Kerala

അയോധ്യയിലെ രാമക്ഷേത്രം: തന്റെ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് തരൂര്‍

ഈ വിഷയങ്ങളില്‍ തന്റെ നിലപാട് ഒരുതരത്തിലും മാറിയിട്ടില്ല. താന്‍ യഥാര്‍ഥത്തില്‍ പറഞ്ഞത് വായിക്കാന്‍ ആളുകളോട് അഭ്യര്‍ഥിക്കുന്നു. മറ്റുള്ളവര്‍ പ്രസ്താവന വളച്ചൊടിച്ചതിന് താന്‍ ഉത്തരവാദിയല്ലെന്നും തരൂര്‍ വ്യക്തമാക്കി.

അയോധ്യയിലെ രാമക്ഷേത്രം: തന്റെ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് തരൂര്‍
X

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയ ആര്‍ട്ടിക്കിള്‍ 370, ഏകീകൃത സിവില്‍കോഡ് തുടങ്ങിയ വിഷയങ്ങളില്‍ താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്ന് ശശി തരൂര്‍ എംപി. ചരിത്രം ആഴത്തില്‍ പരിശോധിച്ചാല്‍ അയോധ്യയില്‍ രാമക്ഷേത്രമുണ്ടായിരുന്നുവെന്ന് വ്യക്തമാവുമെന്ന് ശശി തരൂര്‍ പറഞ്ഞുവെന്ന തരത്തിലായിരുന്നു മാധ്യമവാര്‍ത്തകള്‍. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ തരൂര്‍ നിലപാട് വ്യക്തമാക്കിയിരുന്നത്.

എന്നാല്‍, തന്റെ പരാമര്‍ശം തെറ്റായ രീതിയിലാണ് മാധ്യമങ്ങള്‍ കൈകാര്യം ചെയ്തതെന്ന് ട്വിറ്ററിലൂടെ തരൂര്‍ കുറ്റപ്പെടുത്തി. അയോധ്യ, ആര്‍ട്ടിക്കിള്‍ 370, ഏകീകൃത സിവില്‍കോഡ് തുടങ്ങിയവയെക്കുറിച്ചുള്ള ബിജെപിയുടെ കാഴ്ചപ്പാട് താന്‍ അംഗീകരിച്ചുവെന്ന് അവകാശപ്പെടുന്ന ചില മാധ്യമങ്ങളിലെ വികലമായ അഭിപ്രായങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തി. ഈ വിഷയങ്ങളില്‍ തന്റെ നിലപാട് ഒരുതരത്തിലും മാറിയിട്ടില്ല. താന്‍ യഥാര്‍ഥത്തില്‍ പറഞ്ഞത് വായിക്കാന്‍ ആളുകളോട് അഭ്യര്‍ഥിക്കുന്നു. മറ്റുള്ളവര്‍ പ്രസ്താവന വളച്ചൊടിച്ചതിന് താന്‍ ഉത്തരവാദിയല്ലെന്നും തരൂര്‍ വ്യക്തമാക്കി.

ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ തരൂര്‍ പറഞ്ഞത്: 'ദശലക്ഷക്കണക്കിനാളുകളുടെ വിശ്വാസങ്ങള്‍ മാനിക്കപ്പെടേണ്ടതാണെന്നാണ് എപ്പോഴും എന്റെ നിലപാട്. ഇനി മറ്റൊരു തരത്തില്‍ പറയുകയാണെങ്കില്‍ (ബാബരി മസ്ജിദ് നിലനിന്ന) സ്ഥലത്ത് യഥാര്‍ഥത്തില്‍ പുരാതനക്ഷേത്രമുണ്ടായിരുന്നു എന്നതിന് തെളിവ് ലഭിക്കുകയാണെങ്കില്‍, അതൊരു രാമക്ഷേത്രമായിരുന്നു എന്നാണ് ജനങ്ങളുടെ വിശ്വാസമെങ്കില്‍ അത്രമേല്‍ ആഴത്തിലുള്ള ഒരു വിശ്വാസം നിലനില്‍ക്കുന്ന സാഹചര്യത്തില്‍, മറ്റൊരു സമുദായത്തിന്റെ ആരാധനാലയത്തെ നശിപ്പിക്കാതെ തന്നെ ഏതെങ്കിലും തരത്തില്‍ ഉചിതമായ ഒരു ക്ഷേത്രം അവിടെ ഉണ്ടാവേണ്ടതുണ്ടെന്ന വാദത്തിന് പ്രസക്തിയുണ്ട്.

(മുസ്‌ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കും) യോജിക്കാവുന്ന ഒരു പരിഹാരം എങ്ങനെ ഉണ്ടാക്കാമെന്ന ഒരു സാഹചര്യം, ദൗര്‍ഭാഗ്യവശാല്‍ ഇതുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ കാരണം തകിടംമറിയുകയും അത് പള്ളി തന്നെ തകര്‍ക്കപ്പെടുന്നതില്‍ കലാശിക്കുകയും ചെയ്യുകയാണുണ്ടായത്. രാജ്യമനസ്സാക്ഷിക്ക് മേല്‍ അതൊരു തീരാക്കളങ്കമായെന്നാണ് ഞാന്‍ കരുതുന്നത്. തര്‍ക്കം നിലവില്‍ സുപ്രിംകോടതിയുടെ പരിഗണനയിലായതിനാല്‍, ഞാനത് അവര്‍ക്കുതന്നെ വിടുന്നു'.

Next Story

RELATED STORIES

Share it