Top

'കുലസ്ത്രീയില്‍നിന്ന് പ്രജ്ഞാ സിങ് താക്കൂര്‍മാരിലേക്കുള്ള ദൂരം കുറയുന്നു'

വര്‍ഷങ്ങളുടെ ചിട്ടയായ, ആസൂത്രിതവും അതിസൂക്ഷ്മവുമായ, എന്നാല്‍ അതിഗൂഢമായ വര്‍ഗീയപ്രചാരണ പദ്ധതിയിലൂടെ പരുവപ്പെടുത്തിയെടുക്കപ്പെട്ടവരാണിവര്‍. അനേകം ക്ഷേത്രങ്ങള്‍ ആ ഗൂഢപദ്ധതിയുടെ പരീക്ഷണശാലകളായി ദുരുപയോഗിക്കപ്പെട്ടുവരുന്നു. അതിനാണ് ആര്‍എസ്എസ് ക്ഷേത്രങ്ങള്‍ കൈവശപ്പെടുത്തിവയ്ക്കുന്നത്.

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംഘപരിവാര്‍ സംഘടനയായ വിഎച്ച്പി നടത്തിയ പരിപാടിയില്‍ പ്രതിഷേധിച്ച യുവതിക്കുനേരേയുണ്ടായ ആക്രമണം സോഷ്യല്‍ മീഡിയകളില്‍ അടക്കം സജീവചര്‍ച്ചാവിഷയമായിരിക്കുകയാണ്. എറണാകുളം പാവക്കുളം ക്ഷേത്രത്തിലെ പരിപാടിയില്‍ പ്രതിഷേധിച്ച തിരുവനന്തപുരം സ്വദേശി അഞ്ജിത ഉമേഷിന് നേരെയാണ് സംഘപരിവാര അനുകൂലികളായ സ്ത്രീകള്‍ ആക്രോശവും കൈയേറ്റവും നടത്തിയത്. യോഗസ്ഥലത്തുനിന്ന് യുവതിയെ സ്ത്രീകള്‍ പുറത്താക്കിയതിന് പിന്നാലെ ഹിന്ദു ഐക്യവേദി യുവതിക്കെതിരേ പരാതി കൊടുക്കുകയും ചെയ്തു. യുവതിക്കെതിരായ സംഘടിതമായി കുലസ്ത്രീകള്‍ നടത്തിയ ആക്രമണത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ എംപി കൂടിയായ എം ബി രാജേഷ്.

എം ബി രാജേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പാവക്കുളം ക്ഷേത്രമുറ്റത്ത് കണ്ട ക്രുദ്ധയായ കുലസ്ത്രീയില്‍നിന്ന് പ്രജ്ഞ്യാ സിങ് താക്കുര്‍മാരിലേക്കുള്ള ദൂരം കുറയുന്നതിന്റെ വേഗം കൂടുന്നുണ്ട് ഈ കേരളത്തിലും. ആ കുലസ്ത്രീ എത്ര ആത്മാര്‍ഥമായാണ് വര്‍ഗീയാക്രോശം നടത്തുന്നത്? വിളിച്ചുപറയുന്നതില്‍ അവര്‍ നൂറുശതമാനം വിശ്വസിക്കുന്നുണ്ട്. അവര്‍ക്കോ അവരെ പോലെ ചിന്തിക്കുന്നവര്‍ക്കോ അവരുടെ പെരുമാറ്റത്തില്‍ ഒട്ടും അസ്വാഭാവികത തോന്നുന്നില്ല. മണിച്ചിത്രതാഴിലെ ഗംഗയെപ്പോലെ. ഇങ്ങനെയുള്ള കുലസ്ത്രീകളാണ് ഫാഷിസത്തിന്റെ റിസര്‍വ് ആര്‍മി. അവരെ പരിഹസിച്ചതുകൊണ്ടും എതിര്‍ത്തതുകൊണ്ടുമായില്ല. അതുപോലും മനസ്സിലാക്കാനാവുന്നവരല്ല അവരൊന്നും. കുലസ്ത്രീകളുടെ ഈ റിസര്‍വ് ആര്‍മിയെ സൃഷ്ടിക്കുന്ന പദ്ധതിയെ നേരിടുകയാണ് പ്രധാനം.

