India

ശാഹീൻ ബാ​ഗിൽ മരണപ്പെട്ട കുഞ്ഞിന് വേണ്ടി സുപ്രിംകോടതിയെ സമീപിച്ച ധീരയായ പെൺകുട്ടി

ആ കുഞ്ഞിന്റെ മരണവാർത്ത സെന്നിനെ വല്ലാതെ പിടിച്ചുലച്ചു. അവൾ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ്എസ് ബോബ്‌ഡെയെ അഭിസംബോധന ചെയ്ത് ഒരു കത്തെഴുതി.

ശാഹീൻ ബാ​ഗിൽ മരണപ്പെട്ട കുഞ്ഞിന് വേണ്ടി സുപ്രിംകോടതിയെ സമീപിച്ച ധീരയായ പെൺകുട്ടി
X

ന്യൂഡൽഹി: പൗരത്വ നിയമ ഭേദ​ഗതിക്കെതിരേ ശാഹീൻ ബാ​ഗിൽ നടക്കുന്ന പോരാട്ടത്തിൽ തണുപ്പ് താങ്ങാനാകാതെ മരണപ്പെട്ട നാലുമാസം പ്രായമുള്ള കുഞ്ഞിന് വേണ്ടി സുപ്രിംകോടതിയെ സമീപിച്ച ധീരയായ പെൺകുട്ടിയാണ് സെൻ ഗുൺരതൻ സദാവർത്തെ. രണ്ടാഴ്ചയ്ക്കുള്ളിൽ, തികച്ചും വ്യത്യസ്തമായ രണ്ട് കാരണങ്ങളാൽ ഈ 12 വയസുകാരി ദേശീയ മാധ്യമങ്ങളിലെ തലക്കെട്ടുകളിൽ ഇടം നേടിയിരിക്കുകയാണ്.

ആദ്യമായി സെന്നിന്റെ പേര് പത്രങ്ങളിൽ വരുന്നത് അവളുടെ പന്ത്രണ്ടാം വയസ്സിലാണ്. 2020ലെ റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് ധീരതയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയതിന്റെ പേരിലായിരുന്നു. ഒരു തീപിടുത്തത്തിനിടെ അവൾ നടത്തിയ രക്ഷാപ്രവർത്തനത്തിനുള്ള അംഗീകാരമായിരുന്നു ആ അവാർഡ്. 2018 ആ​ഗസ്ത് 22 ന് മുംബൈയിലെ പരേലിൽ ഉള്ള ക്രിസ്റ്റൽ ടവർ എന്ന ബഹുനില ഫ്‌ളാറ്റിന്റെ പന്ത്രണ്ടാം നിലയിൽ ഒരു വലിയ തീപിടുത്തത്തിൽ സെന്നിന്റെ ആ സമയോചിതമായ ഇടപെടൽ കാരണം പത്തുപേരുടെ ജീവൻ രക്ഷിക്കാനായി. തുണികൾ വെള്ളത്തിൽ മുക്കി അത് കൂടെയുണ്ടായിരുന്ന എല്ലാവർക്കും വിതരണം ചെയ്ത്, അത് മൂക്കിൽ ചുറ്റിവെച്ച് അതിലൂടെ ശ്വാസമെടുക്കാൻ പറഞ്ഞു. അഗ്നിശമനസേനക്കാർ വന്ന് ഒടുവിൽ അവരെ രക്ഷിച്ചു. ആ ധീരമായ പ്രവൃത്തിക്ക് സെൻ സദാവർത്തെയെ ദേശീയ ശിശുക്ഷേമ സമിതി ധീരതയ്ക്കുള്ള ദേശീയ പുരസ്കാരം നൽകിയാണ് ആദരിച്ചത്.

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതികളെപ്പറ്റി ഇന്റർനെറ്റിൽ തിരഞ്ഞുകൊണ്ടിരുന്ന സെൻ ആകസ്മികമായി ഒരു വാർത്ത കണ്ടു. ശാഹീൻ ബാഗിലെ പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരപ്പന്തലിൽ അമ്മയുടെ കൂടെ നിത്യം ചെന്നിരുന്ന നാലുമാസം പ്രായമുള്ളൊരു കുഞ്ഞ് അവിടത്തെ തണുപ്പ് താങ്ങാനാകാതെ അസുഖബാധിതനായി മരണപ്പെട്ട വാർത്തയായിരുന്നു അത്.

ഇത്തിരിയില്ലാത്ത ആ കുഞ്ഞിന്റെ മരണവാർത്ത സെന്നിനെ വല്ലാതെ പിടിച്ചുലച്ചു. അവൾ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ്എസ് ബോബ്‌ഡെയെ അഭിസംബോധന ചെയ്ത് ഒരു കത്തെഴുതി. ഫെബ്രുവരി അഞ്ചിന് ആ കത്ത് അവൾ ജസ്റ്റിസിനയച്ചു. കുഞ്ഞുങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ പരിഗണിക്കണം എന്നതായിരുന്നു സെന്നിന്റെ ആവശ്യം. സമരപ്പന്തലിലെ കുഞ്ഞുങ്ങൾ പോലിസിന്റെ അതിക്രമങ്ങൾക്ക് ഇരയാകാനുള്ള സാധ്യതക്ക് അവരെ വിധേയരാക്കി അവരുടെ ജീവൻ അപകടത്തിലാക്കുന്ന സാഹചര്യം ഒരു കോടതിവിധി കൊണ്ടുതന്നെ ഇല്ലാതാക്കണം എന്നതായിരുന്നു അവളുടെ അപേക്ഷ.

