Kerala

സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് 500 പേര്‍; ഹൈക്കോടതിയില്‍ പരാതി

ലോക്ഡൗണ്‍ കാലളവിലെ പ്രോട്ടോകോള്‍ ലംഘിച്ചുകൊണ്ടാണ് ഇടതുപക്ഷ സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങിന് ആളെകൂട്ടുന്നതെന്ന് പരാതയില്‍ പറയുന്നു. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ 500 പേരെ പങ്കെടുപ്പിക്കുമെന്നാണ് സംഘാടകര്‍ അറിയിക്കുന്നതെങ്കിലും 700 മുതല്‍ 1000 പേര്‍ വരെ ഒത്തുകൂടാനാണ്‌സാധ്യതയെന്ന് പരാതിയില്‍ പറയുന്നു.

സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് 500 പേര്‍; ഹൈക്കോടതിയില്‍ പരാതി
X

കൊച്ചി: അഞ്ഞൂറു പേരെ പങ്കെടുപ്പിച്ചുകൊണ്ട് ഈ മാസം 20 ന് തിരുവനന്തപുരം ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ നടത്താനിരിക്കുന്ന രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെതിരേ ഹൈക്കോടതിയില്‍ പരാതി. സ്വമേധയാ കേസെടുക്കണമെന്നാവശ്യപ്പെട്ട് അഡ്വ.അനില്‍ തോമസാണ് ചീഫ് ജസ്റ്റിസിനു പരാതി നല്‍കിയത്. ലോക്ഡൗണ്‍ കാലളവിലെ പ്രോട്ടോകോള്‍ ലംഘിച്ചുകൊണ്ടാണ് ഇടതുപക്ഷ സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങിന് ആളെകൂട്ടുന്നതെന്ന് പരാതയില്‍ പറയുന്നു. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ 500 പേരെ പങ്കെടുപ്പിക്കുമെന്നാണ് സംഘാടകര്‍ അറിയിക്കുന്നതെങ്കിലും 700 മുതല്‍ 1000 പേര്‍ വരെ ഒത്തുകൂടാനാണ്‌സാധ്യതയെന്ന് പരാതിയില്‍ പറയുന്നു.

ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന ജില്ലയായ തിരുവനന്തപുരത്ത് സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കുന്നത് നിയമലംഘനമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി കീഴില്‍ ദുരന്ത നിവാരണ നിയമപ്രകാരം പുറപ്പെടുവിച്ച ഉത്തരവിന്റെ ലംഘനമാണ് നടക്കുന്നതെന്നും ഇത് തടയേണ്ടത് അനിവാര്യമാണെന്നും പരാതിയില്‍ പറയുന്നു.നിയമവിരുദ്ധമായി ആളുകള്‍ കൂടുന്നതിലൂടെ രോഗ വ്യാപനം വര്‍ധിക്കാനിടയാകുമെന്നും പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രി നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുകയും അതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുകയാണെന്നു പരാതിയില്‍ പറയുന്നു.

കൊവിഡ് പകര്‍ച്ചവ്യാധി ആഗോള വ്യാപനമായി പ്രഖ്യാപിച്ച രോഗമാണെന്നും കേന്ദ്ര സര്‍ക്കാര്‍ ദുരന്തമായി പ്രഖ്യാപിച്ചു ദുരന്ത നിവാരണ നിയമത്തിന്റെ കീഴില്‍ വരുന്നതാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.കേരളത്തിലെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനു കോടതി അടിന്തിരമായി ഇടപെടണമെന്നു പരാതിയില്‍ പറയുന്നു. പരാതി ഒരു പൊതു താല്‍പര്യ ഹരജിയായി പരിഗണിച്ചു സ്വമേധയാ കേസെടുക്കണമെന്നും പരാതിയില്‍ പറയുന്നു. പരാതി അടിയന്തര പ്രധാന്യമുള്ളതാണ്. എത്രയും വേഗം സ്വമേധയാ പരിഗണിക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it