Kerala

നിങ്ങൾ മദ്യപിച്ചിട്ടുണ്ടോ; വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകനെ അവഹേളിച്ച് ടി പി സെൻകുമാർ

നിങ്ങള്‍ മാധ്യമപ്രവര്‍ത്തകനാണോ എന്ന് ചോദിച്ചശേഷം മുന്നോട്ടുവരണമെന്നും നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടോയെന്നും സെൻകുമാർ ചോദിച്ചു.

നിങ്ങൾ മദ്യപിച്ചിട്ടുണ്ടോ; വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകനെ അവഹേളിച്ച് ടി പി സെൻകുമാർ
X

തിരുവനന്തപുരം: എസ്എൻഡിപി നേതാക്കൾക്കെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ച് മുൻ ഡിജിപി ടി പി സെന്‍കുമാര്‍. മാവേലിക്കര യൂണിയൻ മുന്‍ പ്രസിഡന്റ് സുഭാഷ് വാസുവുമായി ചേർന്ന് തിരുവനന്തപുരം പ്രസ് ക്ലബിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സെൻകുമാറിന്റെ അതിരുവിട്ടുള്ള പ്രകടനം. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് പ്രകോപിതനായി സംസാരിച്ച സെന്‍കുമാര്‍ അപമര്യാദയായി പെരുമാറുകയായിരുന്നു.

നിങ്ങള്‍ മാധ്യമപ്രവര്‍ത്തകനാണോ എന്ന് ചോദിച്ചശേഷം മുന്നോട്ടുവരണമെന്നും നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടോയെന്നും സെൻകുമാർ ചോദിച്ചു. സെന്‍കുമാറിനെ ഡിജിപിയാക്കിയ നടപടി ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ അബദ്ധമാണെന്ന ചെന്നിത്തലയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി യുള്ള മാധ്യമ പ്രവർത്തകന്റെ ചോദ്യമാണ് സെൻകുമാറിനെ പ്രകോപിപ്പിച്ചത്.


താങ്കള്‍ ഡിജിപി ആയിരുന്നപ്പോളൊന്നും വെള്ളാപ്പള്ളിയുടെ കാര്യത്തില്‍ ഇടപെടാന്‍ സമയം കിട്ടിയില്ലേ? സർവീസിൽ നിന്നും വിരമിച്ചപ്പോഴേക്കും മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിൽ കാര്യങ്ങള്‍ ചെയ്യുന്നുവെന്ന് പറഞ്ഞപ്പോഴേക്കും സെൻകുമാർ കയർത്തു സംസാരിക്കാൻ തുടങ്ങി. തുടർന്ന് മാധ്യമപ്രവര്‍ത്തകന്‍ അടുത്തേക്ക് വന്നപ്പോള്‍ നിങ്ങളും രീതിയും സംസാരവും കണ്ടപ്പോള്‍ മദ്യപിച്ചതുപോലെയാണ് തോന്നുന്നതെന്ന് സെന്‍കുമാര്‍ പറഞ്ഞു. ഇയാളെ പിടിച്ച് പുറത്താക്കണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടതോടെ ഇദ്ദേഹത്തിനൊപ്പമെത്തിയ ചിലര്‍ മാധ്യമപ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്ത് പുറത്താക്കാൻ ശ്രമിച്ചു. ഇതോടെ മാധ്യമപ്രവര്‍ത്തകര്‍ ഒന്നടങ്കം വിഷയത്തില്‍ ഇടപെട്ടതോടെ പിൻവലിഞ്ഞ സെന്‍കുമാര്‍ ചോദ്യത്തിന് മറുപടി നൽകാമെന്ന് പറയുകയായിരുന്നു. മാധ്യമപ്രവര്‍ത്തകന് സാമാന്യബുദ്ധി വേണം. നിങ്ങള്‍ ഒരു മാധ്യമ പ്രവര്‍ത്തകനാണെങ്കില്‍ അതാതു ദിവസത്തെ കാര്യങ്ങളെകുറിച്ച് അറിവുണ്ടാകണം. ചെന്നിത്തലയെ ഇപ്പോള്‍ ഏഴാം കൂലി വെച്ച് വെട്ടിയിട്ടുണ്ട്. വേണമെന്നുണ്ടെങ്കില്‍ എട്ടാം കൂലി വെച്ചും വെട്ടും. എസ്എന്‍ഡിപിയെ പറ്റി ചോദിക്കണമെങ്കില്‍ ചോദിക്കാം. അല്ലാതെ വിഷയം വഴിതിരിച്ചു വിടരുതെന്നും സെന്‍കുമാര്‍ മറുപടി നൽകി.

എസ്എന്‍ഡിപി യോഗത്തില്‍ നിന്ന് വെള്ളാപ്പള്ളി പണം തട്ടിയെന്ന് സെന്‍കുമാര്‍ ആരോപിച്ചു. കോളജ്, സ്കൂള്‍ അഡ്മിഷനും നിയമനത്തിനും വാങ്ങിയ 1600 കോടിരൂപ കാണാനില്ല. മൈക്രോഫിനാന്‍സിന് വാങ്ങിയ അധികപലിശ എവിടെപ്പോയെന്നും സെൻകുമാർ ചോദിച്ചു. ആദായനികുതി, എന്‍ഫോഴ്സമെന്റ്, റവന്യൂ ഇന്റലിജന്‍സിന്റെയും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോടേലും എതിർപ്പ് ഉണ്ടെങ്കിൽ വെള്ളാപ്പള്ളി കള്ളക്കേസ് ഉണ്ടാക്കും. ജനാധിപത്യം എന്നുള്ളത് എസ്എൻഡിപിയിൽ ഇല്ല.എസ്എന്‍ഡിപി നേതൃത്വത്തിൽ സുതാര്യമായ അന്വേഷണം നടത്തണം. യോഗത്തിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയ വെള്ളാപ്പള്ളി അട്ടിമറിച്ചു. 1000 ശാഖകള്‍ വ്യാജമാണെന്നും സെൻകുമാർ ആരോപിച്ചു.

Next Story

RELATED STORIES

Share it