ജസ്റ്റിസ് ബോബ്‌ഡെയെ സ്വാധീനിക്കാൻ അവളുടെ കത്തിന് സാധിച്ചു. അദ്ദേഹം അവളുടെ ആ അപേക്ഷയെ സ്വമേധയാ ഒരു പൊതുതാത്പര്യ ഹരജിയാക്കി മാറ്റി. അടുത്ത ഹിയറിങ്ങ് വിളിച്ചിരിക്കുന്ന തീയതി സെൻ സദാവർത്തെയോടും വന്ന് തന്റെ പക്ഷം വാദിച്ചുകൊള്ളാൻ പറഞ്ഞു. "എന്റെ അഭിപ്രായം ലളിതമാണ്" സെൻ സ്ക്രോൾ -നോട് പറഞ്ഞു. "എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങളെയും കൊണ്ട് ഈ സമരത്തിന്റെ നടുക്ക് ചെന്നിരിക്കുന്നത് എന്ത് വികാരത്തിന്റെ പുറത്താണ്? നിങ്ങൾ എന്താണ് കാണിക്കാൻ ശ്രമിക്കുന്നത്? നിങ്ങളീ ചെയ്യുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 21, 45 ജീവിക്കാനുള്ള അവകാശം, വ്യക്തിസ്വാതന്ത്ര്യം എന്നിവയുടെ നഗ്നമായ ലംഘനമാണ്, അറിയുമോ?" ആറു വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികളെയും സംരക്ഷിക്കാന്‍ സ്റ്റേറ്റിന് ബാധ്യതയുണ്ടെന്നും അവൾ പറഞ്ഞു.

എന്നാൽ, സമരത്തിനെന്തിനാ കുഞ്ഞുങ്ങളെയും കൊണ്ട് വരുന്നത് എന്നുള്ള ചോദ്യം വരുന്നത് വല്ലാത്ത പ്രിവിലേജ്ഡ് ആയ അവസ്ഥയിൽ നിന്നാണ് എന്ന് ചിലരെങ്കിലും പറഞ്ഞു. കാരണം, സമരപ്പന്തൽ പോലെ ഉള്ള കലുഷിതമായ ഒരിടത്തേക്ക് ഒരമ്മ തന്റെ ആറുമാസം പ്രായമുള്ള കുഞ്ഞിനേയും കൊണ്ട് വരുന്നുണ്ട് എങ്കിൽ അവർക്ക് ആ കുഞ്ഞിനെ വിശ്വസിച്ചേൽപ്പിച്ച് പോരാൻ പറ്റാത്തതുകൊണ്ടാണ്. ആ വിഷയത്തിന് താൻ കൂടി സമരത്തിനിറങ്ങേണ്ടത്ര ഗൗരവം ഉണ്ടെന്ന് ആ അമ്മ കരുതുന്നതുകൊണ്ടാണ്. കുഞ്ഞിനെ ഡേകെയറിൽ വിടുക എന്നതൊക്കെ ഒരുപാട് പണച്ചെലവുള്ള കാര്യമായതുകൊണ്ട് സമരം ചെയ്യേണ്ട ഗതികേടുള്ളവർക്ക് പലർക്കും ആ തുക താങ്ങാനാകുന്നതുമാവില്ല.

താൻ ഈ സാഹചര്യത്തെ മനസ്സിലാക്കാതെ അല്ല പരാതിപ്പെട്ടത് എന്ന് സെൻ പറയുന്നുണ്ട്. സാഹചര്യങ്ങളുടെ പരിമിതി അമ്മമാർക്ക് സമരം ചെയ്യാനോ പ്രതിഷേധിക്കാനോ ഉള്ള അവകാശം നിഷേധിച്ചു കൂടാ എന്നതും ശരിതന്നെ. എന്നാൽ, അതേസമയം, എന്തൊക്കെ കാരണം പറഞ്ഞാലും നാലുമാസം പ്രായമുള്ള ഒരു കുഞ്ഞ് സമരപ്പന്തലിൽ വന്നിരുന്ന് തണുപ്പേറ്റ്‌ മരിച്ചു പോവുന്ന സാഹചര്യമുണ്ടെങ്കിൽ അത് ഒഴിവാക്കാൻ വേണ്ടത് ചെയ്യുക തന്നെ വേണം എന്നാണ് ഈ പെൺകുട്ടി പറയുന്നത്.

Next Story

RELATED STORIES

Share it