Kerala

ആര്‍എസ്എസ്സിനെ സ്വാതന്ത്ര്യസമര പ്രസ്ഥാനമാക്കി 'ബൈജൂസ് ആപ്പി'ന്റെ ചരിത്രനിഷേധം

1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം മുതല്‍ 1947 ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതുവരെ നടന്ന വിവിധ സംഭവവികാസങ്ങളുടെ പട്ടികയ്‌ക്കൊപ്പമാണ് സംഘപരിവാര്‍ പ്രസ്ഥാനമായ ആര്‍എസ്എസ് ഇടംപിടിച്ചിരിക്കുന്നത്.

ആര്‍എസ്എസ്സിനെ സ്വാതന്ത്ര്യസമര പ്രസ്ഥാനമാക്കി ബൈജൂസ് ആപ്പിന്റെ ചരിത്രനിഷേധം
X

കോഴിക്കോട്: ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിത്തം വഹിച്ച പ്രസ്ഥാനങ്ങളുടെ പട്ടികയില്‍ ആര്‍എസ്എസ്സിനെ ഉള്‍പ്പെടുത്തിയ 'ബൈജൂസ് ലേണിങ് ആപ്പ്' നടപടി വിവാദമാവുന്നു. മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ വീട്ടിലിരുന്ന് സ്വന്തമായി പഠിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതാണ് ബംഗളൂരു ആസ്ഥാനമാക്കിയ 'ബൈജൂസ് ലേണിങ് ആപ്പ്'. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം മുതല്‍ 1947 ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതുവരെ നടന്ന വിവിധ സംഭവവികാസങ്ങളുടെ പട്ടികയ്‌ക്കൊപ്പമാണ് സംഘപരിവാര്‍ പ്രസ്ഥാനമായ ആര്‍എസ്എസ് ഇടംപിടിച്ചിരിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഒരുഘട്ടത്തില്‍പ്പോലും പങ്കാളിത്തം വഹിച്ചിട്ടില്ലെന്ന് മാത്രമല്ല, സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത ചരിത്രമാണ് ആര്‍എസ്എസ്സിനുള്ളത്.

ആര്‍എസ്എസ്സുമായി ബന്ധപ്പെട്ട നേതാക്കളില്‍ ചിലര്‍ ബ്രിട്ടീഷുകാര്‍ക്ക് പലതവണ മാപ്പെഴുതിക്കൊടുത്ത ചരിത്രവുമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പഠനത്തിനായി ഉപയോഗിച്ചുവരുന്ന ആപ്പ് വഴി ആര്‍എസ്എസ്സിനെ വെള്ളപൂശുകയും ചരിത്രം വളച്ചൊടിക്കുകയും ചെയ്തതിനെതിരേ വലിയതോതിലുള്ള വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയര്‍ന്നുവരുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാര്‍ക്കെതിരേ നടത്തിയ പോരാട്ടത്തില്‍ തങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് ആര്‍എസ്എസ് പ്രചരിപ്പിച്ചുവരുന്നത്. പാഠ്യപദ്ധതികളില്‍ അടക്കം ഇത്തരം വികലമായ ചരിത്രം തിരുകിക്കയറ്റാന്‍ ആര്‍എസ്എസ് ആസൂത്രിതമായി ശ്രമം നടത്തിവരികയുമാണ്. അവരുടെ പ്രചാരണം ഏറ്റുപിടിക്കുന്നതാണ് 'ബൈജൂസ് ആപ്പി'ന്റെ ഇപ്പോഴത്തെ നടപടിയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരം അല്ലെങ്കില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനം എന്ന വിഷയം സംബന്ധിച്ച് വിവിധ മല്‍സരപരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്ക് പൊതു അവബോധമുണ്ടാവണമെന്ന തലക്കെട്ടിലാണ് പാഠഭാഗം ആരംഭിക്കുന്നത്. എസ്എസ്എല്‍സി, ആര്‍ആര്‍ബി, ബാങ്ക് മുതലായ സര്‍ക്കാര്‍ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളുടെ പട്ടിക കൃത്യമായി മനസ്സിലാക്കേണ്ടതാണെന്നും ആപ്പില്‍ വിശദീകരിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ രൂപീകരിക്കപ്പെടുകയും പോരാട്ടങ്ങളില്‍ സജീവമായി പങ്കാളിത്തം വഹിക്കുകയും ചെയ്ത രാഷ്ട്രീയപ്പാര്‍ട്ടികളുടെ പേരുകളും ഇക്കാലഘട്ടത്തില്‍ നടന്ന നിര്‍ണായക സംഭവങ്ങളുമാണ് പട്ടികയില്‍ പ്രധാനമായുമുള്ളത്.

1885 ലെ കോണ്‍ഗ്രസ് രൂപീകരണം, 1905 ലെ ബംഗാള്‍ വിഭജനം, 1906 ലെ മുസ്‌ലിം ലീഗ് രൂപീകരണം, 1907 ലെ കോണ്‍ഗ്രസിന്റെ പിളര്‍പ്പ്, 1911 ല്‍ ഇന്ത്യയുടെ തലസ്ഥാനം കൊല്‍ക്കത്തയില്‍നിന്ന് ഡല്‍ഹിയിലേക്ക് മാറ്റിയത്, 1915 ല്‍ ദക്ഷിണാഫ്രിക്കയില്‍നിന്ന് മഹാത്മാഗാന്ധി ഇന്ത്യയിലെക്ക് മടങ്ങിയെത്തിയത്, 1916ലെ മുഹമ്മദലി ജിന്നയുടെ കോണ്‍ഗ്രസ് പ്രവേശനം, ഇന്ത്യന്‍ മുസ്‌ലിംകളുടെ ഖിലാഫത്ത് പ്രസ്ഥാനം, നിസ്സഹകരണ പ്രസ്ഥാനം, ചൗരി ചൗരാ സംഭവം തുടങ്ങി സ്വാതന്ത്ര്യസമര ചരിത്രത്തിലെ നിര്‍ണായക ഇടപെടലുകള്‍ക്കൊപ്പമാണ് പട്ടികയില്‍ ആര്‍എസ്എസ്സിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ വീട്ടിലിരുന്ന് സ്വന്തമായി പഠിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതാണ് ബൈജൂസ് ലേണിങ് ആപ്പ്. കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ ബൈജു രവീന്ദ്രന്‍ സ്ഥാപിച്ച ബൈജൂസ് ലേണിങ് ആപ്പിന്റെ മാതൃകമ്പനി തിങ്ക് ആന്റ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡാണ്. നാലാംക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായുള്ള പാഠങ്ങള്‍ ആപ്പിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. ആപ്പ് അവതരിപ്പിച്ച് രണ്ടുവര്‍ഷത്തിനുള്ളില്‍ 80 ലക്ഷം പേര്‍ ഡൗണ്‍ലോഡ് ചെയ്തതായാണ് ബൈജൂസ് ആപ്പിന്റെ അവകാശവാദം.

Next Story

RELATED STORIES

Share it