Kerala

നടി ആക്രമിക്കപ്പെട്ട കേസ്: കാവ്യാമാധവനെ ഇന്ന് ചോദ്യം ചെയ്‌തേക്കില്ല

കാവ്യാമാധവന്റെ വീട്ടിലെത്തി ചോദ്യം ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം.സാങ്കേതിക വിദ്യയുടെ കൂടി സഹായത്താലാണ് കാവ്യാ മാധവനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തയ്യാറെടുക്കുന്നത്

നടി ആക്രമിക്കപ്പെട്ട കേസ്: കാവ്യാമാധവനെ ഇന്ന് ചോദ്യം ചെയ്‌തേക്കില്ല
X

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യമാധവനെ ഇന്ന് ചോദ്യം ചെയ്‌തേക്കില്ല.കാവ്യാമാധവന്റെ വീട്ടിലെത്തി ചോദ്യം ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം.സാങ്കേതിക വിദ്യയുടെ കൂടി സഹായത്താലാണ് കാവ്യാ മാധവനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തയ്യാറെടുക്കുന്നത്.ശബ്ദരേഖകള്‍ അടക്കം കേള്‍പ്പിച്ചുകൊണ്ടായിരിക്കും ചോദ്യം ചെയ്യല്‍ നടക്കുക.ഇത്തരത്തിലുള്ള ചോദ്യം ചെയ്യല്‍ കാവ്യയുടെ വീട്ടില്‍ വെച്ച് നടത്താന്‍ കഴിയില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം.

സംവിധായകന്‍ ബാലചന്ദ്രകുമാറിനെയും കാവ്യയ്‌ക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കേസില്‍ തുടരന്വേഷണം നടക്കുന്നതും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന പേരില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തതും. ഈ സാഹചര്യത്തില്‍ കാവ്യയുടെ വീട്ടില്‍ ബാലചന്ദ്രകുമാറിനെ എത്തിക്കുന്നത് ശരിയാകില്ലെന്നാണ് അന്വേഷ സംഘം വിലയിരുത്തുന്നത്.കാവ്യയുടെ വീട്ടിലെത്തിയുള്ള ചോദ്യം ചെയ്യലിനോട് ബാലചന്ദ്രകുമാറും യോജിക്കുന്നില്ലെന്നാണ് അറിയുന്നത്.ഇതെല്ലാം കണക്കിലെടുത്താണ് കാവ്യയുടെ വീട്ടില്‍ വെച്ച് ചോദ്യം ചെയ്യേണ്ടതില്ലെന്ന നിലപാടില്‍ അന്വേഷണ സംഘം എത്തിയത്.

ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് നേരത്തെ കാവ്യാമാധവന് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു. ഈ നോട്ടീസിന്റെ സ്വഭാവമനുസരിച്ചാണ് തന്നെ വീട്ടില്‍ വെച്ച് ചോദ്യം ചെയ്താല്‍ മതിയെന്ന് കാവ്യമാധവന്‍ നിലപാട് സ്വീകരിച്ചത്.സാക്ഷിയെന്ന നിലയില്‍ തന്നെ എവിടെവെച്ച് ചോദ്യം ചെയ്യണമെന്ന് തീരുമാനിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നാണ് കാവ്യാ മാധവന്‍ അന്വേഷണ സംഘത്തെ അറിയിച്ചതെന്നാണ് വിവരം.തുടര്‍ നടപടി എന്തുവേണമെന്ന് അന്വേഷണ സംഘം യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നാണ് വിവരം.അതേ സമയം കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരന്‍ അനൂപ്,സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരോട് ഇന്ന് ഉച്ചയക്ക് രണ്ടിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ സ്ഥലത്തില്ലെന്ന് ഇവര്‍ അന്വേഷണ സംഘത്തെ അറിയിച്ചതായാണ് വിവരം.

Next Story

RELATED STORIES

Share it