Kerala

കെ വി വിജയദാസ് എംഎല്‍എയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിയമസഭ പിരിഞ്ഞു

കക്ഷിരാഷ്ട്രീയ പരിഗണനകള്‍ക്കതീതമായ ജനകീയ അംഗീകാരം കെ വി വിജയദാസിനുണ്ടായിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കെ വി വിജയദാസ് എംഎല്‍എയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിയമസഭ പിരിഞ്ഞു
X

തിരുവനന്തപുരം: അന്തരിച്ച കോങ്ങാട് എംഎല്‍എ കെ വി വിജയദാസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കേരള നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ലാളിത്യം മുഖമുദ്രയാക്കിയ നേതാവായിരുന്നു കെ വി വിജയദാസെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അനുസ്മരിച്ചു. മികച്ച സമാജികനും വളരെ ജനകീയനായ ഒരു നേതാവുമായിരുന്നു അദ്ദേഹം. ഒരു സാധാരണക്കാരനായി ജീവിതം ആരംഭിച്ച്, ജനോപകാരപ്രദമായ ധാരാളം സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെ നേതൃനിരയിലെത്തിയ ആളാണ് അദ്ദേഹം. ഈ നിയമസഭയിലെ ഏഴാമത്തെ അംഗമാണ് വിട പറഞ്ഞതെന്നും സ്പീക്കര്‍ പറഞ്ഞു.

കക്ഷിരാഷ്ട്രീയ പരിഗണനകള്‍ക്കതീതമായ ജനകീയ അംഗീകാരം കെ വി വിജയദാസിനുണ്ടായിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനങ്ങളിലൊരാളായി എന്നും മുന്‍പന്തിയില്‍ നിന്നയായാളാണ് കെ വി വിജയദാസ്. കര്‍ഷകപ്രസ്ഥാനത്തിനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ് വിജയദാസിന്റെ അകാലവിയോഗം. കര്‍ഷക കുടുംബത്തില്‍നിന്ന് പൊതുരംഗത്തേക്ക് വന്ന അദ്ദേഹം കര്‍ഷകരുടെ ക്ഷേമത്തിനുവേണ്ടി ത്യാഗപൂര്‍വമായി പ്രവര്‍ത്തിച്ചു. പാലക്കാട് ജില്ലയില്‍ സിപിഎമ്മിന്റെ വളര്‍ച്ചയില്‍ വലിയ സംഭാവന നല്‍കിയ നേതാവായിരുന്നു വിജയദാസ്- മുഖ്യമന്ത്രി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

മനുഷ്യസ്‌നേഹിയായ പൊതുപ്രവര്‍ത്തകനായിരുന്നു വിജയദാസെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കര്‍ഷകരുടെ മനസ് കണ്ടറിഞ്ഞ ജനപ്രതിനിധിയെന്നായിരുന്നു അദ്ദേഹം. ജനപക്ഷത്തുനിന്ന് പ്രവര്‍ത്തിച്ച മികച്ച പൊതുപ്രവര്‍ത്തകനെയാണ് കേരളത്തിന് നഷ്ടമായതെന്ന് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കക്ഷിനേതാക്കളും വിജയദാസിന്റെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി. അന്തിമോപചാരമര്‍പ്പിക്കാനായി മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കറും പാലക്കാട്ടേയ്ക്ക് പുറപ്പെട്ടു. ഉച്ചയോടെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ചന്ദ്രനഗര്‍ വൈദ്യുത ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങ്.

Next Story

RELATED STORIES

Share it