Kerala

യൂനിയന്‍ നേതാക്കള്‍ക്ക് വിദേശ പരിശീലനം; സര്‍ക്കാര്‍ ചെലവില്‍ എസ്എഫ്‌ഐകാരുടെ ലണ്ടന്‍ യാത്രയാകുമെന്ന് കാംപസ് ഫ്രണ്ട്

മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും കുടുംബാംഗങ്ങളുമൊന്നിച്ചുള്ള വിദേശയാത്ര കടുത്ത വിമര്‍ശനം നേരിട്ട ഘട്ടത്തില്‍ത്തന്നെ സര്‍ക്കാര്‍ തീരുമാനം തികഞ്ഞ ധാര്‍ഷ്ട്യമാണെന്നും മുസമ്മില്‍ പറഞ്ഞു.

യൂനിയന്‍ നേതാക്കള്‍ക്ക് വിദേശ പരിശീലനം;   സര്‍ക്കാര്‍ ചെലവില്‍ എസ്എഫ്‌ഐകാരുടെ ലണ്ടന്‍ യാത്രയാകുമെന്ന് കാംപസ് ഫ്രണ്ട്
X

കോഴിക്കോട്: കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കെ പരിശീലനത്തിനെന്ന പേരില്‍ ഗവണ്‍മെന്റ് കോളജ് യൂനിയന്‍ ഭാരവാഹികളെ ലണ്ടനില്‍ കൊണ്ടു പോകുന്നത് ധൂര്‍ത്താണെന്നും തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എ എസ് മുസമ്മില്‍ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും മൂലം ജനങ്ങള്‍ മുമ്പെങ്ങുമില്ലാത്ത ബുദ്ധിമുട്ട് അഭിമുഖീകരിച്ചു കൊണ്ടിരിക്കുമ്പോഴാണ് സര്‍ക്കാരിന്റെ ഈ ധൂര്‍ത്ത്. ഉന്നത വിദ്യാഭ്യാസ വകുപ്പും സര്‍ക്കാര്‍ നോമിനികള്‍ ഭരിക്കുന്ന സര്‍വ്വകലാശാലകളും ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് ഇപ്പോള്‍ കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്. അത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ മുന്‍കൈയെടുക്കേണ്ടത്.

അക്രമ രാഷ്ട്രീയത്തിലൂടെയും ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെയും വിദ്യാര്‍ഥികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടവരാണ് മിക്കയൂനിയനുകളുടെയും തലപ്പത്തുള്ളത്. കുറേ എസ്എഫ്‌ഐക്കാര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ വിദേശയാത്ര നടത്താനുള്ള പരിപാടിയായി ഇത് മാറും എന്നതില്‍ സംശയമില്ല.

നേതൃ പരിശീലനത്തിന് സംസ്ഥാനത്തും രാജ്യത്തിനകത്തുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണം. അല്ലെങ്കില്‍ വിദേശത്ത് നിന്നുള്ള നല്ലഫാക്കല്‍റ്റികളെ ഇങ്ങോട്ടേക്ക് ക്ഷണിച്ച് വരുത്തുകയാണ് വേണ്ടത്. മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും കുടുംബാംഗങ്ങളുമൊന്നിച്ചുള്ള വിദേശയാത്ര കടുത്ത വിമര്‍ശനം നേരിട്ട ഘട്ടത്തില്‍ത്തന്നെ സര്‍ക്കാര്‍ കൈക്കൊണ്ട ഈ തീരുമാനം തികഞ്ഞ ധാര്‍ഷ്ട്യമാണെന്നും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മുസമ്മില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it