Top

കന്യാസ്ത്രീകള്‍ക്ക് നേരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണശ്രമം;പ്രതിഷേധവുമായി സീറോ മലബാര്‍ സഭ

മാര്‍ച്ച് 19 ന് ഡല്‍ഹിയില്‍നിന്നും ഒഡീഷയിലെ റൂര്‍ക്കലയിലേക്കുള്ള യാത്രയിലായിരുന്ന തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ ഡല്‍ഹി പ്രോവിന്‍സിലെ നാല് സന്യാസിനിമാര്‍ക്കാണ് ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വച്ച് ദുരനുഭവമുണ്ടായതെന്ന് സീറോ മലബാര്‍ സഭ അധികൃതര്‍ വ്യക്തമാക്കി

കന്യാസ്ത്രീകള്‍ക്ക് നേരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണശ്രമം;പ്രതിഷേധവുമായി സീറോ മലബാര്‍ സഭ
X

കൊച്ചി: ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന കന്യാസ്ത്രീകള്‍ക്കു നേരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണ ശ്രമം പ്രതിഷേധാര്‍ഹമാണെന്നും കന്യാസ്ത്രീകളെ കള്ളക്കേസില്‍ കുടുക്കാനുള്ള ആസൂത്രിത ശ്രമം അപലപനീയമെന്നും സീറോമലബാര്‍ സഭ. മാര്‍ച്ച് 19 ന് ഡല്‍ഹിയില്‍നിന്നും ഒഡീഷയിലെ റൂര്‍ക്കലയിലേക്കുള്ള യാത്രയിലായിരുന്ന തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ ഡല്‍ഹി പ്രോവിന്‍സിലെ നാല് സന്യാസിനിമാര്‍ക്കാണ് ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വച്ച് ദുരനുഭവമുണ്ടായതെന്ന് സീറോ മലബാര്‍ സഭ അധികൃതര്‍ വ്യക്തമാക്കി.റൂര്‍ക്കലയില്‍നിന്നുള്ള പത്തൊമ്പത് വയസുള്ള രണ്ട് സന്യാസാര്‍ഥിനിമാരെ അവധിക്ക് നാട്ടില്‍ കൊണ്ടുചെന്നാക്കാന്‍ കൂടെപോയവരായിരുന്നു ഒരു മലയാളി ഉള്‍പ്പെടെയുള്ള മറ്റുരണ്ട് യുവസന്യാസിനിമാര്‍.

യാത്രയ്ക്കിടയില്‍ സന്യാസാര്‍ഥിനികള്‍ രണ്ടുപേരും സാധാരണ വസ്ത്രവും, മറ്റുരണ്ടുപേര്‍ സന്യാസ വസ്ത്രവുമാണ് ധരിച്ചിരുന്നത്. ഉച്ചയ്ക്ക് മുമ്പ് ഡല്‍ഹിയില്‍നിന്നും തിരിച്ച അവര്‍ വൈകിട്ട് ആറരയോടെ ഝാന്‍സി എത്താറായപ്പോള്‍ തീര്‍ഥയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന ചില ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അകാരണമായി കന്യാസ്ത്രീകള്‍ക്ക് നേരെ കുറ്റാരോപണങ്ങള്‍ നടത്തി പ്രശ്‌നമുണ്ടാക്കുകയായിരുന്നു. സന്യാസാര്‍ഥിനിമാരായ രണ്ടുപേരെ മതം മാറ്റാനായി കൊണ്ടുപോയതാണ് എന്നായിരുന്നു അവരുടെ പ്രധാന ആരോപണം. തങ്ങള്‍ ജന്മനാ ക്രൈസ്തവരാണ് എന്ന സന്യാസാര്‍ഥിനികളുടെ വാക്കുകളെ അവര്‍ മുഖവിലയ്ക്കെടുത്തില്ലെന്ന് സീറോ മലബാര്‍ സഭ അധികൃതര്‍ വ്യക്തമാക്കി.

മതം മാറ്റാന്‍ കൊണ്ടുപോകുന്നു എന്ന തെറ്റായ വിവരം ജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി സന്യാസിനികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സന്യാസിനിമാരെ പോലീസ് സ്റ്റേഷനുള്ളില്‍ പ്രവേശിപ്പിച്ചപ്പോള്‍ പുറത്ത് വലിയ ശബ്ദത്തില്‍ നൂറുകണക്കിന് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്ന് സഭാ അധികൃതര്‍ പറഞ്ഞു.

ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് രാത്രി പതിനൊന്നരയോടെയാണ് സന്യാസികളെ മോചിപ്പിച്ചത്. തുടര്‍ന്ന് ഝാന്‍സി ബിഷപ്‌സ് ഹൗസിലേക്ക് ഇവരെ മാറ്റുകയും പിറ്റേന്ന് ഡല്‍ഹിയില്‍നിന്ന് പ്രോവിഷ്യല്‍ സിസ്റ്റര്‍ എത്തുകയും തുടര്‍യാത്രയ്ക്ക് സൗകര്യമൊരുക്കുകയുമായിരുന്നു. പിറ്റേദിവസം അതേ തീവണ്ടിയില്‍ റെയില്‍വേ പോലീസ് പ്രോട്ടക്ഷനില്‍ വികലാംഗര്‍ക്കുള്ള കോച്ചില്‍ രണ്ടു സീറ്റിലായി നാലുപേര്‍ ഏറെ കഷ്ടപ്പാട് സഹിച്ചാണ് ഇരുപത്തിനാല് മണിക്കൂര്‍ നീണ്ട യാത്ര പൂര്‍ത്തിയാക്കിയത്.കുറഞ്ഞ സമയത്തിനുള്ളില്‍ 150ഓളം ആളുകള്‍ സ്റ്റേഷനില്‍ എത്തിയതിനു പിന്നിലും സന്യാസിനിമാരെ ആക്രമിച്ചതിനു പിന്നിലും ഗൂഢാലോചനയുണ്ടെന്ന് സംശയിക്കപ്പെടുന്നതായും സീറോ മലബാര്‍ സഭ നേതൃത്വം വ്യക്തമാക്കി.

ഇന്ത്യയിലെ സാമൂഹിക സാഹചര്യങ്ങള്‍ തീവ്ര വര്‍ഗ്ഗീയതയ്ക്ക് കീഴ്പ്പെടുന്നു എന്നുള്ളതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണം മാത്രമാണ് ഝാന്‍സിയില്‍ നാല് സന്യാസിനിമാര്‍ക്കുണ്ടായ അനുഭവം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിസ്വാര്‍ത്ഥ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത് പതിനായിരക്കണക്കിന് സന്യസ്തരാണ്. ഇവരുടെ ജീവനും സഞ്ചാര സ്വാതന്ത്രിയവും അപകടപ്പെടുത്താന്‍ വര്‍ഗ്ഗീയ വാദികള്‍ നടത്തുന്ന അക്രമ സംഭവങ്ങളെ സര്‍ക്കാര്‍ ഗൗരവമായി നേരിടണമെന്ന് സീറോമലബാര്‍ സഭ ആവശ്യപ്പെട്ടു. അക്രമികളെ നിലയ്ക്കു നിര്‍ത്താനും സന്യസ്ഥരുടെ സുരക്ഷ ഉറപ്പുവരുത്താനും ഭരണകൂടങ്ങള്‍ ശ്രദ്ധിക്കണമെന്നും സഭാ നേതൃത്വം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it