Kerala

കാട്ടിലെ കൃഷി വീണ്ടെടുക്കാൻ വനംവകുപ്പ്; വിത്തും ധനസഹായവുമായി മന്ത്രിയെത്തി

കോട്ടൂർ വനമേഖലയിലെ സെറ്റിൽമെൻറുകളായ കൈതോട്, മാങ്കോട് എന്നിവിടങ്ങളിൽ നിലമൊരുക്കി സുഭല, സുജല എന്നീ പേരുകളിൽ സ്വയം സഹായ സംഘങ്ങൾ രൂപീകരിച്ച് പരമ്പരാഗതമായ രീതിയിൽ കൂട്ടുകൃഷി ചെയ്യാനൊരുങ്ങുകയാണ് ഇവർ.

കാട്ടിലെ കൃഷി വീണ്ടെടുക്കാൻ വനംവകുപ്പ്; വിത്തും ധനസഹായവുമായി മന്ത്രിയെത്തി
X

തിരുവനന്തപുരം: അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് റേഞ്ചിലുള്ള കോട്ടൂർ വനമേഖലയിലെ ആദിവാസി ചെറുപ്പക്കാർക്ക് കാട്ടിനുള്ളിൽ കൃഷിചെയ്യുന്നതിന് പൂർണ പിന്തുണയുമായി വനംവകുപ്പ്. ഒരു കാലത്ത് കാർഷിക ഉൽപ്പന്നങ്ങളുടെ കലവറയായിരുന്ന കോട്ടൂരിൻ്റെ കൃഷിപ്പെരുമ വീണ്ടെടുക്കാനെത്തിയ വനവാസി ചെറുപ്പക്കാർക്ക് വിത്തും ധനസഹായവും നൽകാൻ വനംമന്ത്രി കെ രാജു തന്നെ നേരിട്ടെത്തിയത് ശ്രദ്ധേയമായി.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ആദിവാസികളെ രക്ഷിക്കാനായാരംഭിച്ച വനിക ജൈവ വിപണന കേന്ദ്രം വഴി ഊരുല്പന്നങ്ങൾക്ക് നല്ലവില ലഭിക്കുന്ന സാഹചര്യമാണ് യുവാക്കൾക്ക് പ്രചോദനമായത്.

കോട്ടൂർ വനമേഖലയിലെ സെറ്റിൽമെൻറുകളായ കൈതോട്, മാങ്കോട് എന്നിവിടങ്ങളിൽ നിലമൊരുക്കി സുഭല, സുജല എന്നീ പേരുകളിൽ സ്വയം സഹായ സംഘങ്ങൾ രൂപീകരിച്ച് പരമ്പരാഗതമായ രീതിയിൽ കൂട്ടുകൃഷി ചെയ്യാനൊരുങ്ങുകയാണ് ഇവർ. കൃഷി നിലത്ത് നേരിട്ടെത്തി ഇവരെ അഭിനന്ദിക്കാനും വനം മന്ത്രി മറന്നില്ല.

കൈതോട് നടന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം വനംമന്ത്രി നിർവ്വഹിച്ചു. കൃഷിക്കാവശ്യമായ വിത്തുകൾ, സാമ്പത്തിക സഹായം, ആദിവാസി കുടുംബങ്ങളിൽ ഭക്ഷ്യസുരക്ഷാ ഉറപ്പാക്കുന്നതിനായുള്ള പച്ചക്കറി കിറ്റുകളുടെ വിതരണം എന്നിവയും മന്ത്രി നിർവ്വഹിച്ചു. കെ എസ് ശബരിനാഥൻ എംഎൽഎ, കോട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് മണികണ്ഠൻ, വൈസ് പ്രസിഡൻ്റ് ജിഷാ കൃഷ്ണൻ, തിരുവനന്തപുരം ഡിഎഫ്ഒ പ്രദീപ് കുമാർ, വൈൽഡ് ലൈഫ് വാർഡൻ ജെ ആർ അനി, അസി.വൈൽഡ് ലൈഫ് വാർഡൻ സതീശൻ തുടങ്ങിയവർ പങ്കെടുത്തു.

എബിപി, നെയ്യാർ, പേപ്പാറ, പരുത്തിപ്പള്ളി റേയ്ഞ്ചുകളിലെ കുടുംബങ്ങൾക്കാണ് പച്ചക്കറി കിറ്റ് വിതരണം ചെയ്തത്. ഹാൻഡ്സ് ഫൗണ്ടേഷൻ, ടെക്നോപാർക്കിലെ ക്യുബസ്റ്റ്, പ്രകൃതി ട്രെക്കിഗ് ഗ്രൂപ്പ് എന്നീ സംഘടനകളുടെ സഹായത്തോടെയാണ് പരിപാടി നടന്നത്.

ഒരുകാലത്ത് കാടുതെളിച്ചു നിലാമൊരുക്കി ഭക്ഷ്യധാന്യങ്ങൾ വികസിപ്പിച്ചിരുന്ന കാർഷിക സംസ്കാരത്തിന് ഉടമകളായിരുന്നു വനവാസികൾ. സ്വന്തം ആവശ്യത്തിനുള്ളവ മാത്രം കൃഷിചെയ്ത് പിന്നീടവർ മുഖ്യധാരയിൽ നിന്നകന്നു. എന്നാൽ അന്യം നിന്നുപോയ കാർഷിക സംസ്കാരത്തിൻ്റെ നാമ്പുകൾ തേടി യാത്ര തിരിക്കാൻ ഇന്നിവർക്ക് പ്രചോദനമായത് കോവിഡ് പ്രതിരോധം തീർത്ത വറുതിയാണ്. ഒരു കാലത്ത് നാടുഭരിച്ചിരുന്ന രാജാക്കന്മാർക്കുവരെ ജൈവ വിഭവങ്ങൾ കൊട്ടാരങ്ങളിൽ എത്തിച്ചിരുന്ന കോട്ടൂരിലെ ഊരുകളാണ് വനം വകുപ്പിൻ്റെ പിൻതുണയിൽ ഇന്ന് വീണ്ടും വിത്തും കൈക്കോട്ടും എടുത്തിരിക്കുന്നത്.

Next Story

RELATED STORIES

Share it