Kerala

മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടിക്കാന്‍ കാമറകള്‍ കാര്യക്ഷമമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

സുപ്രിംകോടതി രൂപീകരിച്ച റോഡ് സേഫ്റ്റി കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണം. സംസ്ഥാന പോലിസ് മേധാവി, ഗതാഗത കമ്മീഷണര്‍ എന്നിവര്‍ക്കാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. തിരുവനന്തപുരം നഗരത്തില്‍പോലും നിരീക്ഷണ കാമറകള്‍ പലതും പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതി ഗൗരവമായി പരിശോധിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടിക്കാന്‍ കാമറകള്‍ കാര്യക്ഷമമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
X

തിരുവനന്തപുരം: മദ്യപിച്ച് അമിതവേഗതയില്‍ അലക്ഷ്യമായി വാഹനമോടിക്കുന്നത് കാരണമുള്ള റോഡപകടങ്ങളുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരത്തില്‍ പോലിസും ഗതാഗതവകുപ്പും സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ കാമറകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. സുപ്രിംകോടതി രൂപീകരിച്ച റോഡ് സേഫ്റ്റി കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണം. സംസ്ഥാന പോലിസ് മേധാവി, ഗതാഗത കമ്മീഷണര്‍ എന്നിവര്‍ക്കാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. തിരുവനന്തപുരം നഗരത്തില്‍പോലും നിരീക്ഷണ കാമറകള്‍ പലതും പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതി ഗൗരവമായി പരിശോധിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരം ജില്ലാ പോലിസ് മേധാവി കാമറകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് കമ്മീഷനില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു. നഗരത്തിലൂടെ ചീറിപ്പായുന്ന വാഹനങ്ങളുടെ നമ്പര്‍ കണ്ടെത്താന്‍ അത്യാധുനിക രീതിയിലുള്ള കാമറകള്‍ പ്രധാന പോയിന്റുകളില്‍ സ്ഥാപിക്കുമെന്ന് റിപോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം റോഡ് വികസന കോര്‍പറേഷനും ദേശീയ ഹൈവേ അതോറിറ്റിക്കും ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സ്പീഡ് ഡിറ്റക്ഷന്‍ കാമറ സ്ഥാപിച്ചാല്‍ ചീറിപ്പായുന്ന വാഹനങ്ങളുടെ നമ്പര്‍ കണ്ടെത്താന്‍ കഴിയും. അമിതവേഗത്തില്‍ ഓടുന്ന വാഹനങ്ങളുടെയും റെയ്‌സിങ് നടത്തുന്ന ബൈക്കുകളുടെയും നമ്പര്‍ സിറ്റി ട്രാഫിക് യൂനിറ്റില്‍ അറിയിച്ച് പിടിച്ചെടുക്കുമെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അമിതവേഗതയില്‍ അലക്ഷ്യമായി വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ പ്രധാന പോയിന്റുകളില്‍ കാമറ സ്ഥാപിച്ചിട്ടുണ്ടെന്ന് ഗതാഗത കമ്മീഷണര്‍ കമ്മീഷനെ അറിയിച്ചു. 14,96,672 വാഹനങ്ങള്‍ പിടികൂടിയിട്ടുണ്ട്. സുപ്രിംകോടതി രൂപീകരിച്ച റോഡ് സുരക്ഷാ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം അമിതവേഗത, അമിതഭാരം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കെതിരേ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. നഗരത്തില്‍ പലയിടത്തും നിരീക്ഷണകാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരോഗ്യനിയമസംരക്ഷണ പ്രതികരണവേദി ചെയര്‍മാന്‍ പി കെ രാജു നല്‍കിയ പരാതിയില്‍ പറയുന്നു. മദ്യപിച്ച് ലക്കുകെട്ട് ഐഎഎസ്സുകാരന്‍ ഓടിച്ച കാര്‍ മാധ്യമപ്രവര്‍ത്തകനെ ഇടിച്ചുകൊന്നിട്ടും നടപടിയെടുക്കാന്‍ കഴിയാത്തത് ഇതുകൊണ്ടാണെന്നും പരാതിക്കാരന്‍ കമ്മീഷനെ അറിയിച്ചു.

Next Story

RELATED STORIES

Share it