Kerala

നിര്‍മാണ മേഖലയില്‍ ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കണം;പാലാരിവട്ടം പാലം പൊളിക്കണമെന്നത് ദുര്‍വാശി

പരിസ്ഥിതി നിയന്ത്രണങ്ങള്‍ സംബന്ധിച്ച സെഷനില്‍ നിര്‍മാണ അനുമതികള്‍ക്കായി ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കണമെന്നും ബില്‍ഡേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ മരട് ഫ്‌ളാറ്റ് , പാലാരിവട്ടം പാലം വിഷയങ്ങളില്‍ നടന്ന സാങ്കേതിക സെഷനില്‍ ആവശ്യമുയര്‍ന്നു

നിര്‍മാണ മേഖലയില്‍ ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കണം;പാലാരിവട്ടം പാലം പൊളിക്കണമെന്നത് ദുര്‍വാശി
X

കൊച്ചി: മരട് ഫ്ളാറ്റ് പൊളിക്കലിന്റെയും പാലാരിവട്ടം പാലം വിവാദത്തിന്റെയും പശ്ചാത്തലത്തില്‍ നടന്ന ബില്‍ഡേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ മരട് ഫ്‌ളാറ്റ് , പാലാരിവട്ടം പാലം വിഷയങ്ങളില്‍ നടന്ന സാങ്കേതിക സെഷനില്‍ നിറഞ്ഞു നിന്നത് നിര്‍മ്മാണ മേഖലയുടെ ആശങ്കകളും അമര്‍ഷവും. പരിസ്ഥിതി നിയന്ത്രണങ്ങള്‍ സംബന്ധിച്ച സെഷനില്‍ നിര്‍മാണ അനുമതികള്‍ക്കായി ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. വ്യക്തതയും സുതാര്യതയും ഉറപ്പാക്കാന്‍ ഇത് അനിവാര്യമാണ്. വര്‍ഷങ്ങളായി ഇതേ ആവശ്യമുന്നയിക്കുന്നുണ്ടെങ്കിലും ഇത് വരെ നടപ്പാക്കാന്‍ തയാറായിട്ടില്ലെന്ന് മോഡറേറ്ററായിരുന്നു എസ് ഐ പ്രോപ്പര്‍ട്ടി മാനേജിംഗ് ഡയറക്ടര്‍ രഘുചന്ദ്രന്‍ നായര്‍ കുറ്റപ്പെടുത്തി.നമ്മുടെ നാട്ടിലെ നിയമങ്ങളില്‍ ബഹുഭൂരിപക്ഷവും വ്യക്തതയില്ലാത്തതും പ്രായോഗികമായി നടപ്പാക്കാന്‍ ബുദ്ധിമുട്ടുള്ളതുമാണ്. സി ആര്‍ ഇസഡ് നോട്ടിഫിക്കേഷന്‍ സംബന്ധിച്ച് പരിസ്ഥതി മന്ത്രാലയത്തിന് പോലും വേണ്ടത്ര ഗ്രാഹ്യമില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത അഡ്വ. ഹരീഷ് വാസുദേവന്‍ ചൂണ്ടിക്കാട്ടി

.ഭൂമി സംബന്ധിച്ച കൃത്യമാ ഡേറ്റ സര്‍ക്കാരിന്റെ പക്കല്‍ പോലുമില്ല. കൃത്യമായ ലാന്‍ഡ് മാനേജ്മെന്റ് സംവിധാനം കേരളത്തിന് അനിവാര്യമാണ്. വേമ്പനാട് കായല്‍ മലിനീകരണം ഭയാനകമായ രീതിയില്‍ വര്‍ധിക്കുകയാണ്. ഇതില്‍ സര്‍ക്കാരിനോ കോടതികള്‍ക്കോ യാതൊരു സങ്കടവുമില്ല. മരട് ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കിയതോടെ പരിസ്ഥിതി സംരക്ഷിക്കപെട്ടുവെന്നാണ് ചിലരുടെ ധാരണയെന്നും എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ പി ഇസഡ് തോമസ് പറഞ്ഞു.മരടില്‍ യഥാര്‍ഥ ഇരകള്‍ കുറ്റവാളികള്‍ ആക്കപ്പെടുകയാണ് ചെയ്തതെന്ന് ഡോ. നജീബ് സക്കറിയ പറഞ്ഞു. ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചകളും നിഷ്‌ക്രിയത്വവുമാണ് ഇത്തരമൊരു ദുരന്തത്തിലേക്ക് നയിച്ചതിന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബി ടി ആറിലെ ആശയക്കുഴപ്പങ്ങള്‍ മറികടക്കുന്ന തരത്തില്‍ കൃത്യമായ മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കണമെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.


പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ പാലം പൊളിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ വികാരമാണ് ഉയര്‍ന്നത്. ഭാര പരിശോധന ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് അംഗീകരിച്ചിരിക്കെ സംസ്ഥാന സര്‍ക്കാര്‍ എന്തിനാണ് ഭാര പരിശോധനയെ എതിര്‍ക്കുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രമുഖര്‍ ചോദിച്ചു. ഫ്ളൈ ഓവറിന്റെ ബലം അളക്കാന്‍ ഏറ്റവും ക്രിയാത്മകവും ഫലപ്രദവുമായ മാര്‍ഗമാണ് ഭാരപരിശോധന എന്നിരിക്കെ അത് നടത്താതെ ഒളിച്ചോടുന്നത് എന്തിനെന്ന് പ്രതിനിധികള്‍ ചോദ്യമുയര്‍ത്തി. പാലത്തിന് ഉണ്ടായിരുന്ന പാളിച്ചകള്‍ 75 ശതമാനവും ഐ ഐ ടി റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ പരിഹരിച്ചു കഴിഞ്ഞു. ഇനി പാലം പൊളിക്കണമെന് പറയുന്നതില്‍ ഒരു യുക്തിയുമില്ല. പാലത്തില്‍ വിള്ളല്‍ വീണാല്‍ വിള്ളല്‍ അടച്ചു സീല്‍ ചെയുക എന്നതാണ് സാമാന്യ യുക്തി വെച്ച് ചെയ്യെണ്ടത്. അല്ലാതെ പാലം അപ്പാടെ പൊളിച്ചു കളയുക എന്നത് മണ്ടത്തരമാണ്.

സാങ്കേതിക കാര്യങ്ങള്‍ ഒരു പക്ഷെ പൊതു ജനങ്ങള്‍ക്ക് മനസിലാക്കണമെന്നില്ല. പക്ഷെ ഇതേ കുറിച്ച് ആധികാരികമായി പറയാന്‍ കഴിയുന്നവരുടെ അഭിപ്രായങ്ങള്‍ കേട്ടില്ലെന്ന് നടിക്കുന്നത് ശരിയല്ല. ഭരപരിശോധന നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ഐ ഐ ടി ഡല്‍ഹി കോണ്‍ക്രീറ്റ് വിദഗ്ധന്‍ ഡോ. സുപ്രാറ്റിക് ഗുപ്ത,എസ് ടി യു പി കണ്‍സള്‍ട്ടന്റസ് ഡയറക്ടര്‍ സാമുവല്‍ അന്‍പ് തോമസ,് മോഡറേറ്റര്‍ ആയിരുന്ന സ്ട്രക്ച്ചറല്‍ കണ്‍സള്‍ട്ടന്റ് ഡോ. അനില്‍ ജോസഫ് എന്നിവര്‍ ആവശ്യപ്പെട്ടു. പാലം നിര്‍മാണം ഒരു വ്യക്തിയെ മാത്രം ആശ്രയിച്ചു നടപ്പാക്കാവുന്ന ഒന്നല്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത വര്‍ഗീസ് കണ്ണമ്പള്ളി പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയാകുന്നതിനായി ഒട്ടേറെ പേരെ വിശ്വാസത്തില്‍ എടുക്കേണ്ടി വരുമെന്നും വര്‍ഗീസ് കണ്ണമ്പള്ളി പറഞ്ഞു.ഡോ. സി ജെ ജോണ്‍, വി സുനില്‍കുമാര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it