Kerala

തൊടുപുഴയില്‍ സ്പൈസസ് പാര്‍ക്ക് പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം

സുഗന്ധവ്യഞ്ജനങ്ങളുടെ മൂല്യവര്‍ധനയാണ് പാര്‍ക്കിന്റെ മുഖ്യലക്ഷ്യം.19.88 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 5.67 കോടി രൂപ കേന്ദ്ര വിഹിതമായും ബാക്കി 14.21 കോടി രൂപ സംസ്ഥാന വിഹിതമായും ലഭിക്കും.

തൊടുപുഴയില്‍ സ്പൈസസ് പാര്‍ക്ക് പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം
X

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ സ്പൈസസ് പാര്‍ക്ക് പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. മുട്ടത്തെ 15.43 ഏക്കര്‍ സ്ഥലത്ത് കിന്‍ഫ്രയുടെ കീഴിലായിരിക്കും പാര്‍ക്ക് പ്രവര്‍ത്തിക്കുക. കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെ (എംഎസ്എംഇ) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അനുമതി ലഭിച്ചത്. സുഗന്ധവ്യഞ്ജനങ്ങളുടെ മൂല്യവര്‍ധനയാണ് പാര്‍ക്കിന്റെ മുഖ്യലക്ഷ്യം.19.88 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 5.67 കോടി രൂപ കേന്ദ്ര വിഹിതമായും ബാക്കി 14.21 കോടി രൂപ സംസ്ഥാന വിഹിതമായും ലഭിക്കും.

21 മാസം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാണ് കിന്‍ഫ്ര ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഇ പി ജയരാജൻ അറിയിച്ചു. ഇടുക്കി മേഖലയിലെ കര്‍ഷകര്‍ക്ക് ഈ പദ്ധതി ഊര്‍ജ്ജം പകരും. കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് നല്ല മാര്‍ക്കറ്റാണുള്ളത്. പദ്ധതിയുടെ വരവോടെ ഇത് ശക്തമാകും. നാണ്യവിളകള്‍ വില്‍പ്പന നടത്തുന്നതില്‍ കര്‍ഷകര്‍ പ്രതിസന്ധി നേരിടുന്നുണ്ട്. കര്‍ഷകരെ സംരക്ഷിച്ചു കൊണ്ട് അവര്‍ക്ക് നല്ല വില ഉറപ്പാക്കാന്‍ പാര്‍ക്കിന് കഴിയും. അതുവഴി കൂടുതല്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കാനും മേഖലയിലെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും സാധിക്കും. സുഗന്ധവ്യഞ്ജനങ്ങളുടെ വിദേശ വ്യാപാരവും ശക്തിപ്പെടുത്താന്‍ പദ്ധതിക്ക് സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പാര്‍ക്കില്‍ ജലം, വൈദ്യുതി, റോഡ്, മാലിന്യ സംസ്‌ക്കരണ പ്ലാന്റ്, വെയര്‍ ഹൗസ്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ കിന്‍ഫ്ര വികസിപ്പിക്കും. പദ്ധതിക്കായി 45 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പാര്‍ക്ക് പ്രവര്‍ത്തനസജ്ജമാകുന്നതോടെ കേരള വ്യവസായ ഭൂപടത്തില്‍ ഇടുക്കിക്ക് മികച്ച സ്ഥാനം ലഭിക്കും.

Next Story

RELATED STORIES

Share it