Kerala

എംജിയിലെ കൈക്കൂലിക്കേസ്; ജീവനക്കാരിയുടെ ജാമ്യാപേക്ഷ വിജിലന്‍സ് കോടതി തള്ളി

എംജിയിലെ കൈക്കൂലിക്കേസ്; ജീവനക്കാരിയുടെ ജാമ്യാപേക്ഷ വിജിലന്‍സ് കോടതി തള്ളി
X

തിരുവനന്തപുരം: എംജി സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയില്‍നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ അസിസ്റ്റന്റ് സി ജെ എല്‍സിയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. പ്രഥമദൃഷ്ട്യ പ്രതി ഗൗരവമായ കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണം തുടരുന്നതിനാല്‍ ജാമ്യം നിഷേധിക്കുകയാണെന്നും കോടതി അറിയിച്ചു. പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും വേഗത്തില്‍ നല്‍കാന്‍ വിദ്യാര്‍ഥിയില്‍നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ കഴിഞ്ഞ ദിവസമാണ് എംജി സര്‍വകലാശാല പരീക്ഷാ വിഭാഗം അസിസ്റ്റന്റ് എല്‍സിയെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

വിജിലന്‍സ് ഡിവൈഎസ്പി പി കെ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് എല്‍സിയെ അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂരിലെ കോളജില്‍നിന്ന് എംബിഎ പാസായ തിരുവല്ല സ്വദേശിനിയായ വിദ്യാര്‍ഥിനിയാണ് ഇവര്‍ക്കെതിരേ പരാതി നല്‍കിയത്. ഇതേ കുട്ടിയില്‍നിന്നും നേരത്തെ ഒന്നേകാല്‍ ലക്ഷം രൂപ കൈപ്പറ്റിയ എല്‍സി വീണ്ടും പണം വാങ്ങുമ്പോഴാണ് വിജിലന്‍സ് കൈയോടെ പിടികൂടിയത്. എല്‍സി ഈ രീതിയില്‍ നേരത്തെയും കൈക്കൂലി കൈപ്പറ്റിയിട്ടുണ്ടോയെന്ന് വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. ഇന്നലെ രാത്രി എല്‍സിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. എല്‍സിയെ സസ്‌പെന്‍ഡ് ചെയ്തതായി രജിസ്ട്രാര്‍ ഡോ.ബി പ്രകാശ് കുമാര്‍ അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it