Kerala

എന്‍ആര്‍സി പിന്‍വലിക്കുന്നതുവരെ സെന്‍സസ് നടപടികള്‍ നിര്‍ത്തിവയ്ക്കണം: എസ്ഡിപിഐ

സെന്‍സസ് നടപടികള്‍ക്കായി എന്യൂമറേറ്റര്‍മാരെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചാല്‍ അതിന്റെ നിയന്ത്രണം പൂര്‍ണമായും കേന്ദ്രസര്‍ക്കാരിനാണ്. സെന്‍സസിലൂടെ കൊടുക്കുന്ന വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ കൈയിലെത്തുമ്പോള്‍ അത് എന്‍പിആര്‍ ആയി മാറും.

എന്‍ആര്‍സി പിന്‍വലിക്കുന്നതുവരെ സെന്‍സസ് നടപടികള്‍ നിര്‍ത്തിവയ്ക്കണം: എസ്ഡിപിഐ
X

തിരുവനന്തപുരം: സിഎഎയും എന്‍ആര്‍സിയും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുന്നതുവരെ സെന്‍സസ് നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. അപ്‌ഡേഷന്‍ ഓഫ് ദി എന്‍പിആര്‍ 2020 എന്ന കേന്ദ്രസര്‍ക്കാര്‍ ഗസറ്റ് നോട്ടിഫിക്കേഷന്‍ അനുസരിച്ചാണ് സെന്‍സസ് നടപടികള്‍ സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്നത്. സെന്‍സസ് നടപടികള്‍ക്കായി എന്യൂമറേറ്റര്‍മാരെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചാല്‍ അതിന്റെ നിയന്ത്രണം പൂര്‍ണമായും കേന്ദ്രസര്‍ക്കാരിനാണ്.

സെന്‍സസിലൂടെ കൊടുക്കുന്ന വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ കൈയിലെത്തുമ്പോള്‍ അത് എന്‍പിആര്‍ ആയി മാറും. 2003 ല്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയ് കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമപ്രകാരം എന്‍പിആര്‍, എന്‍ആര്‍സി ആക്കാമെന്നു വ്യക്തമാക്കുന്നു. ഇപ്പോള്‍ രണ്ടുഘട്ടമായാണ് സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. ആദ്യഘട്ടത്തില്‍ എല്ലാ ചോദ്യങ്ങളും ഉള്‍പ്പെടുത്തിയില്ലെന്നാണ് വാദം. അടുത്ത ഫെബ്രുവരിയില്‍ ഇതേ എന്യൂമറേറ്റര്‍മാരെ വച്ച് വീണ്ടും രണ്ടാംഘട്ടം വിവരശേഖരണം നടത്തും. അന്ന് ചിലര്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായാല്‍ വിവരങ്ങള്‍ നല്‍കാത്തവര്‍ സംശയ (ഡി വോട്ടര്‍) വോട്ടര്‍മാരായി മാറും. ഇവിടെ സെന്‍സസ് എന്‍പിആര്‍ ആയും എന്‍പിആര്‍ എന്‍ആര്‍സി ആയും മാറുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.

അതിനാല്‍, ഒരുവശത്ത് എന്‍ആര്‍സി വിരുദ്ധ സമരവും മറുവശത്തുകൂടി എന്‍ആര്‍സി നടപ്പാക്കുകയും ചെയ്യുന്നത് ചതിയാണ്. അതിനാല്‍, സിഎഎയും എന്‍ആര്‍സിയും പിന്‍വലിക്കുന്നതുവരെ സെന്‍സസ് നടപടികള്‍ നിര്‍ത്തിവയ്ക്കാനുള്ള ആര്‍ജവം പിണറായി സര്‍ക്കാര്‍ കാണിക്കണമെന്നും പ്രവര്‍ത്തകസമിതി ആവശ്യപ്പെട്ടു. പൗരത്വപ്രക്ഷോഭങ്ങളില്‍ എസ്ഡിപിഐ നുഴഞ്ഞുകയറി പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വാസ്തവവിരുദ്ധവും വര്‍ഗീയവിഭജനത്തിലൂടെ വോട്ട് ബാങ്ക് ലക്ഷ്യംവച്ചുള്ളതുമാണെന്നും യോഗം വിലയിരുത്തി.

പൗരത്വ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ മൂവാറ്റുപുഴ അഷറഫ് മൗലവി, എം കെ മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയി അറയ്ക്കല്‍, തുളസീധരന്‍ പള്ളിക്കല്‍, ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍, സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, പി ആര്‍ സിയാദ്, കെ എസ് ഷാന്‍, സെക്രട്ടറിയേറ്റംഗങ്ങളായ പി കെ ഉസ്മാന്‍, പി പി മൊയ്തീന്‍ കുഞ്ഞ്, ഇ എസ് കാജാ ഹുസൈന്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it