Kerala

ആദിത്യക്ക് രണ്ടുവയസ്: ഓളപ്പരപ്പില്‍ ഇനി ഒറ്റയ്ക്കാവില്ല; കൂട്ടുകാരെത്തും

വൈക്കം-തവണക്കടവ് ജലപാതയില്‍ രാജ്യത്തെ തന്നെ ആദ്യ സോളാര്‍ യാത്രാബോട്ടായ 'ആദിത്യ' പൊതുഗതാഗത മേഖലയില്‍ നടത്തിയ പ്രധാന ചുവടുവെപ്പായിരുന്നു. കൂടുതല്‍ സോളാര്‍ ബോട്ടുകള്‍ അടക്കം തയ്യാറാക്കി ഈ മേഖലയിലെ നവീകരണം വേഗത്തിലാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

ആദിത്യക്ക് രണ്ടുവയസ്: ഓളപ്പരപ്പില്‍ ഇനി ഒറ്റയ്ക്കാവില്ല; കൂട്ടുകാരെത്തും
X

തിരുവനന്തപുരം: 'ആദിത്യ'ക്ക് രണ്ടു വയസാവുന്നു. രണ്ട് വര്‍ഷമായി ആദിത്യ ഓളപ്പരപ്പിലൂടെ കുതിച്ചു നീങ്ങുകയാണ്. വൈക്കം-തവണക്കടവ് ജലപാതയില്‍ രാജ്യത്തെ തന്നെ ആദ്യ സോളാര്‍ യാത്രാബോട്ടായ 'ആദിത്യ' പൊതുഗതാഗത മേഖലയില്‍ നടത്തിയ പ്രധാന ചുവടുവെപ്പായിരുന്നു. നൂതന ആശയങ്ങളെ ഗുണപരമായി വിനിയോഗിക്കുക എന്ന കാഴ്ചപ്പാടാണ് ജലഗതാഗത വകുപ്പ് 'ആദിത്യ'യിലൂടെ സാക്ഷാല്‍കരിച്ചത്.

പരിസ്ഥിതി മലിനീകരണം കുറച്ചു, ഇന്ധന ഉപയോഗം ലാഭിച്ചു, രണ്ടു വര്‍ഷം ആദിത്യ എന്തുനേടി എന്ന ചോദ്യത്തിന്റെ ഉത്തരം ഇതാണ്. ആറര ലക്ഷം ജനങ്ങളേയും കൊണ്ട് 38,000 കിലോമീറ്റര്‍ ദൂരം ആദിത്യ ഓടിക്കഴിഞ്ഞു. സാധാരണ ബോട്ടാണെങ്കില്‍ ആവശ്യമായിരുന്ന 58,450 ലിറ്റര്‍ ഡീസലാണ് ലാഭിച്ചത്. അതു വഴി 40 ലക്ഷം രൂപ ജലഗതാഗത വകുപ്പ് നേട്ടമുണ്ടാക്കി. സാധാരണ ബോട്ടാണെങ്കില്‍ പുറന്തള്ളുമായിരുന്ന 1,29 ,439 കിലോഗ്രാം കാര്‍ബണ്‍ ഡയോക്‌സൈഡ് അന്തരീക്ഷത്തിലേക്ക് എത്തുന്നതും ഇല്ലാതാക്കിയത് ആദിത്യയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

ജലഗതാഗത മേഖലയെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ മാറ്റുന്നതിന് ഭരണത്തിന്റെ ആയിരം ദിവസങ്ങള്‍ക്കകം കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ സോളാര്‍ ബോട്ടുകള്‍ അടക്കം തയ്യാറാക്കി ഈ മേഖലയിലെ നവീകരണം വേഗത്തിലാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇക്കാര്യം മുഖ്യമന്ത്രി ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.


Next Story

RELATED STORIES

Share it