വര്‍ഷങ്ങളുടെ ചിട്ടയായ, ആസൂത്രിതവും അതിസൂക്ഷ്മവുമായ, എന്നാല്‍ അതിഗൂഢമായ വര്‍ഗീയപ്രചാരണ പദ്ധതിയിലൂടെ പരുവപ്പെടുത്തിയെടുക്കപ്പെട്ടവരാണിവര്‍. അനേകം ക്ഷേത്രങ്ങള്‍ ആ ഗൂഢപദ്ധതിയുടെ പരീക്ഷണശാലകളായി ദുരുപയോഗിക്കപ്പെട്ടുവരുന്നു. അതിനാണ് ആര്‍എസ്എസ് ക്ഷേത്രങ്ങള്‍ കൈവശപ്പെടുത്തിവയ്ക്കുന്നത്. ക്ഷേത്ര മുറ്റങ്ങളില്‍നിന്ന് യഥാര്‍ഥ ആധ്യാത്മിക വ്യക്തിത്വങ്ങളെ തുരത്തി ശശികലമാരെ ആനയിച്ച് അവരുടെ വിഷഭാഷണ വേദികളാക്കി അവയെ മാറ്റി. അത്തരക്കാരിലൂടെ പഴയ നിഷ്‌കളങ്കഭക്തിയെ വര്‍ഗീയമായ അപരവിദ്വേഷവും വെറുപ്പുംകൊണ്ട് പകരംവച്ചുകൊണ്ടിരിക്കുന്നു.

ഭക്തിയുടെ മറപറ്റി നടപ്പാക്കി വരുന്ന വര്‍ഗീയ പ്രചരണ പദ്ധതിയുടെ ശൃംഖല ഇതിലൊങ്ങുന്നില്ല. അത് വാട്ട്‌സ്ആപ്പ് വഴി മനുഷ്യരുടെ ഉള്ളംകൈ വരെ നീണ്ടുകിടക്കുന്നതും വളരെ സുഘടിതവുമായ ഒരു സംവിധാനമാണ്. അതിലൂടെ സൃഷ്ടിക്കപ്പെടുന്നത് വെറും വിശ്വാസികളല്ല. ഉള്ളില്‍ പകയുടെയും വെറുപ്പിന്റെയും മാരകശേഷിയുള്ള സ്‌ഫോടകവസ്തുക്കള്‍ വഹിക്കുന്ന അപമാനവീകരിക്കപ്പെട്ട ആണും പെണ്ണുമാണ്. അവര്‍ക്ക് നെറ്റിയിലെ സിന്ദൂരം മുതല്‍ തെരുവിലെ പശുവരെ എല്ലാം അക്രമോല്‍സുകതയുടെ അടയാളങ്ങളാണ്.

മാനവികതയുടെ ആശയങ്ങള്‍ തളിര്‍ത്ത 20ാം നൂറ്റാണ്ട് മനുഷ്യപ്പറ്റും വിശാല ലോകവീക്ഷണവുമുള്ള അനേകം അഭിമാനികളായ വനിതകളെ സൃഷ്ടിച്ച നാടാണിത്. കെ ആര്‍ ഗൗരിയെപ്പോലെ അക്കാലത്തെ കണ്ണികള്‍ പലതും ഇപ്പോഴുമുണ്ട്. അപരവിദ്വേഷത്തിന്റെ ഈ ഇരുണ്ടകാലം ക്രുദ്ധരായ കുലസ്ത്രീകളെ പോറ്റിവളര്‍ത്തുമ്പോള്‍ അതിന്റെ ആശയസംസ്‌കാരപരിസരത്തെയാണ് ഉന്നംവയ്‌ക്കേണ്ടത്. അതിന് ട്രോളുകള്‍ മതിയാവില്ല. ദീര്‍ഘവീക്ഷണമുള്ള ഒരു സൈദ്ധാന്തിക സാംസ്‌കാരിക വിദ്യാഭ്യാസ പരിപാടി തന്നെ വേണം.


Next Story

RELATED STORIES

Share it