Kerala

രണ്ടുലക്ഷം വരെയുള്ള കാർഷിക കടം എഴുതിത്തള്ളാനുള്ള നടപടികളുമായി സർക്കാർ

നിയമസഭയിൽ കര്‍ഷക ആത്മഹത്യ സംബന്ധിച്ച പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ ചര്‍ച്ചക്കിടെയാണ് ഇക്കാര്യം സര്‍ക്കാര്‍ അറിയിച്ചത്.

രണ്ടുലക്ഷം വരെയുള്ള കാർഷിക കടം എഴുതിത്തള്ളാനുള്ള നടപടികളുമായി സർക്കാർ
X

തിരുവനന്തപുരം: സംസ്ഥാനത്തെ കാർഷിക കടം എഴുതിത്തള്ളാനുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങുന്നു. നിയമസഭയിൽ കര്‍ഷക ആത്മഹത്യ സംബന്ധിച്ച പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ ചര്‍ച്ചക്കിടെയാണ് ഇക്കാര്യം സര്‍ക്കാര്‍ അറിയിച്ചത്.

സഹകരണ ബാങ്കുകളിൽ നിന്നും കർഷകർ എടുത്തിട്ടുള്ള 2 ലക്ഷം വരെയുള്ള കടങ്ങളാണ് എഴുതിത്തള്ളുക. കാർഷിക കടാശ്വാസ കമ്മീഷന്റെ പരിധിയിൽ 2014 വരെയുള്ള വായ്പകള്‍ ഉൾപ്പെടുത്തിയെന്നും കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ സഭയില്‍ അറിയിച്ചു.

കോൺഗ്രസ് എംഎൽഎ ഐ സി ബാലകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കാർഷിക കടങ്ങൾ എഴുതി തള്ളാത്ത സാഹചര്യങ്ങൾ ചർച്ച ചെയ്യണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടു. ജപ്തി നടപടികളെ തുടർന്നുള്ള കർഷക ആത്മഹത്യ വർദ്ധിക്കുകയാണ്. ആത്മഹത്യ ചെയ്ത കർഷകരുടെ കടങ്ങൾ എഴുതി തള്ളണമെന്നും ഐ സി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.

കേരളത്തിൽ 15 കർഷക ആത്മഹത്യകളുണ്ടായെന്ന് കൃഷിമന്ത്രി മറുപടി നൽകി. ഇടുക്കിയിൽ 10, വയനാട്ടിൽ അഞ്ച് എന്നിങ്ങനെയാണ് കർഷക ആത്മഹത്യ. പ്രളയം കാർഷകമേഖലയെ തകർത്തു. ഇതുമൂലം കർഷകർ മാനസിക സമ്മർദ്ദത്തിലായെന്നും കൃഷിമന്ത്രി പറഞ്ഞു.

രണ്ടുലക്ഷം വരെയുള്ള വായ്പകൾ കാർഷിക കടാശ്വാസ കമ്മീഷന്റെ പരിധിയിൽ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. ഇതുകൂടാതെ വാണിജ്യ ബാങ്കുകളുടെ വായ്പയും കടാശ്വാസ കമ്മീഷന്റെ കീഴിൽ കൊണ്ടുവരും. കർഷകരുടെ എല്ലാ വായ്പകൾക്കുമുള്ള മൊറട്ടോറിയം നീട്ടി. 2019 ഡിസംബർ 19 വരെ കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയത്തിനുള്ള കാലാവധി ദീർഘിപ്പിച്ച് ഉത്തരവിറക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

അതേസമയം സർഫാസി ആക്ടിന്റെ പരിധിയിൽ നിന്ന് സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ ഒഴിവാക്കാമെന്ന തീരുമാനം ഭാവിയിലെടുക്കാമെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. സഹകരണ ബാങ്കുകളെ ആക്ടിന്റെ പരിധിയിൽ കൊണ്ടുവന്നത് 2003 ൽ യുഡിഎഫ് സർക്കാരായിരുന്നുവെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. എന്നാൽ 2600 കർഷകർക്കെതിരെ ഈ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ജപ്തി നടപടികൾ സ്വീകരിച്ചുവെന്ന് മറുപടിയായി പ്രതിപക്ഷ നേതാവ് പറഞ്ഞു.

Next Story

RELATED STORIES

Share it