Kerala

അമീബിക് മസ്തിഷ്‌ക ജ്വരം; സംസ്ഥാനത്ത് വീണ്ടും മരണം

ആറ്റിങ്ങല്‍ സ്വദേശിയായ 57 കാരനാണ് മരിച്ചത്

അമീബിക് മസ്തിഷ്‌ക ജ്വരം; സംസ്ഥാനത്ത് വീണ്ടും മരണം
X

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. തിരുവനന്തപുരം ആറ്റിങ്ങല്‍ കൊടുമണ്‍ സ്വദേശിയായ 57 കാരനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇയാള്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്നു.

പ്രമേഹരോഗിയായിരുന്ന ഇദ്ദേഹം കാലിലെ പരിക്കു കാരണം കഴിഞ്ഞ ഒരു മാസമായി ചികില്‍സയിലായിരുന്നു. ഒരാഴ്ച മുന്‍പ് പനി ബാധിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് ഇതുവരെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. മരിച്ചയാളുടെ വീടും പരിസരവും ആരോഗ്യ പ്രവര്‍ത്തകരെത്തി ക്ലോറിനേറ്റ് ചെയ്തിട്ടുണ്ട്.

ഈ മാസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മൂന്നു മരണങ്ങളാണ് സംസ്ഥാനത്ത് ഔദ്യോഗികമായി റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടാതെ, ഈ മാസം ഏഴു പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഈ വര്‍ഷം ഇതുവരെ 160 കേസുകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടതെന്നും 36 മരണങ്ങള്‍ ആരോഗ്യ വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂര്‍വ്വമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. 97 ശതമാനത്തിലധികം മരണനിരക്കുള്ള ഈ രോഗത്തിന്റെ പല കേസുകളിലും രോഗബാധയുടെ ഉറവിടം കണ്ടെത്താന്‍ കഴിയാത്തത് ആരോഗ്യ വകുപ്പിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

Next Story

RELATED STORIES

Share it