Kerala

സര്‍ക്കാര്‍- ഗവര്‍ണര്‍ തര്‍ക്കത്തിനിടെ നയപ്രഖ്യാപനപ്രസംഗം ഇന്ന്

ഗവര്‍ണര്‍ക്കെതിരേ സഭയില്‍ ഭരണപക്ഷം പ്രതിഷേധിക്കാനിടയില്ല. നയപ്രഖ്യാപന പ്രസംഗത്തോട് എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തില്‍ പ്രതിപക്ഷ നിലപാട് രാവിലെ ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനിക്കും.

സര്‍ക്കാര്‍- ഗവര്‍ണര്‍ തര്‍ക്കത്തിനിടെ നയപ്രഖ്യാപനപ്രസംഗം ഇന്ന്
X

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട തര്‍ക്കം രൂക്ഷമായി നിലനില്‍ക്കെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രസംഗത്തിലെ ഭാഗങ്ങള്‍ ഗവര്‍ണര്‍ വായിക്കുമോ ഇല്ലയോ എന്നുള്ളതാണ് ഏവരും ഉറ്റുനോക്കുന്നത്. ഗവര്‍ണര്‍ക്കെതിരേ സഭയില്‍ ഭരണപക്ഷം പ്രതിഷേധിക്കാനിടയില്ല. നയപ്രഖ്യാപന പ്രസംഗത്തോട് എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തില്‍ പ്രതിപക്ഷ നിലപാട് രാവിലെ ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനിക്കും. 14ാം കേരള നിയമസഭയുടെ 18ാം സമ്മേളനമാണ് ഇന്ന് തുടങ്ങുന്നത്. രാവിലെ 9നാണ് നയപ്രഖ്യാപന പ്രസംഗം ആരംഭിക്കുക.

ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടും പൗരത്വ ഭേദഗതി നിയമത്തിനെതിരായ എതിര്‍പ്പ് നയപ്രഖ്യാപന പ്രസംഗത്തില്‍നിന്നും മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്തുനിലപാട് സ്വീകരിക്കുമെന്ന് കണ്ടറിയണം. വേണമെങ്കില്‍ പല മുന്‍ഗവര്‍ണര്‍മാരും ചെയ്തപോലെ എതിര്‍പ്പുള്ള ഭാഗം വായിക്കാതെ വിടാം. അതല്ല മുഴുവന്‍ ഭാഗവും വായിച്ച ശേഷം സ്പീക്കറെ എതിര്‍പ്പ് അറിയിക്കുമോ അതോ നിയമസഭയ്ക്ക് പുറത്ത് മാധ്യമങ്ങളെ കണ്ട് വിമര്‍ശനം ഉന്നയിക്കുമോ എന്നുള്ളതില്‍ സര്‍ക്കാരിനും പ്രതിപക്ഷത്തിനും ആശങ്കയുണ്ട്. ഗവര്‍ണറോട് ഏറ്റുമുട്ടേണ്ടെന്നാണ് സര്‍ക്കാരിന്റെ നിലവിലെ നിലപാട്. അതേസമയം, ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ രഹസ്യബന്ധമെന്ന് ആരോപിച്ചാണ് പ്രതിപക്ഷത്തിന്റെ ആക്രമണം.

ലാവ്‌ലിന്‍ കേസിന്റെ പേരിലാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ മുട്ടുമടക്കിയിരിക്കുന്നതെന്നാണ് പ്രതിപക്ഷ നേതാക്കളുടെ വിമര്‍ശനം. ഇക്കാര്യങ്ങളെല്ലാം നിയമസഭയിലും പ്രതിപക്ഷം രാഷ്ട്രീയ ആയുധമായി ഉപയോഗിക്കും. ഗവര്‍ണറെ നീക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കണമെന്ന ചെന്നിത്തലയുടെ നോട്ടീസിനോട് മുഖംതിരിച്ചുനില്‍ക്കുന്ന സര്‍ക്കാര്‍ നിലപാടാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചിരിക്കുന്നത്. ഗവര്‍ണറെ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ചെന്നിത്തലയുടെ നോട്ടീസില്‍ കാര്യോപദേശക സമിതി വെള്ളിയാഴ്ച തീരുമാനമെടുക്കും. ഫെബ്രുവരി ഏഴിനാണ് ബജറ്റ് അവതരിപ്പിക്കുക.

Next Story

RELATED STORIES

Share it