Kerala

മാധ്യമവിലക്ക്: മാധ്യമങ്ങളെ വരുതിയില്‍ നിര്‍ത്താനുള്ള ഹീനമായ തന്ത്രമെന്ന് കോടിയേരി; അടിയന്തരാവസ്ഥയെ വെല്ലുന്ന നടപടിയെന്ന് കാനം

അക്രമം നടത്തിയ വര്‍ഗീയശക്തികള്‍ക്ക് എതിരെയോ നിഷ്‌ക്രിയത്വം പാലിച്ച ഡല്‍ഹി പോലീസിനെതിരെയോ ചെറുവിരലനക്കാത്തവരാണ് മാധ്യമങ്ങള്‍ക്കെതിരേ തിരിഞ്ഞിരിക്കുന്നത്.

മാധ്യമവിലക്ക്: മാധ്യമങ്ങളെ വരുതിയില്‍ നിര്‍ത്താനുള്ള ഹീനമായ തന്ത്രമെന്ന് കോടിയേരി; അടിയന്തരാവസ്ഥയെ വെല്ലുന്ന നടപടിയെന്ന് കാനം
X

തിരുവനന്തപുരം: എഷ്യാനെറ്റ് ന്യൂസ്, മീഡിയാ വണ്‍ ചാനലുകളെ 48 മണിക്കൂര്‍ നേരത്തേക്ക് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അപലപിച്ചു. മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താനുള്ള ഹീനമായ തന്ത്രമാണിതെന്നു കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ഡല്‍ഹി കലാപം സംബന്ധിച്ച റിപോര്‍ട്ടിങ്ങിനെ മുന്‍നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. അക്രമം നടത്തിയ വര്‍ഗീയശക്തികള്‍ക്ക് എതിരെയോ നിഷ്‌ക്രിയത്വം പാലിച്ച ഡല്‍ഹി പോലീസിനെതിരെയോ ചെറുവിരലനക്കാത്തവരാണ് മാധ്യമങ്ങള്‍ക്കെതിരേ തിരിഞ്ഞിരിക്കുന്നത്. ഇത്തരം നടപടി ജനാധിപത്യരാജ്യത്തിന് ഭൂഷണമല്ല.

കേന്ദ്രസര്‍ക്കാരിന്റേത് ഫാഷിസ്റ്റ് നടപടിയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ഏഷ്യാനെറ്റിന്റെയും മീഡിയാ വണ്ണിന്റെയും സംപ്രേഷണം ഒരു നോട്ടീസുപോലും നല്‍കാതെ നിര്‍ത്തിവയ്പ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അടിയന്തരാവസ്ഥയെ വെല്ലുന്നതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. ഡല്‍ഹി കലാപം സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലാണ് ഈ നടപടി. മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണമാണിത്.

മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം സ്വീകരിച്ചുവരുന്ന മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്ന നടപടികളുടെ തുടര്‍ച്ചയാണിത്. ഇതിനെതിരേ ശക്തമായ ബഹുജനരോഷം ഉയര്‍ന്നുവരണമെന്ന് കാനം രാജേന്ദ്രന്‍ അഭ്യര്‍ഥിച്ചു. മാധ്യമവിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരിം എംപി ചൂണ്ടിക്കാട്ടി. മാധ്യമസ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്നും എളമരം കരിം വ്യക്തമാക്കി.

Next Story

RELATED STORIES

Share it