Kerala

മങ്കരയിൽ മിശ്രവിവാഹിതന് നേരെ ആക്രമണം; പോലിസ് നിസം​ഗത പാലിക്കുന്നെന്ന് പരാതി

തേങ്കുറിശ്ശിയിലെ ജാത്യാഭിമാനക്കൊലക്ക് പിന്നാലെ നടന്ന സംഭവമായിട്ടും പോലിസ് നടപടിയെടുത്തില്ലെന്ന ആക്ഷേപം ശക്തമാണ്.

മങ്കരയിൽ മിശ്രവിവാഹിതന് നേരെ ആക്രമണം; പോലിസ് നിസം​ഗത പാലിക്കുന്നെന്ന് പരാതി
X

പാലക്കാട്: മങ്കരയിൽ മിശ്രവിവാഹിതനായ യുവാവിന് നേരെയുണ്ടായ ആക്രമണം പോലിസ് ഗൗരവമായി എടുത്തില്ലെന്ന് പരാതി. മങ്കര സ്വദേശി അക്ഷയ് ആണ് ഭാര്യാവീട്ടുകാരുടെ ആക്രമണത്തിന് ഇരയായത്. സംഭവം വെറും അടിപിടി കേസാക്കി ഒതുക്കി തീർക്കാനാണ് പോലിസ് ശ്രമമെന്നാണ് ബന്ധുക്കളുടെ പരാതി.

തേങ്കുറിശ്ശിയിലെ ജാത്യാഭിമാനക്കൊലക്ക് പിന്നാലെ നടന്ന സംഭവമായിട്ടും പോലിസ് നടപടിയെടുത്തില്ലെന്ന ആക്ഷേപം ശക്തമാണ്. ഒക്ടോബർ 2 ന് മിശ്രവിവാഹിതനായ മങ്കര സ്വദേശി അക്ഷയ്ക്കുനേരെ കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന അക്ഷയിനെ ഭാര്യ സുറുമിയുടെ അമ്മാവൻമാരായ അബു താഹിർ, ഹക്കിം എന്നിവർ ആക്രമിച്ചു എന്നാണ് പരാതി.

മുഖത്തും കാലിനും പരിക്കേറ്റ അക്ഷയ് പെട്ടെന്ന് ഒഴിഞ്ഞു മാറിയത് കൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്. വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായാണ് അക്രമമുണ്ടായതെന്ന് അക്ഷയ് പറഞ്ഞു. വിവാഹത്തിന് ശേഷം ഇവർക്കു നേരെ നിരന്തരം ഭീഷണികൾ ഉണ്ടായിരുന്നു. മൂന്നാമത്തെ അക്രമ സംഭവമാണിതെന്ന് അക്ഷയ് പറഞ്ഞു. അക്ഷയുമായുള്ള വിവാഹത്തിന് വീട്ടുകാർക്ക് കടുത്ത എതിർപ്പായിരുന്നുവെന്ന് സുറുമി പറഞ്ഞു.

സംഭവത്തിൽ അബു താഹിർ, ഹക്കിം എന്നിവരെ അറസ്റ്റ് ചെയ്തെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇവർക്കെതിരെ അടിപിടി കേസിനുള്ള വകുപ്പുകൾ മാത്രമാണ് ചുമത്തിയിട്ടുള്ളത്. ആയുധം ഉപയോറിച്ച് ആക്രമണം നടത്തിയ പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുക്കണം എന്നാണ് പരാതിക്കാരുടെ ആവശ്യം.

Next Story

RELATED STORIES

Share it