Kerala

സമ്പത്തിനെ താഴെയിറക്കാന്‍ അടൂര്‍ പ്രകാശ്?; ആറ്റിങ്ങലില്‍ പോരാട്ടത്തിന് വാശിയേറും

ഈഴവ സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് ആറ്റിങ്ങല്‍.ശബരിമല വിവാദത്തെ തുടര്‍ന്ന് മാറിയ രാഷ്ട്രീയ സാഹചര്യവും സാമുദായിക സമവാക്യങ്ങളുമാണ് 27 വര്‍ഷമായി തുടര്‍ച്ചയായി തോല്‍വി നേരിടുന്ന മണ്ഡലത്തില്‍ അടൂര്‍ പ്രകാശിനെ മല്‍സരിപ്പിക്കാന്‍ യുഡിഎഫിനെ പ്രേരിപ്പിക്കുന്നത്. എസ്്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആറ്റിങ്ങല്‍ മണ്ഡലം ആവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.

സമ്പത്തിനെ താഴെയിറക്കാന്‍ അടൂര്‍ പ്രകാശ്?; ആറ്റിങ്ങലില്‍ പോരാട്ടത്തിന് വാശിയേറും
X

തിരുവനന്തപുരം: സിപിഎമ്മിന്റെ കൈവശമുള്ള ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ഥിയായി കോന്നി എംഎല്‍എയും മുന്‍മന്ത്രിയുമായ അടൂര്‍ പ്രകാശ് മല്‍സരിച്ചേക്കും. ഈഴവ സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് ആറ്റിങ്ങല്‍. ശബരിമല വിവാദത്തെ തുടര്‍ന്ന് മാറിയ രാഷ്ട്രീയ സാഹചര്യവും സാമുദായിക സമവാക്യങ്ങളുമാണ് 27 വര്‍ഷമായി തുടര്‍ച്ചയായി തോല്‍വി നേരിടുന്ന മണ്ഡലത്തില്‍ അടൂര്‍ പ്രകാശിനെ മല്‍സരിപ്പിക്കാന്‍ യുഡിഎഫിനെ പ്രേരിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ ധാരണയായെന്നാണ് സൂചന. സംസ്ഥാന 20 മണ്ഡലങ്ങളിലേയും സ്ഥാനാര്‍ഥി നിര്‍ണയം ഏകദേശം പൂര്‍ത്തിയായെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്.

സിപിഎം ശക്തികേന്ദ്രമെന്നു കണക്കുകൂട്ടലില്‍ ചില സീറ്റുകള്‍ എഴുതിത്തള്ളുന്ന രീതിക്ക് ഇത്തവണ മാറ്റം വേണമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് കരുത്തനായ എ സമ്പത്ത് മല്‍സരിക്കുന്ന ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന് അഭിപ്രായം കോണ്‍ഗ്രസില്‍ ഉയര്‍ന്നുവന്നത്. തുടര്‍ന്നാണ് അടൂര്‍ പ്രകാശിലേക്ക് ചര്‍ച്ചകള്‍ നീണ്ടത്. പാര്‍ട്ടി പറഞ്ഞാല്‍ മല്‍സരിക്കുമെന്ന് അടൂര്‍ പ്രകാശും വ്യക്തമാക്കിയിട്ടുണ്ട്. 1989ല്‍ തലേക്കുന്നില്‍ ബഷീറാണു മണ്ഡലത്തില്‍നിന്ന് ജയിച്ച ഏറ്റവും ഒടുവിലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി. അതേസമയം, തിരുവനന്തപുരം ഡിസിസി മുന്‍കൈയെടുത്ത് അടൂര്‍പ്രകാശിനെ ആറ്റിങ്ങല്‍ മേഖലയിലെ പാര്‍ട്ടി പരിപാടികളില്‍ സജീവമായി പങ്കെടുപ്പിക്കുന്നുണ്ട്. ഇതോടെ അദ്ദേഹം മല്‍സരിക്കുമെന്ന അഭ്യൂഹം മണ്ഡലത്തിലും പ്രാദേശിക നേതാക്കളിലും ശക്തമായിട്ടുണ്ട്. സമുദായവോട്ടുകള്‍ നിര്‍ണായകമായ മണ്ഡലത്തില്‍ അടൂര്‍ പ്രകാശിനുള്ള വ്യക്തിബന്ധങ്ങളും സ്വാധീനവും സിറ്റിങ് എംപി എ സമ്പത്തിനു ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു.

തുടര്‍ച്ചയായി രണ്ടുതവണ ആറ്റിങ്ങലില്‍ ജയിച്ച സമ്പത്തിന് മൂന്നാമതും സീറ്റു നല്‍കുമോയെന്ന് സിപിഎം ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഒരു പരീക്ഷണത്തിന് സിപിഎം മുതിര്‍ന്നേക്കില്ല. അങ്ങനെയായാല്‍ മണ്ഡലത്തില്‍ വ്യക്തിപ്രഭാവമുള്ള സമ്പത്ത് തന്നെയാവും ഇത്തവണയും മല്‍സരിക്കുക. 27 വര്‍ഷമായി എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്ന മണ്ഡലമാണ് ആറ്റിങ്ങല്‍. 2014ല്‍ 69,378 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബിന്ദുകൃഷ്ണയുടെ പരാജയപ്പെട്ടത്. നിലവില്‍ ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ ആറും എല്‍ഡിഎഫിനൊപ്പമാണ്. മണ്ഡല പുനര്‍നിര്‍ണയത്തിനു മുമ്പ് ചിറയിന്‍കീഴായിരുന്നപ്പോള്‍ കോണ്‍ഗ്രസിനെ അനുഗ്രഹിച്ച ചരിത്രമുള്ള സീറ്റില്‍ ഗൃഹപാഠമില്ലാതെ സ്ഥാനാര്‍ഥികളെ ഇറക്കുന്നതാണ് തോല്‍വിക്കു കാരണമെന്ന അഭിപ്രായമാണ് അടൂര്‍ പ്രകാശിന്റെ സാധ്യത കൂട്ടുന്നത്.

അതിനിടെ, എസ്്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആറ്റിങ്ങല്‍ മണ്ഡലം ആവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. എസ്എന്‍ഡിപിയുടെ പ്രതിനിധിയായി ജെഎസ്എസ് നേതാവും എസ്എന്‍ഡിപിയുടെ ലീഗല്‍ അഡൈ്വസറുമായ രാജന്‍ ബാബുവിനെ കൈപ്പത്തി ചിഹ്നത്തില്‍ മല്‍സരിപ്പിക്കണമെന്നാണ് വെള്ളാപ്പള്ളി ആവശ്യപ്പെട്ടത്. ഇതിനു മുന്നോടിയായാണ് രാജന്‍ ബാബു എന്‍ഡിഎ വിട്ടുപുറത്തുവന്നതെന്നാണ് സൂചന. എന്നാല്‍, ഇക്കാര്യത്തില്‍ അനുകൂല നിലപാട് കോണ്‍ഗ്രസ് നേതൃത്വം കൈക്കൊണ്ടിട്ടില്ലത്രേ. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞദിവസം കോണ്‍ഗ്രസിനെതിരേ ആഞ്ഞടിച്ച് വെള്ളാപ്പള്ളി രംഗത്തുവന്നതെന്നും വിലയിരുത്തലുണ്ട്.


Next Story

RELATED STORIES

Share it