട് വന്നതിനുശേഷമായിരിക്കും സംസ്ഥാനം പുതിയ വിജഞാപനം ഇറക്കുക. കേന്ദ്ര നിയമമനുസരിച്ച് വിജ്ഞാപനം ഇറക്കാത്ത സംസ്ഥാനങ്ങള്‍ നിരക്ക് കുറച്ച് ഉത്തരവ് ഇറക്കിത്തുടങ്ങിയിരുന്നു.

ബിജെപി ഭരിക്കുന്ന ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളാണ് പിഴ പകുതിയായി കുറച്ചത്. ഈ സാഹചര്യത്തില്‍ നിയമപരമായ സാധ്യതയെക്കുറിച്ച് പഠിക്കാന്‍ ഗതാഗത സെക്രട്ടറിക്ക് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ റിപോര്‍ട്ടും ഇന്ന് ചേരുന്ന യോഗത്തില്‍ ചര്‍ച്ചയാവും.- കേന്ദ്രനിയമം മറികടക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന്റെ സാധ്യതയാണ് സംസ്ഥാനം ആദ്യം തേടിയിരുന്നത്. എന്നാല്‍, പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാമെന്നും ഇതുംസബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ഇതുവരെയായും സംസ്ഥാനത്തിന് ഇക്കാര്യത്തില്‍ യാതൊരു വിശദീകരണവും കേന്ദ്രത്തില്‍നിന്ന് ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കേന്ദ്രത്തിന്റെ മറുപടി വരുന്നതുവരെ പിഴത്തുക കുറയ്ക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം സംസ്ഥാനത്തുണ്ടാവാന്‍ സാധ്യതയില്ലെന്നാണ് വിവരം. അതേസമയം, ഉയര്‍ന്ന പിഴയില്‍ ഒറ്റത്തവണ ഇളവുനല്‍കിയാല്‍ മതിയെന്ന നിര്‍ദേശവും മോട്ടോര്‍ വാഹനവകുപ്പ് മുന്നോട്ടുവച്ചിട്ടുണ്ട്. ഓണക്കാലത്ത് ഉയര്‍ന്ന പിഴ ഈടാക്കരുതെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഗതാഗതമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ആശയക്കുഴപ്പം ഒഴിവാക്കാന്‍ കേന്ദ്രം പുതിയ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Next Story

RELATED STORIES

Share it