Kerala

വട്ടിയൂർക്കാവിൽ ബിജെപിക്ക് തിരിച്ചടി; കുമ്മനത്തെ വെട്ടിമാറ്റിയതിൽ പാർട്ടിക്കുള്ളിൽ അമർഷം

കുമ്മനം മണ്ഡലത്തിൽ അനൗദ്യോഗിക പ്രചരണവും നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുരളീധരപക്ഷം ഇടപെട്ട് കുമ്മനത്തെ വെട്ടിയതെന്നാണ് ആക്ഷേപം.

വട്ടിയൂർക്കാവിൽ ബിജെപിക്ക് തിരിച്ചടി; കുമ്മനത്തെ വെട്ടിമാറ്റിയതിൽ പാർട്ടിക്കുള്ളിൽ അമർഷം
X

തിരുവനന്തപുരം: മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ വട്ടിയൂർക്കാവിൽ മൽസരിപ്പിക്കാത്തതിൽ ബിജെപിയിൽ അമർഷവും പ്രതിഷേധവും രൂക്ഷമാവുന്നു. സ്ഥാനാർത്ഥിത്വം ഉറപ്പിച്ചശേഷം അവസാനനിമിഷം കുമ്മനം രാജശേഖരന്റെ പേര് വെട്ടിമാറ്റി ജില്ലാ പ്രസിഡന്റ് എസ് സുരേഷിനെ തീരുമാനിക്കുകയായിരുന്നു.

കുമ്മനം മണ്ഡലത്തിൽ അനൗദ്യോഗിക പ്രചരണവും നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുരളീധരപക്ഷം ഇടപെട്ട് കുമ്മനത്തെ വെട്ടിയതെന്നാണ് ആക്ഷേപം. ഇതിലുള്ള അതൃപ്തി കാരണം ഇന്നലെ നടന്ന മണ്ഡലത്തിലെ ഏരിയാ കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിൽ നേതാക്കളുടെ പ്രാതിനിധ്യം കുറവായിരുന്നു. പാർട്ടി സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രികാ സമർപ്പണവേളയിൽ പ്രവർത്തകരുടെ പ്രാതിനിധ്യം കുറവായിരുന്നു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് നിയോജക മണ്ഡല പരിധിയിൽ നിന്ന് 50,709 വോട്ടും 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 43,700 വോട്ടും നേടി രണ്ടാംസ്ഥാനത്ത് വന്ന കുമ്മനത്തെ ഇക്കുറിയും മൽസരിപ്പിക്കണമെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. കുമ്മനത്തിനായി പ്രചാരണം ഉൾപ്പെടെ അസൂത്രണം ചെയ്തശേഷമാണ് അവസാന നിമിഷം അദ്ദേഹത്തെ ഒഴിവാക്കിയത്. കഴിഞ്ഞ തിങ്കളാഴ്ച റോഡ് ഷോ ഉൾപ്പെടെ തീരുമാനിച്ചിരുന്നത്രേ. മണ്ഡലത്തിലെ പ്രമുഖരെ ഉൾപ്പടെ നേരിൽക്കണ്ട കുമ്മനം മറ്റ് തയ്യാറെടുപ്പുകളും നടത്തിയിരുന്നു. ഡൽഹിയിൽ നിന്നുള്ള ഇടപ്പെടലാണ് കുമ്മനത്തിന് തിരിച്ചടിയായതെന്നാണ് ആക്ഷേപം. മുരളിധരപക്ഷമാണ് ഇതിന് കരുക്കൾ നീക്കിയതെന്നും പാർട്ടിക്കുള്ളിൽ ചർച്ചയായിട്ടുണ്ട്.

കുമ്മനം വൈമനസ്യം പ്രകടിപ്പിച്ചതുകൊണ്ടാണ് ദേശീയ നേതൃത്വം സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ഒഴിവാക്കിയതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. എന്നാൽ പാർട്ടി പറഞ്ഞാൽ മൽസരിക്കുമെന്ന് കുമ്മനം പരസ്യമായി പറഞ്ഞിരുന്നു. പാർട്ടി നേതാക്കൾ ആദ്യ ഘട്ടത്തിൽ സമീപിച്ചപ്പോൾ വിസമ്മതം പ്രകടിപ്പിച്ച കുമ്മനം മുതിർന്ന നേതാക്കൾ നിർബന്ധിപ്പിച്ചപ്പോഴാണ് സമ്മതം മൂളിയത്. പ്രവർത്തകർക്കിടയിലെ അതൃപ്തിയും കുമ്മനത്തോളം ജനപിന്തുണ സുരേഷിനില്ലാത്തതും തിരിച്ചടിയാവുമെന്ന ആശങ്ക ബി.ജെ.പിക്കുണ്ട്.

Next Story

RELATED STORIES

Share it