Kerala

ആലപ്പാട് മുങ്ങുകയാണെന്ന പ്രചാരണം തെറ്റ്; വിശദീകരണവുമായി ഐആര്‍ഇഎല്‍

ആലപ്പാട് വില്ലേജിന്റെ 16 കിലോമീറ്റര്‍ വരുന്ന തീരപ്രദേശം പൂര്‍ണമായും കടല്‍കെട്ടി ബലപ്പെടുത്തിയ സാഹചര്യത്തില്‍ 500 മീറ്റര്‍ മാത്രം വരുന്ന പ്രദേശത്തെ തീരമണല്‍ ശേഖരണത്തിന്റെ പേരിലാണ് വ്യാജപ്രചാരണം നടക്കുന്നത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചടങ്ങള്‍ക്കനുസരിച്ച് ശാസ്ത്രീയവും പരിസ്ഥിതി സൗഹാര്‍ദ്ദപരവും പ്രകൃതി സുസ്ഥിരത ഉറപ്പുവരുത്തിയുമാണ് ഐആര്‍ഇ തീരമണല്‍ ശേഖരിക്കുന്നത്.

ആലപ്പാട് മുങ്ങുകയാണെന്ന പ്രചാരണം തെറ്റ്; വിശദീകരണവുമായി ഐആര്‍ഇഎല്‍
X

തിരുവനന്തപുരം: അലപ്പാട് നടക്കുന്ന കരിമണല്‍ ഖനനത്തിനെതിരേ പ്രതിഷേധം ശക്തമായതോടെ വിശദീകരണവുമായി ഖനനം നടത്തുന്ന ഐആര്‍ഇഎല്‍ രംഗത്ത്. ഖനനത്തെ തുടര്‍ന്ന് ആലപ്പാട് വില്ലേജ് പൂര്‍ണമായും മുങ്ങിപ്പോവുകയാണെന്ന ആരോപണം തെറ്റാണെന്ന് പൊതുമേഖലാ സ്ഥാപനമായ ഐആര്‍ഇ (ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ലിമിറ്റഡ്) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എല്ലാ ചട്ടങ്ങളും പാലിച്ചാണ് ഖനനം നടത്തുന്നത്. ആലപ്പാട് വില്ലേജിന്റെ 16 കിലോമീറ്റര്‍ വരുന്ന തീരപ്രദേശം പൂര്‍ണമായും കടല്‍കെട്ടി ബലപ്പെടുത്തിയ സാഹചര്യത്തില്‍ 500 മീറ്റര്‍ മാത്രം വരുന്ന പ്രദേശത്തെ തീരമണല്‍ ശേഖരണത്തിന്റെ പേരിലാണ് വ്യാജപ്രചാരണം നടക്കുന്നത്.


കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചടങ്ങള്‍ക്കനുസരിച്ച് ശാസ്ത്രീയവും പരിസ്ഥിതി സൗഹാര്‍ദ്ദപരവും പ്രകൃതി സുസ്ഥിരത ഉറപ്പുവരുത്തിയുമാണ് ഐആര്‍ഇ തീരമണല്‍ ശേഖരിക്കുന്നത്. എല്ലാ വശങ്ങളും പഠിച്ച ശേഷമാണ് ഖനനം. തീരത്തിന്റെ എല്ലാ സുരക്ഷയും ഐആര്‍ഇ ഉറപ്പാക്കിയിട്ടുണ്ട്. ആലപ്പാട് തീരത്തോട് ചേര്‍ന്ന് കടലാക്രമണം നേരിടുന്ന ഇടങ്ങളിലെല്ലാം കടല്‍ഭിത്തി നിര്‍മിച്ചിട്ടുണ്ട്. പുലിമുട്ടുകളുടെ നിര്‍മാണം നടന്നുവരികയാണ്. ഉള്‍നാടന്‍ ജലഗതാഗതപാതയ്ക്ക് വേണ്ടിയാണ് ഡ്രഡ്ജിങ് നടത്തുന്നതെന്നും ഐആര്‍ഇ വ്യക്തമാക്കി. ജനകീയസമരം തുടങ്ങിയ ശേഷം ഇതാദ്യമായാണ് വിശദീകരണവുമായി ഐആര്‍ഇ രംഗത്തെത്തുന്നത്.

അതേസമയം, ആലപ്പാട് സന്ദര്‍ശനത്തിനിടെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ കാണാനെത്തിയ ഐആര്‍ഇ ജീവനക്കാരും സമരക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഐആര്‍ഇ പ്രവര്‍ത്തനം നിര്‍ത്തിയാല്‍ അതു തങ്ങളുടെ ഉപജീവനമാര്‍ഗ്ഗം ഇല്ലാതാക്കുമെന്ന് ചെന്നിത്തലയെ കാണാനെത്തിയ ജീവനക്കാര്‍ പറഞ്ഞു. ആലപ്പാട് സമരം 75 ദിവസം പിന്നിട്ടതോടെ പ്രദേശം സന്ദര്‍ശിച്ച ചെന്നിത്തലയ്ക്ക് പിന്നാലെ സമരവേദിയിലെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരനും സേവ് ആലപ്പാട് കാംപെയ്‌ന് പിന്തുണ പ്രഖ്യാപിച്ചു.


ആലപ്പാട് നടക്കുന്നത് അതിജീവനത്തിനുള്ള സമരമാണെന്ന് പറഞ്ഞ വിഎം സുധീരന്‍ ഇത് ന്യായമായ സമരമാണെന്നും ഇത്തരമൊരു ജനകീയ പ്രക്ഷോഭത്തെ വ്യവസായമന്ത്രി അപമാനിച്ചത് ശരിയായില്ലെന്നും വിമര്‍ശിച്ചു. ആലപ്പാട് സന്ദര്‍ശിക്കാന്‍ മന്ത്രിമാര്‍ തയ്യാറാവണം. സമരക്കാരെ ആക്ഷേപിച്ചത് ശരിയായില്ല. ആലപ്പാട് നിന്നും മണല്‍ കടത്തുന്നത് സ്വകാര്യലോബികളാണ്. സ്വകാര്യ ലോബികള്‍ക്ക് ഒത്താശ ചെയ്യുന്നത് സര്‍ക്കാരിലെ ചിലരാണെന്നും വിഎം സുധീരന്‍ വിമര്‍ശിച്ചു.

Next Story

RELATED STORIES

Share it