Kerala

മതസംഘടന ഭാരവാഹിയായ മെഡിക്കല്‍ കോളജ് ഡോക്ടര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം

സര്‍ക്കാര്‍ ജീവനക്കാര്‍ ജാതി, മത സംഘടനകളുടെ ഭാരവാഹികളാകരുതെന്നാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തില്‍ വ്യക്തമാക്കുന്നത്.

മതസംഘടന ഭാരവാഹിയായ മെഡിക്കല്‍ കോളജ് ഡോക്ടര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം
X

തിരുവനന്തപുരം: മതസംഘടനയുടെ ഭാരവാഹിയായ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം. സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച സിഎസ്ഐ ദക്ഷിണ കേരള മഹായിടവക സെക്രട്ടറി ഡോ.പി കെ റോസ് ബിസ്റ്റിനെതിരെയാണ് നടപടി. സര്‍ക്കാര്‍ ജീവനക്കാര്‍ ജാതി, മത സംഘടനകളുടെ ഭാരവാഹികളാകരുതെന്നാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തില്‍ വ്യക്തമാക്കുന്നത്.

എന്നാൽ, മെഡിക്കല്‍ കോളജിലെ ന്യൂറോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രഫസറായ റോസ് ബിസ്റ്റ് അവധിയെടുത്ത് സിഎസ്ഐ ദക്ഷിണ കേരള മഹായിടവകയിലെ സെക്രട്ടറിയായി. ഇതിനെതിരെ നിരവധി പരാതികളാണ് സര്‍ക്കാരിന് ലഭിച്ചത്. സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും റോസ് ബിസ്റ്റ് തയാറായില്ല. തുടർന്ന് റോസ് ബിസ്റ്റിനെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയത്.

നേരത്തെ അച്ചടക്ക നടപടി തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെങ്കിലും അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ നിന്നും ഇദ്ദേഹം അനുകൂല വിധി നേടി. താന്‍ പ്രവര്‍ത്തിക്കുന്നത് മതസ്ഥാപനത്തിലല്ലെന്നായിരുന്നു ഇദ്ദേഹത്തിന്റെ വിശദീകരണം. തുടര്‍ന്ന് ഇക്കാര്യം പരിശോധിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ സിഎസ്ഐ ദക്ഷിണ മഹായിടവക മതസ്ഥാപനമാണെന്ന് കണ്ടെത്തി. സര്‍വീസ് ചട്ടങ്ങളിലെ 61 (1)എയ്ക്ക് വിരുദ്ധമാണ് ഇദ്ദേഹത്തിന്റെ സെക്രട്ടറി സ്ഥാനമെന്നും ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി നടത്തിയ തെളിവെടുപ്പില്‍ വ്യക്തമായി. ന്യൂനപക്ഷ വിഭാഗത്തിലാണ് സഭ വരുന്നതെന്നും അതിനാല്‍ സര്‍വീസ് ചട്ടങ്ങള്‍ ബാധകമല്ലെന്നുമുള്ള റോസ് ബിസ്റ്റണിന്റെ വാദം നിയമവകുപ്പും തള്ളി. തുടര്‍ന്നാണ് ഇദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയത്. ഇതിനിടെ, ചര്‍ച്ച് സിനഡ് കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്താക്കിയിരുന്നു.

Next Story

RELATED STORIES

Share it