Kerala

പ്രമുഖരെ കളത്തിലിറക്കാന്‍ ബിജെപി; അഞ്ച് മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും

തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കാസര്‍കോട് മണ്ഡലങ്ങളിലാണ് ബിജെപി പ്രതീക്ഷ പുലര്‍ത്തുന്നത്. ശബരിമല യുവതീപ്രവേശത്തിനെതിരായ സമരവും അതിനുള്ള ആര്‍എസ്എസിന്റെ ഉറച്ച പിന്തുണയും ഈ മണ്ഡലങ്ങളില്‍ നേട്ടമാവുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി.

പ്രമുഖരെ കളത്തിലിറക്കാന്‍ ബിജെപി; അഞ്ച് മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും
X

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളെയും പ്രമുഖരേയും രംഗത്തിറക്കി പരമാവധി സീറ്റുകളില്‍ നേട്ടമുണ്ടാക്കാന്‍ ബിജെപി. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ അനുകൂലമാവുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, എ എന്‍ രാധാകൃഷ്ണന്‍, എം ടി രമേശ് എന്നീ ജനറല്‍ സെക്രട്ടറിമാര്‍ മല്‍സരരംഗത്ത് ഉണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്. സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളക്ക് മേലും മല്‍സരിക്കാന്‍ സമ്മര്‍ദ്ദമുണ്ട്. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനും ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികലയും സുരേഷ് ഗോപിയും ടി പി സെന്‍കുമാറും പരിഗണനാപട്ടികയിലുണ്ട്. മുതിര്‍ന്ന നേതാക്കളായ പി കെ കൃഷ്ണദാസ്, സി കെ പത്മനാഭന്‍ എന്നിവരും മല്‍സരിച്ചേക്കുമെന്നാണ് സൂചനകള്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയവും പ്രചാരണതന്ത്രങ്ങളും ചര്‍ച്ച ചെയ്യാന്‍ ബിജെപി കോര്‍കമ്മിറ്റി യോഗം ഇന്ന് തൃശൂരില്‍ ചേര്‍ന്നിരുന്നു. നാലു സീറ്റുകള്‍ ബിഡിജെഎസിന് നല്‍കി ബാക്കി 16 സീറ്റുകളിലും മല്‍സരിക്കാനാണ് ബിജെപിയുടെ നീക്കം. ആലത്തൂര്‍, വയനാട്, ആലപ്പുഴ, ഇടുക്കി സീറ്റുകളാണ് ബിഡിജെഎസിന് ഉറപ്പായിരിക്കുന്നത്. അഞ്ച് മണ്ഡലങ്ങളിലാണ് ബിജെപി പ്രതീക്ഷ പുലര്‍ത്തുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കാസര്‍കോട് മണ്ഡലങ്ങള്‍. ശബരിമല യുവതീപ്രവേശത്തിനെതിരായ സമരവും അതിനുള്ള ആര്‍എസ്എസിന്റെ ഉറച്ച പിന്തുണയും ഈ മണ്ഡലങ്ങളില്‍ നേട്ടമാവുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി.

കഴിഞ്ഞതവണ 15470 വോട്ടിന് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട തിരുവനന്തപുരം മണ്ഡലം ഇത്തവണ എങ്ങനേയും പിടിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. ശശി തരൂര്‍ 297,806 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍ ബിജെപിയുടെ ഒ രാജഗോപാല്‍ 282,336 വോട്ടുകളാണ് നേടിയത്. സിപിഐ സ്ഥാനാര്‍ഥി ബെന്നറ്റ് എബ്രഹാം ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പോയിരുന്നു. മിസോറം ഗവര്‍ണറായ കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാക്കണമെന്ന സമ്മര്‍ദം ഒരുവിഭാഗത്തില്‍ നിന്നുണ്ട്. കുമ്മനം ഇല്ലെങ്കില്‍ സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള, ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ എന്നിവരെ പരിഗണിക്കണമെന്നും ആവശ്യമുണ്ട്. പാര്‍ട്ടി നേതാക്കളല്ലെങ്കില്‍ രാജ്യസഭാ അംഗമായ സുരേഷ്‌ഗോപിക്കും സാധ്യത കല്‍പ്പിക്കപ്പെടുന്നു. മധുര സ്വദേശിയായ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ പേരും ഉയര്‍ന്നുവന്നെങ്കിലും രാജ്യസഭാംഗമായ അവര്‍ മല്‍സരിക്കാന്‍ സാധ്യത കുറവാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞതവണ എം ടി രമേശ് നേട്ടമുണ്ടാക്കിയ പത്തനംതിട്ടയില്‍ ഇത്തവണ ശ്രീധരന്‍പിള്ളയുടേയും അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റേയും പേരുകളാണ് ആദ്യം ഉയര്‍ന്നുവന്നത്. മല്‍സരിക്കില്ലെന്ന് കണ്ണന്താനം പ്രഖ്യാപിച്ചതോടെ എം ടി രമേശിന്റെ പേര് വീണ്ടും ഉയര്‍ന്നിട്ടുണ്ട്. ശബരിമല കര്‍മസമിതിയുടെ നേതൃനിരയില്‍ സജീവമായ മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ ആറ്റിങ്ങലില്‍ മല്‍സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. തൃശൂരില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ എന്‍ രാധാകൃഷ്ണനോ, കെ സുരേന്ദ്രനോ സ്ഥാനാര്‍ഥിയാവാനാണ് സാധ്യത. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ലോക്‌സഭാ സീറ്റിന് കീഴിലെ മണ്ഡലങ്ങളിലുണ്ടായ മുന്നേറ്റമാണ് പ്രതീക്ഷയ്ക്ക് ആധാരം.

27ന് തൃശൂരില്‍ നടക്കുന്ന യുവമോര്‍ച്ച റാലിയില്‍ പ്രധാനമന്ത്രി മോദിയെ പങ്കെടുപ്പിക്കുന്നതും തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ്. ബിജെപിക്ക് സ്വാധീനമുള്ള പാലക്കാട് മണ്ഡലത്തില്‍ ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ പേരാണു മുന്നില്‍. സംസ്ഥാന സെക്രട്ടറിയും നഗരസഭാ ഉപാധ്യക്ഷനുമായ സി കൃഷ്ണകുമാറിന്റെ പേരും ഉയര്‍ന്നുവന്നിട്ടുണ്ട്. ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന കാസര്‍കോഡ് മണ്ഡലത്തില്‍ കെ സുരേന്ദ്രന്‍ മല്‍സരിച്ചേക്കുമെന്ന് പ്രചാരണം ശക്തമാണെങ്കിലും അദ്ദേഹത്തിന് ഇവിടെ താല്‍പര്യമില്ലെന്നാണ് സൂചന. പകരം സുരേഷ് ഗോപി, സംസ്ഥാന കൗണ്‍സില്‍ അംഗം രവീശ തന്ത്രി കുണ്ടാര്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നുവന്നിട്ടുണ്ട്.


Next Story

RELATED STORIES

Share it