Kerala

കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ വിദ്യാഭ്യാസമേഖലയില്‍ ബദല്‍ മാര്‍ഗങ്ങള്‍

സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ബിരുദ, ബിരുദാനന്തര പാഠഭാഗങ്ങള്‍ ഓണ്‍ലൈന്‍ മുഖേന വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്നുണ്ട്. 450ഓളം പേപ്പറുകളുടെ ഉള്ളടക്ക മോഡ്യൂള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ വിദ്യാഭ്യാസമേഖലയില്‍ ബദല്‍ മാര്‍ഗങ്ങള്‍
X

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ച വിദ്യാഭ്യാസ മേഖല ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്ന സ്ഥിതിയാണ്. സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ബിരുദ, ബിരുദാനന്തര പാഠഭാഗങ്ങള്‍ ഓണ്‍ലൈന്‍ മുഖേന വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്നുണ്ട്. 450ഓളം പേപ്പറുകളുടെ ഉള്ളടക്ക മോഡ്യൂള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പിഡിഎഫ്, പിപിടി, വീഡിയോ ഫോര്‍മാറ്റുകളിലാണ് ഇവ ലഭ്യമാക്കുന്നത്. കൂടുതല്‍ വിഷയങ്ങള്‍ താമസിക്കാതെ അപ്ലോഡ് ചെയ്യും.

2018-19 അക്കാദമിക് വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് തുകയായ 3.35 കോടി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്തിട്ടുണ്ട്. ലാക്ക്ഡൗണ്‍ കാരണം അടച്ചിട്ട വൈദ്യുതി ബോര്‍ഡിന്റെ കാഷ് കൗണ്ടറുകള്‍ മെയ് നാലു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. വൈദ്യുതി ബില്ലടക്കുന്നതിന് ഉണ്ടാകാനിടയുള്ള തിരക്ക് ഒഴിവാക്കാന്‍ കണ്‍സ്യൂമര്‍ നമ്പര്‍ ക്രമത്തില്‍ ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാലത്തെ ബില്ലുകള്‍ക്ക് മെയ് 16 വരെ സര്‍ചാര്‍ജ് ഒഴിവാക്കിയിട്ടുണ്ട് എന്നും വൈദ്യുതിബോര്‍ഡ് അറിയിച്ചു.

വൈദ്യുതി ബില്ലടക്കുന്നതിന് വൈദ്യുതി ഓഫിസില്‍ പോകാതെ ഓണ്‍ലൈന്‍ അടക്കാനുള്ള സാധ്യത പരമാവധി ഉപയോഗപ്പെടുത്തണം. കൊവിഡ് പ്രതിസന്ധി മാധ്യമങ്ങളെ രൂക്ഷമായി ബാധിച്ചത് പരിഹരിക്കാന്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ള പരസ്യ കുടിശികയായ 53 കോടി റിലീസ് ചെയ്തിട്ടുണ്ട്. പിആര്‍ഡി വഴി ഇത് വിതരണം ചെയ്യും. മാധ്യമരംഗത്ത് പ്രതിസന്ധിമൂലം ആര്‍ക്കും തൊഴില്‍ നഷ്ടപ്പെടാന്‍ പാടില്ല എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. ഉച്ചഭക്ഷണത്തിനുള്ള അരി വിദ്യാലയങ്ങളില്‍ കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ബാക്കി വന്ന അരി കമ്യൂണിറ്റി കിച്ചനില്‍ നല്‍കാന്‍ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ പ്രാദേശികമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സ്‌കൂളുകളും ആശയവിനിമയം നടത്തി അരിയും പയറും കൈമാറണം. സംസ്ഥാനത്ത് ഇന്നലെ 2088 ട്രക്ക് ചരക്കുമായി എത്തിയിട്ടുണ്ട്. അവശ്യ സാധനങ്ങളുടെ വരവ് തൃപ്തികരമാണ്.സാര്‍വദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് എല്ലാവര്‍ക്കും മെയ്ദിന ആശംസ നേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ദുരിതം നേരിടുന്ന തൊഴിലാളിവര്‍ഗത്തോടുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതായും അവര്‍ക്ക് കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.



Next Story

RELATED STORIES

Share it