Kerala

കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് കൊവിഡ്; ആൾമാറാട്ടം നടത്തിയെന്ന് പോലിസിൽ പരാതി

അഭിജിത്തിന് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നും രോഗം പടർത്താനുള്ള ശ്രമമായിരുന്നുവോയെന്ന് സംശയിക്കണമെന്നും പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാൽ പറഞ്ഞു.

കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് കൊവിഡ്;  ആൾമാറാട്ടം നടത്തിയെന്ന് പോലിസിൽ പരാതി
X

തിരുവനന്തപുരം: കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം, കൊവിഡ് പരിശോധനക്കായി അഭിജിത് വ്യാജ പേരും മേൽവിലാസവും നൽകിയെന്നാരോപിച്ച് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് പോലിസിൽ പരാതി നൽകി. അഭിജിത്തിന് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നും രോഗം പടർത്താനുള്ള ശ്രമമായിരുന്നുവോയെന്ന് സംശയിക്കണമെന്നും പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാൽ പറഞ്ഞു.

തച്ചമ്പള്ളി എൽ പി സ്കൂളിൽ നടന്ന കൊവിഡ് പരിശോധനയിലാണ് അഭിജിത്തിന് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ പരിശോധന സമയത്ത് നൽകിയിരുന്ന പേരോ മേൽവിലാസമോ അഭിജിത്തിന്റേത് ആയിരുന്നില്ല. കൂടാതെ കെ എം അഭി എന്ന പേരും കെ എസ് യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടെ മേൽവിലാസവുമാണ് നൽകിയിരുന്നത്. ഇക്കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് പോലിസിൽ പരാതി നൽകിയിരിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കാനും രോഗം പരത്താനുമായിരുന്നു അഭിജിത്തിനെ പോലുള്ള ഒരാൾ ശ്രമിച്ചതെന്നാണ് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് ആരോപിക്കുന്നത്. തിരുവനന്തപുരം ജില്ലക്കാരൻ പോലും അല്ലാത്ത ഒരാൾ പോത്തൻകോട് പഞ്ചായത്തിലെ തച്ചമ്പള്ളി വാർഡിൽ വന്ന് വ്യാജ പേരിൽ കൊവിഡ് ടെസ്റ്റ് നടത്തി. അതിന്റെ ആവശ്യം എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു.

സംഭവത്തിൽ വിശദീകരണവുമായി അഭിജിത്ത് രംഗത്തെത്തി. പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റിനു രാഷ്ട്രീയതാല്പര്യമാണ്. കൊവിഡ് രോഗലക്ഷണങ്ങളെ തുടർന്ന് താൻ പോത്തൻകോട് പഞ്ചായത്തിലെ ഒരു വീട്ടിൽ ക്വാറന്റൈനിലായിരുന്നു. തന്റെ പേരും മറ്റ് വിവരങ്ങളും നൽകിയത് ബാഹുൽകൃഷ്ണയാണെന്നും കെ എം അഭിജിത്ത് എന്ന് തന്നെയാണ് പേര് നൽകിയതെന്നുമാണ് അഭിജിത്തിന്റെ വിശദീകരണം. പേര് മാറിയത് ക്ലറിക്കൽ പിശകാകാമെന്നും അഭിജിത്ത് വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it