Kerala

തൃക്കരിപ്പൂര്‍ കള്ളവോട്ട്: കേസെടുക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ നിര്‍ദേശം

തൃക്കരിപ്പൂര്‍ കള്ളവോട്ട്: കേസെടുക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ നിര്‍ദേശം
X

തിരുവനന്തപുരം: കാസര്‍കോട് തൃക്കരിപ്പൂര്‍ 48ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്‌തെന്ന് കളക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം കണ്ടെത്തിയ കെ ശ്യാംകുമാറിനെതിരേ കേസെടുക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശം നല്‍കി. കുറ്റക്കാരായ പോളിങ് ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം നടത്തി ഏഴുദിവസത്തിനകം തുടര്‍നടപടികള്‍ക്കായി റിപ്പോര്‍ട്ട് നല്‍കാനും കളക്ടറോട് നിര്‍ദേശിച്ചു. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 171 സി, ഡിഎഫ് പ്രകാരം പോലിസിന് പരാതി നല്‍കി അടിയന്തിരമായി ചീമേനി കാരക്കാട് കുതിരുകാരന്‍ വീട് കെസിപി 5536ല്‍ ശ്യാംകുമാറിനെതിരേ കേസെടുക്കാനാണ് വരണാധികാരിയായ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. കുറ്റക്കാരായ പോളിങ് ഉദ്യോഗസ്ഥര്‍ക്കെതിരേ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 134 പ്രകാരം അന്വേഷണം നടത്തി തുടര്‍നടപടികള്‍ക്കായി റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്.

വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പരാതി അന്വേഷിച്ച് വസ്തുനിഷ്ഠമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഏപ്രില്‍ 27നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ കാസര്‍കോട് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് കളക്ടര്‍ പോളിങ് ഉദ്യോഗസ്ഥര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍, സെക്ടറല്‍ ഓഫിസര്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ദൃശ്യങ്ങളില്‍ കണ്ടയാള്‍ ശ്യാംകുമാര്‍ എന്നയാളാണെന്ന് ബൂത്ത് ലെവല്‍ ഓഫിസര്‍, സെക്ടറല്‍ ഓഫിസര്‍ എന്നിവര്‍ തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് ഇയാളില്‍നിന്ന് മൊഴിയെടുത്തു.

കളക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം ശ്യാംകുമാര്‍ വൈകിട്ട് 6.20നും 7.26 നുമായി രണ്ടുതവണ ബൂത്ത് നമ്പര്‍ 48ല്‍ വോട്ട് ചെയ്തിട്ടുണ്ട്. ഇതുപ്രകാരം ഇയാള്‍ കള്ളവോട്ട് ചെയ്തതായി പ്രഥമദൃഷ്ട്യാ നിഗമനത്തില്‍ എത്താമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബൂത്തിലെ തിരക്ക് കാരണം വോട്ടിങ് വേഗത്തിലാവാന്‍ അധികമായി നിയോഗിച്ചിരുന്ന ഫസ്റ്റ് പോളിങ് ഓഫിസറുടെ മുന്നിലാണ് ശ്യാംകുമാര്‍ രണ്ടുതവണയും മഷി പുരട്ടിയത്.

എല്ലാസമയത്തും നാലോ അഞ്ചോ പോളിങ് ഏജന്റുമാര്‍ ഈ പോളിങ് സ്‌റ്റേഷനില്‍ ഉണ്ടായിരുന്നെങ്കിലും ആരും ഈ സംഭവം എതിര്‍ത്തില്ലെന്നും കളക്ടറുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Next Story

RELATED STORIES

Share it